This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, വി.എം. (1896 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, വി.എം. (1896 - 1977)

പത്രാധിപരും എഴുത്തുകാരനും, വ്യവസായപ്രമുഖനും. മുഴുവന്‍ പേര് വടക്കേ മാധവന്‍നായര്‍. 1956 മുതല്‍ മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററായിരുന്നു.

Image:Nair V.M.png

ഗുരുവായൂരിനു സമീപം വടക്കേ കുടുംബത്തില്‍ 1896 ജൂണ്‍ 17-ന് ജനിച്ചു. കുന്നംകുളം, പാവറട്ടി എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1910-കളില്‍ നാട്ടിലെ ഹോംറൂള്‍ ശാഖയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1920-ല്‍ മുംബൈയിലെ വ്യാപാര കേന്ദ്രങ്ങളില്‍ ജോലിചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുംബൈ ലേഖകനായി പ്രവര്‍ത്തിച്ചു. മുംബൈ കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗമായിരുന്നു. 1927-ല്‍ കൊല്‍ക്കത്തയിലെ വാള്‍ഫോസ് ട്രാന്‍സ്പോര്‍ട്ടസ് എന്ന ഇംഗ്ലീഷ് കമ്പനിയുടെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കമ്പനിയുടെ ജനറല്‍ മാനേജറും ഡയറക്ടറുമായി. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങി ഒട്ടനവധി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.

1950-ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച് കേരളത്തില്‍ മടങ്ങിയെത്തി. 1951-ല്‍ മാതൃഭൂമി മാനേജിങ് എഡിറ്ററും 1956-ല്‍ മാതൃഭൂമി കമ്പനിയുടെ ഡയറക്ടറുമായി ചുമതലയേറ്റു. കേരളസര്‍ക്കാരിന്റെ ആസൂത്രണ കമ്മിറ്റി, പ്രസ്സ് അക്രഡിയേറ്റഷന്‍ കമ്മിറ്റി, സംസ്ഥാന സദാചാരസമിതി തുടങ്ങിയവയില്‍ അംഗമായിരുന്നു.

കവയിത്രിയായ നാലപ്പാട്ട് ബാലാമണിയമ്മ വി.എം. നായരുടെ പത്നിയാണ്. കഥാകൃത്തായ കമലാസുരയ്യ (മാധവിക്കുട്ടി) ഇവരുടെ പുത്രിയും. നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച കണ്ണുനീര്‍ത്തുള്ളി എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ, പത്രപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. 1977-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍