This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നായര്‍, പി.കെ.കെ. ഡോ. (1929 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നായര്‍, പി.കെ.കെ. ഡോ. (1929 - )
സസ്യശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. പൂര്‍ണനാമം പി.കൃഷ്ണന്‍കുട്ടിനായര്‍. 1929 ഫെ. 6-ന് ചങ്ങനാശ്ശേരിക്കടുത്തുള്ള പെരുന്നയില്‍ ജനിച്ചു. പിതാവ് പ്ളാപ്പറ പരമേശ്വരന്‍ പിള്ള, മാതാവ് മീനാക്ഷിയമ്മ. ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം അവിടത്തെ സെന്റ് ബര്‍ക്ക്മന്‍സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും ബി.എസ്സി. ബിരുദവും നേടിയശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം (1952) സമ്പാദിച്ചു. തുടര്‍ന്ന് ലക്നൌവിലെ ബീര്‍ബല്‍ സഹാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പാലിയോ ബോട്ടണി ഡയറക്ടറായ നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഒ.എ. ഹേഗിന്റെ കീഴില്‍ സസ്യങ്ങളുടെ പരാഗരേണുക്കളെക്കുറിച്ചുള്ള പഠനത്തില്‍ മുഴുകി. പിന്നീട് സി.എസ്.ഐ. ആറിന്റെ റിസര്‍ച്ച് അസിസ്റ്റന്റായി നിയമിതനായ ഇദ്ദേഹം 1958-ല്‍ ലക്നൌ സര്‍വകലാശാലയില്‍നിന്നും പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കി. ഇതേ വര്‍ഷം ലക്നൗ നാഷണല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ ജോലിയില്‍ പ്രവേശിച്ചു. ഇദ്ദേഹം അവിടെ പാലിനോളജി ഗവേഷണശാഖ രൂപപ്പെടുത്തി പരാഗസംബന്ധമായ ഗവേഷണങ്ങളില്‍ മുഴുകി. തുടര്‍ന്ന് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പരാഗങ്ങള്‍ ശേഖരിക്കുവാനുള്ള ഒരു ഉപകരണം ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തു. പിന്നീട് നടന്ന പഠനങ്ങളിലൂടെ ഏതുതരം പരാഗരേണുക്കളാണ് അന്തരീക്ഷത്തില്‍ വ്യാപകമായിട്ടുള്ളതെന്നും അലര്‍ജി രോഗങ്ങള്‍ക്കു നിദാനമാകുന്നവ ഏതെന്നും കണ്ടെത്തുകയുണ്ടായി. ലക്നൗ, അല്‍മോറാ, വെല്ലൂര്‍ എന്നിവിടങ്ങളിലെ അന്തരീക്ഷ പരാഗങ്ങളെക്കുറിച്ചും ഇദ്ദേഹം പഠനങ്ങള്‍ നടത്തുകയുണ്ടായി. തേനില്‍ കണ്ടുവരുന്ന പരാഗങ്ങളെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ തേന്‍ ശേഖരണത്തിനായി തേനീച്ചകള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള സസ്യങ്ങളെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങള്‍ നല്കി. സസ്യഫോസിലുകളെക്കുറിച്ചും അവയില്‍ അടങ്ങിയിരിക്കുന്ന പരാഗങ്ങളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തുകയുണ്ടായി.
കൃഷി സംബന്ധമായ ഗവേഷണങ്ങള്‍ക്ക് പരാഗപഠനം അനിവാര്യമാണെന്നു മനസ്സിലാക്കിയ ഇദ്ദേഹം 'അഗ്രിക്കള്‍ച്ചറല്‍ പാലിനോളജി' എന്നൊരു ശാഖയ്ക്കുതന്നെ രൂപം നല്കുകയുണ്ടായി.
120-ല്‍പ്പരം ഗവേഷണപ്രബന്ധങ്ങളും ആറ് ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പാലിനോളജിയുടെ സത്ത്, പാലിനോളജിയുടെ പുരോഗതി, പടിഞ്ഞാറന്‍ ഹിമാലയന്‍ സസ്യങ്ങളുടെ പരാഗരേണുക്കള്‍, ഗുപ്തബീജികളുടെ പരാഗരൂപതന്ത്രം, സസ്യഗവേഷണത്തിലെ വീക്ഷണങ്ങള്‍ (രണ്ടു ഭാഗം) എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
ഇന്ത്യന്‍ പാലിനോളജിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, സൊസൈറ്റി പ്രസിദ്ധീകരിച്ചിരുന്ന രണ്ടു ശാസ്ത്രമാസികകളുടെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂ ബൊട്ടാണിസ്റ്റ് എന്ന ജേര്‍ണലിന്റെ ചീഫ് എഡിറ്ററായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ഫെ. 28.-ന് സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷം ഒരു വര്‍ഷക്കാലം ലക്നൗവിലെ കോള്‍ സയന്‍സ് ഫൗണ്ടേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1991-ല്‍ തിരുവനന്തപുരത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എണ്‍വയോണ്‍മെന്റല്‍ റിസോഴ്സസ് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു. ഫൌണ്ടേഷന്‍ ഫോര്‍ ഫോറസ്ട്രി ആന്‍ഡ് ഇക്കോ ഡെവലപ്മെന്റിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.