This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയ്യാര്‍, ദീപക് (1946 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നയ്യാര്‍, ദീപക് (1946 - )

സാമ്പത്തിക ശാസ്ത്രജ്ഞന്‍. 1946 സെപ്. 26-ന് പട്യാലയില്‍ ജനിച്ചു. പിതാവ് സോഹന്‍ലാല്‍ നയ്യാര്‍. മാതാവ് വിദ്യാനയ്യാര്‍. ഡല്‍ഹി സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായിരുന്ന നയ്യാര്‍, ഇപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു.

ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. റോഡെസ് (Rhodes) സ്കോളര്‍ഷിപ്പിന് അര്‍ഹനായതിനെത്തുടര്‍ന്ന് ഓക്സ്ഫഡ്സര്‍വകലാശാലയിലെ ബല്ലിയോല്‍ (Balliol) കോളജില്‍ പ്രവേശനം ലഭിച്ചു. തുടര്‍ന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബി.എല്‍., ഡി.ഫില്‍ ബിരുദങ്ങള്‍ നേടി.

അമേരിക്കയിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കൌണ്‍സിലിന്റെ 2001-2007 കാലയളവിലെ ഡയറക്ടര്‍ബോര്‍ഡംഗം, 2004-2007-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയ്ക്കു കീഴിലുള്ള എലിസബത്ത് ഹൌസിലെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ ഉപദേശകസമിതിയുടെ ചെയര്‍മാന്‍, ഇന്ത്യന്‍ എക്കണോമിക്സ് അസോസിയേഷന്‍ പ്രസിഡന്റ്, ഓക്സ്ഫഡ് ബല്ലിയോല്‍ (Balliol) കോളജില്‍ ഓണററി ഫെലൊ, ഹെല്‍സിങ്കിയിലെ (Helsinki) വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവര്‍ണന്‍സ് ചെയര്‍മാന്‍, പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ് എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പ്രസാധകരായ സമീക്ഷ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എസ്.എ.ഐ.എല്‍. (SAIL) എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി കമ്മീഷനുകളിലും കമ്മിറ്റികളിലും ബോര്‍ഡുകളിലും അംഗമായിരുന്നിട്ടുണ്ട്. ഇന്ത്യയിലെ നാഷണല്‍ നോളജ് കമ്മീഷന്‍ അംഗമായിരുന്നു. വേള്‍ഡ് കമ്മീഷന്‍ ഓണ്‍ ദി സോഷ്യല്‍ ഡൈമന്‍ഷന്‍സ് അംഗം, സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗം, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഒഫ് ഇന്ത്യ, മാരുതി ഉദ്യോഗ് എന്നീ സ്ഥാപനങ്ങളുടെ ഭരണ-ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇന്റര്‍നാഷണല്‍ എക്കണോമിക്സ്, മാക്രോ എക്കണോമിക്സ്, ഡെവലപ്മെന്റ് എക്കണോമിക്സ് തുടങ്ങിയ പഠന ശാഖകളില്‍ നിരവധി പ്രമുഖ ഗവേഷണ പഠനങ്ങള്‍ ദീപക് നയ്യാര്‍ രചിച്ചിട്ടുണ്ട്. വാണിജ്യനയം, വ്യാവസായിക അടവുനയവും സമീപനങ്ങളും, ഘടനാപരമായ മാറ്റങ്ങള്‍, സാമ്പത്തിക ഉദാരീകരണം, വാണിജ്യസിദ്ധാന്തം തുടങ്ങിയ വിഷയങ്ങളില്‍ പഠനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ രചനകളും നിര്‍വഹിച്ചിട്ടുണ്ട്. ആഗോളവത്കരണവും വികസനവുമായി ബന്ധപ്പെട്ടതാണ് നയ്യാറുടെ സമകാലിക ഗവേഷണ പഠനങ്ങള്‍. സാമ്പത്തിക ശാസ്ത്രത്തിലെ സംഭാവനകള്‍ക്ക് വി.കെ.ആര്‍.വി. റാവു അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.

ഇന്ത്യാസ് എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഇംപോര്‍ട്ട് പോളിസീസ്, മൈഗ്രേഷന്‍, റമിറ്റന്‍സസ് ആന്‍ഡ് ക്യാപ്പിറ്റല്‍ ഫ്ളോസ്, ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍, സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്, മാക്രോ ഇക്കണോമിക്സ്, ലിബറലൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, ട്രേഡ് ആന്‍ഡ് ഗ്ളോബലൈസേഷന്‍എന്നിവയാണ് പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍