This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരസിംഹറാവു, പി.വി. (1921 - 2004)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നരസിംഹറാവു, പി.വി. (1921 - 2004)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി. ആന്ധ്രാരാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനം ചെലുത്തിയ നരസിംഹറാവു 1991-96 കാലയളവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു. ഇന്ത്യ ഒരു വന്‍സാമ്പത്തികശക്തിയായി മാറുവാന്‍ ഇടയാക്കിയ സാമ്പത്തികനയങ്ങള്‍ക്കു തുടക്കം കുറിച്ച ഇദ്ദേഹത്തെ 'ആധുനിക ഇന്ത്യന്‍ സാമ്പത്തിക പരിഷ്കരണങ്ങളുടെ പിതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
ആന്ധ്രപ്രദേശിലെ കരിംനഗര്‍ ജില്ലയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1921 ജൂണ്‍ 28-നായിരുന്നു ജനനം. ഓസ്മാനിയ, ബോംബെ, നാഗ്പൂര്‍ എന്നീ സര്‍വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റാവു ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി.
'വന്ദേമാതരം' ആലപിക്കുന്നത് നിരോധിച്ച നൈസാം ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു റാവു സ്വാതന്ത്ര്യസമരരംഗത്തേക്ക് കടന്നുവന്നത് (1938). അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി.
1955-ല്‍ മന്താനി നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ആന്ധ്രപ്രദേശ് നിയമസഭയിലെത്തി. 1956-ല്‍ ആന്ധ്രാകോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. മന്താനിയില്നിന്ന് ഏഴു വര്‍ഷം നിയമസഭാംഗമായിരുന്ന റാവു 1962-ല്‍ സഞ്ജീവറെഡ്ഡി മന്ത്രിസഭയില്‍ നിയമ-വാര്‍ത്താവിതരണ വകുപ്പുമന്ത്രിയായി. ബ്രഹ്മാനന്ദ റെഡ്ഡി മന്ത്രിസഭയിലും അംഗമായിരുന്ന റാവു 1971 സെപ്. 30-ന് ആന്ധ്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി റാവുവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്സെക്രട്ടറിയാക്കിയതോടെ ഇദ്ദേഹം ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെട്ടു. 1980-ല്‍ ആന്ധ്രയിലെ ഹനുകൊണ്ടയില് നിന്ന് റാവു ലോക്സഭയിലെത്തി. പാണ്ഡിത്യവും പൊതുപ്രവര്‍ത്തനപാരമ്പര്യവും ഉണ്ടായിരുന്ന റാവുവിന് ഇന്ദിര വിദേശവകുപ്പിന്റെ ചുമതലനല്‍കി (1980-84) (നാലു വിദേശ ഭാഷകള്‍ക്കുപുറമേ, പത്ത് ഇന്ത്യന്‍ ഭാഷകളും ഇദ്ദേഹത്തിനു വശമായിരുന്നു). ഇന്ദിരാഗാന്ധിയുടെ മരണത്തിന് മൂന്നുമാസം മുമ്പ് ഇദ്ദേഹം ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റു. രാജീവ്ഗാന്ധി മന്ത്രിസഭയില്‍ ആദ്യം പ്രതിരോധമന്ത്രിയായിരുന്ന റാവു (1984-85) പിന്നീട് മാനവശേഷി, കുടുംബക്ഷേമം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
1991-ല്‍ രാഷ്ട്രീയ ജീവിതം മതിയാക്കി വിശ്രമജീവിതം നയിക്കുവാനായി ആന്ധ്രയിലേക്കു മടങ്ങവേയാണ് കോണ്‍ഗ്രസ്സിനെ നയിക്കുവാനുള്ള നിയോഗം നരസിംഹറാവുവിനെ തേടിയെത്തുന്നത്; രാജീവിന്റെ വധത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍ ഏവര്‍ക്കും സ്വീകാര്യനായ കോണ്‍ഗ്രസ് പ്രസിഡന്റായി കോണ്ഗ്രസ്സുകാര് ഇദ്ദേഹത്തെയാണ് തെരഞ്ഞെടുത്തത്. 1991-ലെ ദേശീയ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട റാവു ഇന്ത്യയുടെ 9-ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഹ്രസ്വമായ ഇടവേള ഒഴിച്ചാല്‍ ആദ്യമായിട്ടായിരുന്നു നെഹ്റു കുടുംബത്തിന്റെ പുറത്തുനിന്നൊരാള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രധാനമന്ത്രിപദം നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്നു റാവു.
ഇന്ത്യയുടെ സമ്പദ്രംഗത്തെ അടിമുടി മാറ്റിമറിച്ച സാമ്പത്തിക പരിഷ്കരണത്തിന് തുടക്കമിട്ടത് റാവു ആയിരുന്നു. സാമ്പത്തിക കാര്യവിദഗ്ദനായ ഡോ. മന്‍മോഹന്‍സിങ്ങിനെ റാവു ധനകാര്യമന്ത്രിയാക്കിക്കൊണ്ട് അദ്ദേഹത്തിന് പൂര്‍ണസ്വാതന്ത്യ്രവും പിന്തുണയും നല്കി. 1991-ല്‍ റാവു അധികാരമേല്‍ക്കുമ്പോള്‍ രാജ്യം വന്‍സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കരുതല്‍ സ്വര്‍ണം പണയം വയ്ക്കേണ്ടിവന്ന പാപ്പരത്തവും, ലോകബാങ്കിന്റെ ശക്തമായ പ്രേരണയും, മന്‍മോഹന്‍സിങ്ങിന്റെ ദൂരക്കാഴ്ചയും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പുതിയ പരിഷ്കാരം ഏര്‍പ്പെടുത്താന്‍ റാവുവിനെ പ്രേരിപ്പിച്ചു. അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന സോഷ്യലിസ്റ്റ് ചട്ടക്കൂട് സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാണെന്ന് മനസ്സിലാക്കിയ റാവു ഉദാരവത്കരണനയം നടപ്പിലാക്കാന്‍ തയ്യാറായി. ലൈസന്‍സ് രാജ് റദ്ദാക്കിയ ഗവണ്മെന്റ് സ്വകാര്യ നിക്ഷേപത്തെയും സ്വകാര്യവത്കരണത്തെയും പ്രോത്സാഹിപ്പിച്ചു. വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്തതിലൂടെ ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് രാജ്യാന്തര മത്സരക്ഷമത കൈവരിക്കുവാന്‍ സാധിച്ചു. ഈ നടപടികളുടെ ഫലമായി സമ്പദ്ഘടനയില്‍ സുസ്ഥിരവും ഗണ്യവുമായ വളര്‍ച്ചയുണ്ടായെങ്കിലും തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ വിസ്മരിച്ചുവെന്നും, വിദേശകുത്തകകളെ പ്രോത്സാഹിപ്പിച്ചുവെന്നും റാവുവിനെതിരെ ഇടതുപാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടായി.
വിദേശകാര്യമന്ത്രി എന്ന നിലയിലും ചരിത്രത്തില്‍ നരസിംഹറാവുവിന് ഗണ്യമായ സ്ഥാനമാണുള്ളത്. എതിര്‍പ്പുകളെ അവഗണിച്ച് ഇസ്രയേലിനെ അംഗീകരിച്ചതും അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയതും വിദേശനയത്തിലെ പ്രധാന വഴിത്തിരിവുകളായിരുന്നു. പഞ്ചാബ് പ്രശ്നത്തിന് പരിഹാരം കണ്ടതായിരുന്നു റാവുവിന്റെ മറ്റൊരു നേട്ടം; പഞ്ചാബില്‍ പൊലീസ് മേധാവി കെ.പി.എസ്. ഗില്ലിന് തീവ്രവാദം അടിച്ചമര്‍ത്താന്‍ എല്ലാ സ്വാതന്ത്ര്യവും ഇദ്ദേഹം നല്കി. മാത്രമല്ല, പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടത്തിയതിലൂടെ ജനാധിപത്യപ്രക്രിയ പുനഃസ്ഥാപിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
രാഷ്ട്രീയ ജീവിതത്തില്‍ പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും റാവു ഏറ്റുവാങ്ങി. ഇന്ദിരയുടെ വധത്തെത്തുടര്‍ന്ന് സിക്കുകാര്‍ക്കെതിരെ നടന്ന വംശഹത്യ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഇദ്ദേഹം വരുത്തിയ വീഴ്ചയ്ക്കു സാക്ഷ്യപത്രമായി നിലകൊണ്ടു. രാജ്യത്തിന്റെ മതേതരത്വത്തിന് കാര്യമായ മങ്ങലേല്പിച്ചുകൊണ്ട് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത് (1992 ഡി. 6) റാവുവിന്റെ ഭരണകാലത്താണ്. പള്ളി പൊളിക്കുന്നത് തടയുന്നതില്‍ ഇദ്ദേഹം പ്രകടിപ്പിച്ച നിസ്സംഗത മൃദുഹിന്ദുത്വമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കാന്‍ പരിശ്രമിച്ച റാവു ക്രിമിനല്‍ കേസില്‍പ്പെടുന്ന ആദ്യത്തെ മുന്‍ പ്രധാനമന്ത്രിയാണ്. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ ആഗോള സമ്പദ്വ്യവസ്ഥയുമായി മത്സരിക്കാന്‍ പ്രാപ്തമാക്കിയ റാവുവിന്റെ ഭരണത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം അരങ്ങേറി-ഹര്‍ഷദ്മേത്ത നായകത്വം വഹിച്ച ഓഹരി കുംഭകോണം. ലഖുഭായ് വഞ്ചനകേസ്, സെന്റ് കിറ്റ്സ് കേസ്, ജെ.എം.എം. കോഴക്കേസ്, യൂറിയകുംഭകോണം തുടങ്ങി ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ നിരവധിയായിരുന്നു. സുപ്രീംകോടതി പിന്നീട് എല്ലാ കേസുകളില്‍നിന്നും ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് സാരമായ മങ്ങലേല്ക്കുകയുണ്ടായി.
ആദര്‍ശവാദിയായ രാഷ്ട്രീയക്കാരന് എന്നതിനെക്കാളുപരി പ്രായോഗിക രാഷ്ട്രീയക്കാരന് എന്ന നിലയിലായിരിക്കും ചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം. പാര്‍ട്ടി ഉള്‍പ്പോരുകളെയും അഴിമതി ആരോപണങ്ങളെയും അതിജീവിക്കാന്‍ 'ആധുനിക ചാണക്യന്' എന്നു വിശേഷിപ്പിക്കപ്പെട്ട നരസിംഹറാവുവിന് കഴിഞ്ഞെങ്കിലും 1996-ലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയായി. അധികാരം നഷ്ടമായശേഷം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ദുരവസ്ഥയും ഇദ്ദേഹത്തിനുണ്ടായി.
രാഷ്ട്രീയത്തോട് വിടപറഞ്ഞ ഇദ്ദേഹം തന്റെ അവസാനനാളുകളില്‍ സാഹിത്യരചനകളില്‍ മുഴുകി. പ്രധാനമന്ത്രിയാകുന്നതുവരെ സാഹിത്യത്തിനുള്ള ജ്ഞാനപീഠം പുരസ്കാരം തീരുമാനിക്കുന്നതിനുള്ള ജൂറിയുടെ ചെയര്‍മാനായിരുന്നു റാവു.
വിശ്വനാഥസത്യനാരായണയുടെ പ്രശസ്തനോവലായ വെയി പദഗുവലു തെലുഗുവില്നിന്നു ഹിന്ദിയിലേക്കും, ഹരിനാരായണ്‍ ആപ്തെയുടെ നോവലായ പാന്‍ ലക്ഷത് കോന്‍ ഘെടോ മറാഠിയില്‍നിന്നു തെലുഗുവിലേക്കും മൊഴിമാറ്റം നടത്തി.
ഇന്ത്യയില്‍ ആദ്യമായി നോവലെഴുതിയ പ്രധാനമന്ത്രിയെന്ന ബഹുമതിയും റാവുവിന് സ്വന്തം. ഇന്‍സൈഡര്‍ എന്നത് ഇദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നോവലാണ്.
2004 ഡി. 23-ന് നരസിംഹറാവു ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.
(എസ്.വി. ജോണ്‍)