This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരിമാന്‍, കെ.എഫ്. (1883 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരിമാന്‍, കെ.എഫ്. (1883 - 1948)

ഇന്ത്യന്‍ നിയമപണ്ഡിതനും രാഷ്ട്രീയ നേതാവും. ബോംബെയിലെ ഒരു മധ്യവര്‍ഗ പാര്‍സി കുടുംബത്തില്‍ 1883 മേയ് 17-നായിരുന്നു ജനനം. ബോംബെ ലോ കോളജില്‍ നിന്നും നിയമബിരുദമെടുത്തു. ഹ്രസ്വകാലത്തിനുള്ളില്‍ത്തന്നെ ബോംബെയില്‍ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനായി മാറി.

1924-ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സ്വരാജ് കക്ഷിനേതാവ് എന്ന നിലയിലാണ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചത്. 1928-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന നരിമാന്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിയമനിഷേധ പ്രസ്ഥാനത്തില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. ബോംബെയില്‍ ഉപ്പുനിയമം ആദ്യമായി ലംഘിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന് ജയില്‍ശിഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

1935-36 കാലഘട്ടത്തില്‍ ബോംബെ മേയറായി തെരഞ്ഞെടുക്കപ്പെട്ട നരിമാന്‍ നഗരത്തിന്റെ സമഗ്രവികസനത്തില്‍ പ്രധാന പങ്ക് വഹിക്കുകയുണ്ടായി. മുംബൈ തീരത്തോടു ചേര്‍ന്നുകിടന്ന ആഴംകുറഞ്ഞ കടല്‍ നികത്തി നഗരവികസനത്തിനായി ഉപയോഗിക്കണമെന്ന ഇദ്ദേഹത്തിന്റെ ആശയം യാഥാര്‍ഥ്യമായതാണ് ഇപ്പോഴത്തെ നരിമാന്‍ പോയിന്റ് (Nariman Point). ദക്ഷിണ മുംബൈയിലെ ഏറ്റവും വലിയ വാണിജ്യ-വ്യാപാര സിരാകേന്ദ്രമാണ് ഇന്ന് നരിമാന്‍ പോയിന്റ്.

1930-കളുടെ ഒടുവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി അഭിപ്രായഭിന്നതകള്‍ ഉടലെടുത്തത് കോണ്‍ഗ്രസ്സില്‍ നിന്നും അകലാന്‍ നരിമാനെ പ്രേരിപ്പിച്ചു. തനിക്കു പകരം ബി.ജി. ഖേറിനെ ബോംബെ മുഖ്യമന്ത്രിയാക്കിയ പട്ടേലിന്റെ നടപടിയാണ് അഭിപ്രായഭിന്നതയ്ക്കു കാരണമായതെന്നു കരുതപ്പെടുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന ഇദ്ദേഹം തുടര്‍ന്ന് നിയമരംഗത്താണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1938-ല്‍ എ. നാരായണപ്പിള്ളയ്ക്കു (തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ്) വേണ്ടി വാദിക്കാന്‍ നരിമാന്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ഇദ്ദേഹം കോടതിയില്‍ ഹാജരാകുന്നതിനെ സര്‍ സി.പി. രാമസ്വാമി അയ്യര്‍ വിലക്കുകയുണ്ടായി. 1945-ല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഓഫീസര്‍മാരെ വിചാരണ ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ച സാഹചര്യത്തില്‍ അവര്‍ക്കു വേണ്ടി വാദിക്കാന്‍ തയ്യാറായ പ്രമുഖ അഭിഭാഷകരില്‍ ഒരാളായിരുന്നു നരിമാന്‍.

ഒരു നല്ല വായനക്കാരനായിരുന്ന നരിമാന്‍, വിദര്‍ കോണ്‍ഗ്രസ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

1948-ല്‍ നരിമാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍