This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നബക്കോഫ്, വ്ളാദിമിര്‍ (1899 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നബക്കോഫ്, വ്ളാദിമിര്‍ (1899 - 1977)

Nabokov,Vladimir

റഷ്യന്‍ നോവലിസ്റ്റ്. സെന്റ് പീറ്റേഴ്ബര്‍ഗിലെ ഒരു പ്രഭുകുടുംബത്തില്‍ 1899-ല്‍ ജനിച്ചു. പിതാവായ വ്ളാദിമിര്‍ ദിമിത്രിയെവിച്ച് നബക്കോഫ് രാഷ്ട്രീയ പ്രവര്‍ത്തകനും നിയമജ്ഞനും പത്രപ്രവര്‍ത്തകനുമായിരുന്നു. വീട്ടില്‍ റഷ്യന്‍ ഭാഷയും ഇംഗ്ലീഷും സംസാരിച്ചിരുന്ന നബക്കോഫ് ഫ്രഞ്ചിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഏറ്റവും മികച്ച സ്കൂളായ തെനിഷേവിലായിരുന്നു വിദ്യാഭ്യാസം. റഷ്യന്‍ വിപ്ളവകാലത്ത് പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കുടുംബം ബര്‍ലിനിലേക്കു കുടിയേറി. തുടര്‍ന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠനം തുടരുകയും 1923-ല്‍ ബിരുദം നേടുകയും ചെയ്തു.

ബര്‍ലിനില്‍ പതിനഞ്ചു വര്‍ഷക്കാലം താമസിച്ച നബക്കോഫ് പരിഭാഷകനായും അധ്യാപകനായും ടെന്നീസ് പരിശീലകനായും സേവനമനുഷ്ഠിച്ചു. അവിടത്തെ റഷ്യന്‍ സമൂഹത്തില്‍ മികച്ച സാഹിത്യകാരനായി അംഗീകാരം നേടി. ഇദ്ദേഹത്തിന്റെ ആരാധകരില്‍ അധികവും റഷ്യന്‍ കുടിയേറ്റക്കാരായിരുന്നു. മുന്‍ സോവിയറ്റ് യൂണിയനില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ നിരോധിക്കപ്പെട്ടു. ആദ്യകാലകൃതികളില്‍ മരണവും നിരാശാബോധവുമാണ് നിഴലിച്ചിരുന്നത്. പില്ക്കാലത്ത് കൃതികളിലെ പ്രമേയങ്ങള്‍ കുറേക്കൂടി സങ്കീര്‍ണ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായി.

മികച്ച ചെസ് കളിക്കാരനായിരുന്ന ഇദ്ദേഹം 1930-ല്‍ പ്രസിദ്ധീകരിച്ച ദ് ഡിഫന്‍സ് എന്ന കൃതിയില്‍ ഒരു ഗ്രാന്‍ഡ് മാസ്റ്ററുടെ നിലയിലാണ് അനുവാചകരെ സമീപിക്കുന്നത്. ഹെയ്ന്‍ഡിന്റെ ഗാനങ്ങള്‍ പരിഭാഷപ്പെടുത്തി ഇക്കാലത്ത് ഇദ്ദേഹം ജനശ്രദ്ധ നേടി. ആദ്യത്തെ നോവലായ മഷെങ്ക (1926) റഷ്യയിലാണ് പ്രസിദ്ധീകരിച്ചത്. ആദ്യകാലത്തെ ഒന്‍പതു നോവലുകളില്‍ വ്ളാദിമിര്‍ സിറിന്‍ എന്ന തൂലികാനാമമാണ് ഉപയോഗിച്ചിരുന്നത്. 1937-ല്‍ പ്രസിദ്ധീകരിച്ച ദ് ഗിഫ്റ്റ് എന്ന നോവല്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യയുടെ ചരിത്രം വിശകലനം ചെയ്യുന്നു. ഇന്‍വിറ്റേഷന്‍ ടു എ ബിഹെഡിങ് (1938) എന്ന കൃതി ഒരു രാഷ്ട്രീയ ഫാന്റസിയാണ്. 1937-ല്‍ പിതാവിന്റെ കൊലപാതകിയെ ഹിറ്റ്ലര്‍ മോചിപ്പിക്കുമ്പോള്‍ നബക്കോഫ് പാരിസിലേക്ക് താമസം മാറ്റി. ഇവിടെവച്ച് ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്സുമായി സൌഹൃദത്തിലായി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയിലേക്ക് താമസം മാറ്റിയ ഇദ്ദേഹം വെല്ലെസ്ലി കോളജിലും കോര്‍ണെല്‍ യൂണിവേഴ്സിറ്റിയിലും അധ്യാപനം നടത്തി. ഫ്ളാബേര്‍, ജോയ്സ്, തര്‍ജനിഫ്, ദസ്തയവ്സ്കി തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള നബക്കോഫിന്റെ പ്രഭാഷണങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. അതോടൊപ്പം തന്നെ എന്റമോളജിയില്‍ വിശദമായ ഗവേഷണ പഠനങ്ങള്‍ നടത്തിയ നബക്കോഫ് ചിത്രശലഭങ്ങളുടെ വിദഗ്ധനായി അംഗീകരിക്കപ്പെട്ടു. ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 1949-59 കാലയളവില്‍ ഒന്നരലക്ഷം മൈല്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ദി എന്റമോളജിസ്റ്റ് എന്ന മാസികയ്ക്കുവേണ്ടി ചിത്രശലഭങ്ങളെപ്പറ്റി രചിച്ച ലേഖനം ശ്രദ്ധേയമാണ്.

ആദ്യകാല ഇംഗ്ലീഷ് നോവലുകള്‍ ദ് റിയല്‍ ലൈഫ് ഒഫ് സബാസ്റ്റ്യന്‍ നൈറ്റ് (1941), ബെന്റ്സിനിസ്റ്റര്‍ (1947) എന്നിവയാണ്. ഇക്കാലത്ത് അത് ലാന്തിക്, ന്യൂയോര്‍ക്കര്‍ എന്നീ മാസികകളില്‍ നബക്കോഫിന്റെ ചെറുകഥകളും പ്രസിദ്ധീകരിക്കുകയുണ്ടായി. 1951-ല്‍ പ്രസിദ്ധീകരിച്ച കണ്‍ക്ളൂസീവ് എവിഡന്‍സ് എന്ന ആത്മകഥ 1966-ല്‍ സ്പീക്ക്, മെമ്മറി എന്ന പേരില്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. വിപ്ളവത്തിനു മുന്‍പുള്ള റഷ്യയാണ് ഈ കൃതിയുടെ പശ്ചാത്തലം.

ഇരുപതാം നൂറ്റാണ്ടില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയ ലോലിത എന്ന നോവലില്‍ ഒരു മധ്യവയസ്കന് 12 കാരിയായ പെണ്‍കുട്ടിയിലുണ്ടാകുന്ന അഭിനിവേശമാണ് ചിത്രീകരിച്ചിരുന്നത്. മധ്യവയസ്കനായ ഹമ്ബര്‍ട്ട് പഴയ ലോകത്തെയും അതിന്റെ കലയെയും പ്രതിനിധാനം ചെയ്യുമ്പോള്‍ അമേരിക്കന്‍ ബാലികയായ ലോലിത ആധുനികതയെ അതിന്റെ എല്ലാ കറുത്ത വശങ്ങളോടെയും അവതരിപ്പിക്കുന്നു. ഈ കൃതിയിലൂടെ നബക്കോഫിന്റെ പ്രശസ്തി വര്‍ധിച്ചുവെങ്കിലും 1956-58 കാലത്ത് പാരിസില്‍ ലോലിത നിരോധിക്കുകയുണ്ടായി. അമേരിക്കയിലും ഇംഗ്ലണ്ടിലും 1958-നുശേഷമാണ് പൂര്‍ണരൂപത്തില്‍ അത് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധ സിനിമാ സംവിധായകനായ സ്റ്റാന്‍ലി കബ്രിക് ഈ നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ തിരക്കഥ രചിച്ചത് നബക്കോഫ് തന്നെയായിരുന്നു.

നബക്കോഫിന്റെ അവസാനകാല കൃതികളില്‍ അഡാ (1969), ട്രാന്‍സ്പേരന്റ് തിങ്സ് (1972), ലുക് അറ്റ് ദ് ഹാര്‍ലക്വിന്‍സ് (1975) എന്നിവ ഉള്‍പ്പെടുന്നു. നിക്കളായ് ഗോഗോളിനെക്കുറിച്ചുള്ള പഠനഗ്രന്ഥവും അലക്സാണ്ടര്‍ പുഷ്കിന്റെ കവിതയുടെ പരിഭാഷയും ശ്രദ്ധേയമായ സംഭാവനകളാണ്. നബക്കോഫിന്റെ മകനും സാഹിത്യകാരനുമായ ദിമിത്രി ഇദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്.

1977 ജൂല. 2-ന് തിലോസന്നയില്‍ നബക്കോഫ് അന്തരിച്ചു.

(കെ. പ്രകാശ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍