This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാചന സോമനാഥ സോമന (1334 - 90)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാചന സോമനാഥ സോമന (1334 - 90)
തെലുഗു കവി. വിജയനഗര രാജാവായ ബുക്കരായയുടെ സദസ്യനായിരുന്നു ഇദ്ദേഹം. എര്‍റനയുടെ സമകാലീനനായിരുന്ന സോമനാഥ കവിത്രയങ്ങളില്‍ ഉന്നതനായി അറിയപ്പെടുന്നു. ഉത്തര ഹരിവംശമു, പൂര്‍വ ഹരിവംശമു, ഹരവിലാസമു, വസന്തവിലാസമു എന്നിവയാണ് ഇദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന കൃതികള്‍. ഇവയില്‍ ഉത്തര ഹരിവംശമു മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. ഹരിഹരനാഥനാണ് ഈ കൃതി സമര്‍പ്പിച്ചിരിക്കുന്നത്.
ഹരിവംശത്തിലെ ആറു സര്‍ഗങ്ങള്‍ക്കാണ് ഇദ്ദേഹം അനുവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. മൗലിക കൃതി എന്നു തോന്നത്തക്കവിധം പ്രശംസാവഹമാണ് രചനാരീതി. മൂലകൃതിയില്‍ നിന്നും പ്രസിദ്ധമായ കഥകള്‍ തിരഞ്ഞെടുത്തു വികസിപ്പിച്ചു എന്നു മാത്രമല്ല കൂടുതലായി ചിലതു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉഷാപരിണയം, നരകാസുരവധം തുടങ്ങിയ അനേകം പ്രസിദ്ധകഥകള്‍ ഇവയിലുള്‍പ്പെടുന്നു. ഉര്‍വശീനരകാസുരസംവാദം, ഉഷാനിരുദ്ധ പ്രേമകഥ എന്നിവയില്‍ ശൃംഗാരവും കൃഷ്ണനരകാസുരയുദ്ധത്തില്‍ ശൃംഗാര വീരരസങ്ങളും സമഞ്ജസമായി സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ സന്ദര്‍ഭ സൃഷ്ടിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നരകന്‍ ഉര്‍വശിയോടു പ്രേമാഭ്യര്‍ഥന നടത്തുമ്പോള്‍ നരകനില്‍ നിന്നും രക്ഷപ്പെടാന്‍ പറയുന്ന ഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്.
യുദ്ധവര്‍ണനയില്‍ തിക്കനയുടെ രീതി പിന്‍തുടരുകയാണ് നാചനസോമ ചെയ്തിരിക്കുന്നത്. കഥാഘടനയിലും വര്‍ണനകളിലും പൗരാണിക സമ്പ്രദായം ഉപേക്ഷിച്ച് പ്രബന്ധരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. അലങ്കാരങ്ങളും ദീര്‍ഘസമാസങ്ങളും നിറഞ്ഞതാണ് ഭാഷാരീതി. ആകര്‍ഷകമായ നിരവധി പഴഞ്ചൊല്ലുകളും ശൈലീവിശിഷ്ടമായ വാക്യങ്ങളും കൃതിയില്‍ ധാരാളമാണ്. രസസന്നിവേശത്തിന്റെ കാര്യത്തിലും എര്‍റനയ്ക്ക് സമനാണ് ഇദ്ദേഹം. കാവ്യഗുണത്തിന്റെ കാര്യത്തില്‍ എര്‍റ പ്രഗഡയുടെ കൃതികളെക്കാള്‍ മികച്ചതാണ് ഇദ്ദേഹത്തിന്റെ കൃതി എന്നാണ് പണ്ഡിതനായ വീരേശലിംഗത്തിന്റെ അഭിപ്രായം. കാവ്യഭംഗി, പാത്രാവതരണം, നാടകീയത, അവതരണം എന്നിവയിലും ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തിയിട്ടുള്ളത്.
നാചനസോമയുടെ കാവ്യകല, ഉയര്‍ന്ന പാണ്ഡിത്യം എന്നിവ അടിസ്ഥാനമാക്കി സര്‍വജ്ഞന്‍ എന്ന ബിരുദവും ഒരു ഗ്രാമവും നല്കി ബുക്കരാജ ഇദ്ദേഹത്തെ ആദരിച്ചതായി അടുത്തകാലത്ത് ലഭിച്ച ഒരു ചെമ്പു പട്ടയത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. സകല ഭാഷാഭൂഷണ്‍, സാഹിത്യരസപോഷണന്‍, സംവിധാനചക്രവര്‍ത്തി, നവീന ഗുണനാഥന്‍ എന്നീ ബിരുദങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.