This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാദിര്‍ഷാ (1688 - 1747)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാദിര്‍ഷാ (1688 - 1747)

ഇറാനിലെ ഭരണാധികാരി. അഫ്ഷര്‍ വംശ സ്ഥാപകനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം നാദിര്‍ ഖുലി ബേഗ് എന്നാണ്. ഇറാനിലെ സഫാവിദ് വംശത്തെ പുറത്താക്കിക്കൊണ്ട് അധികാരത്തിലേറിയ ഇദ്ദേഹത്തിന്റെ സാമ്രാജ്യം ഓക്സസ് മുതല്‍ സിന്ധുവരെ വ്യാപിച്ചിരുന്നു. ഇറാന്‍ കണ്ട ഏറ്റവും ധീരനായ യോദ്ധാവ് എന്ന നിലയിലാണ് ചരിത്രത്തില്‍ നാദിര്‍ഷാ സ്മരിക്കപ്പെടുന്നത്.

സഫാവിദ് രാജാക്കന്മാരോട് വിധേയത്വം പുലര്‍ത്തിയ അഫ്ഷര്‍ തുര്‍ക്കി ഗോത്രത്തിലായിരുന്നു നാദിര്‍ഖുലിയുടെ ജനനം (ഒ. 1688). ഒരു പ്രാദേശിക ഗോത്രത്തലവന്റെ കീഴില്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം 1720-കളില്‍ ഖുറാനിലെ ഒരു പ്രബല കൊള്ളസംഘത്തിന്റെ നേതാവായിത്തീര്‍ന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളും കൈയടക്കിവച്ചിരുന്ന അഫ്ഗാന്‍കാരെ തുരത്തിയതോടെ സഫാവിദ് രാജാവ് തഹ്മാസ്പിന്റെ വിശ്വസ്തനായി നാദിര്‍ഷാ മാറി. തഹ്മാസ്പിന്റെ സഹോദരിയുമായുള്ള വിവാഹബന്ധം ഇദ്ദേഹത്തിന് ഇറാനിയന്‍ സമൂഹത്തില്‍ സമുന്നത സ്ഥാനം നേടിക്കൊടുത്തു.

1732-ല്‍ നാദിര്‍ഖുലി തഹ്മാസിനു പകരം പുത്രനായ അബ്ബാസിനെ ഷാ ആയി വാഴിച്ചു. തന്റെ അസാന്നിധ്യത്തില്‍ ഓട്ടോമന്‍ തുര്‍ക്കികളുമായി ഏറ്റുമുട്ടി പരാജയപ്പെട്ട തഹ്മാസ്പിന്റെ നടപടിയാണ് അയാളെ നീക്കം ചെയ്യാന്‍ നാദിര്‍ഖുലിയെ പ്രേരിപ്പിച്ചത്. അബ്ബാസിനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ റീജന്റായി നാദിര്‍ഖുലി പ്രവര്‍ത്തിച്ചതോടെ സഫാവിദ് വംശത്തിന്റെ ഭരണം നാമമാത്രമായിത്തീര്‍ന്നു. 1736-ല്‍ നാദിര്‍ഖുലി അബ്ബാസിനെ സ്ഥാനഭ്രഷ്ടനാക്കുകയും നാദിര്‍ഷാ എന്ന പേരില്‍ അധികാരമേല്ക്കുകയും ചെയ്തു. ഓട്ടോമന്‍ തുര്‍ക്കികളില്‍ നിന്നും ബാഗ്ദാദ് പിടിച്ചെടുത്തത് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൈനികവിജയമായിരുന്നു. കാസ്പിയന്‍ പ്രവിശ്യയില്‍ നിന്നും 1733-35 ല്‍ റഷ്യ സ്വമേധയാ പിന്‍വാങ്ങിയത് നാദിര്‍ഷായുടെ കീഴില്‍ ഇറാന്‍ കൈവരിച്ച സൈനിക മികവിന് തെളിവാണ്. ബഹ്റിന്‍, ഒമാന്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തശേഷം ഇദ്ദേഹം 1793-ല്‍ ഇന്ത്യ ആക്രമിക്കുകയുണ്ടായി. കര്‍ണാലില്‍ വച്ച് മുഗള്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയ ശേഷം ഡല്‍ഹി കൊള്ളയടിച്ച ഇദ്ദേഹം മയൂര സിംഹാസനവും കോഹിനൂര്‍ രത്നവും കൈക്കലാക്കി. ഡല്‍ഹി പര്യടനവുമായി ബന്ധപ്പെട്ട് 20,000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുത്. ക്ഷയിച്ചുകൊണ്ടിരുന്നമുഗള്‍ സാമ്രാജ്യം നാദിര്‍ഷായുടെ ആക്രമണത്തോടെ കൂടുതല്‍ ദുര്‍ബലമാവുകയാണുണ്ടായത്. മുഗള്‍ ചക്രവര്‍ത്തിയുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം സിന്ധു നദിക്കു പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ നാദിര്‍ഷായ്ക്കു ലഭിച്ചു.

സമര്‍ഥനായ സൈനികനായിരുന്നെങ്കിലും ഭരണതന്ത്രജ്ഞനെന്ന നിലയില്‍ മികവ് പുലര്‍ത്താന്‍ നാദിര്‍ഷായ്ക്കു കഴിഞ്ഞില്ല എന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. ഷിയാ മതത്തോട് ആഭിമുഖ്യം പുലര്‍ത്തിയ ഇറാനിയന്‍ ജനതയ്ക്കുമേല്‍ സുന്നി വിശ്വാസം അടിച്ചേല്പിക്കാന്‍ ശ്രമിച്ചതും വന്‍സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഭാഗമായി അധികനികുതി ചുമത്തിയതും വികലമായ ഭരണനയത്തിന് തെളിവായിരുന്നു. 1741-ല്‍ നാദിര്‍ഷായ്ക്കെതിരെ നടന്ന വധശ്രമത്തില്‍ മൂത്ത പുത്രനും പങ്കുണ്ടെന്ന സംശയത്തില്‍ അയാളെ അന്ധനാക്കിയ പിതാവിന്റെ ക്രൂരതയും ജനങ്ങളില്‍ പ്രതിഷേധമുളവാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ നയങ്ങളില്‍ അസംതൃപ്തരായ മതനേതാക്കന്മാരും സൈനികരും ചേര്‍ന്ന് 1747-ല്‍ നാദിര്‍ഷായെ വധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍