This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗേശ്വരറാവു (1924 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗേശ്വരറാവു (1924 - )

ഫാല്‍ക്കെ പുരസ്കാരജേതാവായ തെലുഗു ചലച്ചിത്രനടന്‍. ഡോ. അക്കീനകി നാഗേശ്വരറാവു എന്നാണ് പൂര്‍ണനാമധേയം. എ.എന്‍.ആര്‍. എന്ന പേരില്‍ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നു.

Image:nageswara rao.png

1924 സെപ്. 20-ന് ആന്ധ്രാപ്രദേശിലെ വെങ്കട്ടരാഘവപുരത്ത് ജനിച്ചു. 1940-കളില്‍ത്തന്നെ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. കാളിദാസന്‍, ജയദേവന്‍, ദേവദാസ്, തെന്നാലിരാമന്‍ തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് മറാഠിയിലേയ്ക്കും ബംഗാളിയിലേക്കുമെല്ലാം വ്യാപിച്ചു. അവിടെയെല്ലാം പ്രദര്‍ശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ദേവദാസു, ജയദേവ, മഹാകവി കാളിദാസ്, ശാന്തി നിവാസം, പ്രേമാഭിഷേകം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഇതില്‍ 'പ്രേമാഭിഷേകം' തുടര്‍ച്ചയായി 500 ദിവസത്തോളം ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആന്ധ്രാപ്രദേശില്‍ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളര്‍ത്തുന്നതില്‍ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളില്‍ മദിരാശിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യന്‍ ചലച്ചിത്രനിര്‍മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു. ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂര്‍ണ സ്റ്റുഡിയോ നിര്‍മിച്ചത് ഇദ്ദേഹമാണ്. തുടര്‍ന്നാണ് തെലുഗുഭാഷയില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. 1963-ല്‍ തെലുഗു ഭാഷാചിത്രങ്ങളുടെ നിര്‍മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസര്‍ക്കാരിന് സമര്‍പ്പിച്ചു.

Image:nageshwara-rao-2.png

ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ട ഇദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തില്‍ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളുംതേടിയെത്തിയിട്ടുണ്ട്. 1990-ല്‍ ചലച്ചിത്രത്തിനുള്ള സമഗ്രസംഭാവനയെ മുന്‍നിര്‍ത്തി, ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചു. പദ്മഭൂഷനും പദ്മശ്രീയും നല്കി കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ആന്ധ്രാസര്‍ക്കാരിന്റെ രഘുപതി വെങ്കയ്യ അവാര്‍ഡ് (1990), തമിഴ്നാട് സര്‍ക്കാരിന്റെ അണ്ണാ അവാര്‍ഡ് (1995), മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ പുരസ്കാരം (1996) തുടങ്ങിയവയും   ഇദ്ദേഹത്തിന് ലഭിച്ചു. ആന്ധ്രാസര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്; അക്കീനെനി നാഗേശ്വരറാവു അവാര്‍ഡ്.

ആന്ധ്രാ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഉപദേഷ്ടാവാണിപ്പോള്‍ (2009). പ്രശസ്ത നടന്‍ നാഗാര്‍ജുന ഇദ്ദേഹത്തിന്റെ മകനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍