This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേന്ദ്രനാഥ്, പി. (1934 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരേന്ദ്രനാഥ്, പി. (1934 - 91)

മലയാള സാഹിത്യകാരന്‍. 1934 ആഗ. 18-ന് ചെര്‍പ്പുളശ്ശേരിയിലെ നെല്ലായിയില്‍ ജനിച്ചു. പിതാവ് മാലപ്പിള്ളി കേശവന്‍ നമ്പൂതിരി. മാതാവ് പൂമരത്തില്‍ കുഞ്ഞിക്കുട്ടി കോവിലമ്മ. തൃശൂരിലായിരുന്നു വിദ്യാഭ്യാസം. മികച്ച വിദ്യാര്‍ഥിയായിരുന്നിട്ടും കലാശാലാ പഠനത്തിന് സാമ്പത്തികബുദ്ധിമുട്ട് തടസ്സമായി. പഠനം മുടങ്ങി. 1953-ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ കൊച്ചിന്‍ കമേഴ്സ്യല്‍ ബാങ്കില്‍ ചെറിയ ജോലി കിട്ടി. 1963-ല്‍ കാനറാ ബാങ്കില്‍ മികച്ച ജോലി ലഭിക്കുന്നതിനിടെ സ്വപ്രയത്നത്താല്‍ ബാങ്കിങ്ങിലും ധനതത്ത്വശാസ്ത്രത്തിലും ബിരുദം നേടുകയുണ്ടായി. കാനറാ ബാങ്കില്‍നിന്നും ഏരിയാ മാനേജരായാണ് വിരമിച്ചത്.

ബാലസാഹിത്യം, നോവല്‍, നാടകം എന്നീ മേഖലകളിലായി നിരവധി കൃതികള്‍ രചിച്ചു. ബാലസാഹിത്യത്തിലാണ് ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുഞ്ഞിക്കൂനന്‍, മനസറിയും യന്ത്രം, അമ്മയുടെ ഉമ്മ, മൂത്തച്ഛന്റെ പിശുക്ക്, പാക്കനാരുടെ മകന്‍, പങ്ങുണ്ണി, കുഞ്ഞുണ്ണിയും കൂട്ടുകാരും, കുറുമ്പന്‍ കുഞ്ഞുണ്ണി, മണ്ടന്‍ കുഞ്ചു, മുത്തുമണികള്‍, പറയിപെറ്റ പന്തിരുകുലം, കൊച്ചുനീലാണ്ടന്‍, ഇത്തിരിക്കുഞ്ഞന്‍, നമ്പൂര്യച്ചനും മന്ത്രവും, വികൃതിരാമന്‍, അന്ധഗായകന്‍ എന്നിവയാണ് പ്രധാന ബാലസാഹിത്യ കൃതികള്‍.

കുഞ്ഞിക്കൂനന്‍ ഒരു തലമുറയെ ശക്തമായി സ്വാധീനിച്ച ബാലസാഹിത്യകൃതിയാണ്. മലയാള ബാലസാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായ ആ കൃതി ഇന്നും പല മട്ടില്‍ പുതുതലമുറയിലേക്കെത്തുന്നുണ്ട്. 2008-ല്‍ ദൂരദര്‍ശന്‍ ഇത് പരമ്പരയായി അവതരിപ്പിച്ചു. നാടോടിക്കഥകളുടെ ശൈലി സ്വാംശീകരിച്ചെഴുതിയ വികൃതി രാമന്‍ എന്ന ആദ്യ കൃതി ഇന്നും ശ്രദ്ധേയമാണ്. പറയിപെറ്റ പന്തിരുകുലം പലരും പുനരാഖ്യാനം ചെയ്തിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ രചനയാണ് അനശ്വരമായി തുടരുന്നത്. അതിന് പുരോഗമനപരമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

കുട്ടികളുടെ ഭാവന ഉണര്‍ത്തുക, അവരില്‍ ആരോഗ്യകരമായ ആശയങ്ങള്‍ വളര്‍ത്തുക എന്നിവ ലക്ഷ്യമാക്കിയുള്ളവയാണ് ബാലസാഹിത്യകൃതികള്‍. അത്യന്തം ലളിതമായ ശൈലിയില്‍ കഥ പറയാനുള്ള നരേന്ദ്രനാഥിന്റെ കഴിവ് സവിശേഷമാണ്. ബാലസാഹിത്യ കൃതികള്‍ക്ക് പുറമേ തണ്ണീര്‍പ്പന്തല്‍, ധര്‍മയുദ്ധം, സുഖം സമം ദുഃഖം, എണ്ണ ഒഴിച്ചു തിരി അണഞ്ഞു, നുറുങ്ങു ശൃംഖലകള്‍ എന്നീ നാടകങ്ങളും മേഘം തുടങ്ങി മൂന്നു നോവലുകളും രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമിയുടെയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെയും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1991 ന. 3-ന് നരേന്ദ്രനാഥ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍