This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാനാ പട്കര്‍ (1951 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:13, 11 ഡിസംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നാനാ പട്കര്‍ (1951 - )

ബോളിവുഡ് സിനിമാ നിര്‍മാതാവും അഭിനേതാവും. വിശ്വനാഥ് പട്കര്‍ എന്നാണ് യഥാര്‍ഥ നാമധേയം. 1951 ജനു. 1-ന് മഹാരാഷ്ട്രയിലെ മുരുദ്-ജാന്‍ചിറയില്‍ ജനിച്ചു. പിതാവ് ചിത്രകാരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, മുംബൈയിലെ സര്‍ ജെ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് ആര്‍ട്സില്‍നിന്നും ബിരുദം കരസ്ഥമാക്കി. പഠനകാലത്ത് തന്നെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട്, പ്രശസ്ത ബോളിവുഡ് നടി സ്മിതപാട്ടീലിന്റെ നിര്‍ബന്ധവും പ്രോത്സാഹനവുമാണ് ഇദ്ദേഹത്തെ ബോളിവുഡ് സിനിമയിലെത്തിക്കുന്നത്.

1978-ല്‍ പുറത്തിറങ്ങിയ ഗമന്‍ എന്ന ചിത്രത്തിലൂടെയാണ് നാനാപട്കര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മെഹ്റെ (1987), സലാം ബോംബെ (1988) തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 1989-ല്‍ പുറത്തിറങ്ങിയ പരീന എന്ന ചിത്രത്തില്‍ ഇദ്ദേഹം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ഏറെ ജനശ്രദ്ധ നേടുകയും ആ വര്‍ഷത്തെ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്തു. അങ്കാര്‍ (1992), അപരന്‍ (2005) എന്നീ ചിത്രങ്ങളിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച വില്ലന്‍ കഥാപാത്രങ്ങള്‍ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു.

1994-ല്‍ പുറത്തിറങ്ങിയ 'ക്രാന്തിവീര്‍' എന്ന ചിത്രത്തിലെ അഭിനയമാണ് നാനാപട്കറെ ഏറെ പ്രശസ്തനാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 94-ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡും ലഭിച്ചു. മികച്ച നടന്‍, സഹനടന്‍, വില്ലന്‍ കഥാപാത്രം എന്നീ ഇനങ്ങളിലെല്ലാം ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഒരേയൊരു അഭിനേതാവാണ് നാനാപട്കര്‍. ഇതുകൂടാതെ, അസ്തക് ചാപ്പന്‍ (2004)-ലെ അഭിനയത്തിന് ബി.എഫ്.ജെ.എ. (B.F.J.A)യുടെ മികച്ച നടനുള്ള അവാര്‍ഡും, അപരന്‍ (2005)-ലെ പ്രകടനത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള എ.ഐ.എഫ്.എ. (AIFA)-യുടെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇതിനകം അമ്പതിലധികം ബോളിവുഡ് ചിത്രങ്ങളില്‍ നാനാപട്കര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ക്രാന്തിവീറിനു പുറമേ, 'അഗ്നിസാക്ഷി' (1996), 'ഖാമോഷി; ദ് മ്യൂസിക്കല്‍' (1996), 'വുജുദ്' (1998), 'അപരന്‍' (2005), 'ദസ് കഹാനിയാം' (2007) തുടങ്ങിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

1991-ല്‍ പുറത്തിറങ്ങിയ 'പ്രഹര്‍; ദ് ഫൈനല്‍ അറ്റാക്ക്' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഇദ്ദേഹമാണ്. 'യശ്വന്ദ്' (1997), 'വുജുദ്' (1998), 'ആങ്ക്' (2003) എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം ഗാനാലാപനവും നടത്തി.

ബോളിവുഡ് കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. കൂടാതെ, രേഖാചിത്ര നിര്‍മാണത്തിലുള്ള ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം പലപ്പോഴും കുറ്റവാളികളെ കണ്ടുപിടിക്കുന്നതില്‍ മുംബൈ പൊലീസിന് സഹായകരമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍