This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഞ്ചിനാട് വെള്ളാള(ര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഞ്ചിനാട് വെള്ളാള(ര്‍)

കേരളത്തിലെ ഒരു ജാതി. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ഇവര്‍ പ്രധാനമായും അധിവസിക്കുന്നത്. തോവാള, അഗസ്തീശ്വരം താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന പഴയ നാഞ്ചിനാടായിരുന്നു പ്രധാന ആവാസകേന്ദ്രം. തമിഴ്നാട്ടിലെ പ്രബലജാതിയായ വെള്ളാളരുടെ ഉപവിഭാഗമാണിവര്‍. ആചാരരീതികള്‍ തമിഴ് വെള്ളാളരില്‍നിന്ന് വ്യാത്യാസപ്പെട്ടുതുടങ്ങിയതോടെ കേരളത്തിലെ പ്രത്യേകജാതിയായി പരിഗണിക്കപ്പെട്ടുതുടങ്ങി. വെള്ളാള എന്ന പേരുപേക്ഷിച്ച് പലരും നാഞ്ചിനാട് നായര്‍ എന്ന നാമം സ്വീകരിക്കുകയുണ്ടായി.

'വേള്‍'-കൃഷിയാളര്‍, കൃഷിക്കാര്‍ എന്നാണ് വെള്ളാള ശബ്ദത്തിന്റെ അര്‍ഥം. നഞ്ചില്‍ എന്നാല്‍ കലപ്പ, പയര്‍ എന്നീ അര്‍ഥങ്ങളുമുണ്ട്. എ.ഡി. 824-ലെ സിറിയന്‍ ക്രിസ്ത്യന്‍ ചെമ്പ് ലിഖിതപ്രകാരം നാല് വെള്ളാള കുടുംബങ്ങളെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് അധിവസിപ്പിച്ചതായി കാണുന്നു. നാഞ്ചിനാടിന്റെ അധികാരത്തെച്ചൊല്ലി തിരുവിതാംകൂര്‍ പാണ്ഡ്യരാജവംശങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഇവര്‍ തിരുവിതാംകൂറിനൊപ്പം നിന്നു. തുടര്‍ന്ന് തമിഴ് പാരമ്പര്യങ്ങള്‍ കൈയൊഴിയുകയും കേരള സംസ്കാരം സ്വാംശീകരിക്കുകയും ചെയ്തു.

ഭരണനിര്‍വഹണത്തിനും കണക്കുകള്‍ സൂക്ഷിക്കുന്നതിനും ഇവരുടെ വൈദഗ്ധ്യത്തെ വ്യാപകമായി ഉപയോഗിച്ചിരുന്നു. അങ്ങനെ കണക്കപ്പിള്ള എന്ന വിളിപ്പേരുകൂടി വന്നുചേര്‍ന്നു. ഗണിതം, വ്യവസായം തുടങ്ങിയ മേഖലകളിലും നിപുണരായിരുന്നു ഇവര്‍.

ഭാഷ വലിയതോതില്‍ മലയാളവുമായി മിശ്രിതമായിട്ടുണ്ട്. മാടനും, ഇശക്കിയും (യക്ഷി) മറ്റുമാണ് മുഖ്യആരാധാനാമൂര്‍ത്തികള്‍. തമിഴ്നാട്ടിലെ മറ്റു പല സമുദായങ്ങളുമെന്നപോലെ ഇവരും വില്ലടിച്ചാന്‍ പാട്ട് എന്ന അനുഷ്ഠാനകല നടത്തിവരുന്നു. അമ്മന്‍കൊടയാണ് പ്രധാന ഉത്സവം. തായ്പൊങ്കല്‍, ദീപാവലി, തൃക്കാര്‍ത്തിക, ഓണം, വിഷു എന്നിവയാണ് ഇവരുടെ ഇതര ആഘോഷങ്ങള്‍.

ശൈവരെന്നും അശൈവരെന്നുമുള്ള വിഭജനം ഇവര്‍ക്കിടയില്‍ നിലനില്ക്കുന്നു. ശൈവര്‍ ആദ്യകാലത്ത് മത്സ്യമാംസാദികള്‍ വര്‍ജിച്ചിരുന്നു. അശൈവര്‍ ശൈവഗൃഹങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിലും ശൈവര്‍ സ്വയം പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളു. ശൈവര്‍ അശൈവ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുരുന്നെങ്കിലും വിവാഹാനന്തരം ഗുരുക്കന്മാര്‍ ശൈവസ്തുതികള്‍ അഭ്യസിപ്പിക്കുകയും ബന്ധുക്കളുമൊന്നിച്ച് ഭക്ഷണം കഴിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍