This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്ദി, പ്രീതിഷ് (1951 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നന്ദി, പ്രീതിഷ് (1951 - )
ഇന്ത്യന്‍ ഇംഗ്ലീഷ് കവിയും ചിത്രകാരനും പത്രപ്രവര്‍ത്തകനും. 1951 ജനു. 15-ന് മഹാരാഷ്ട്രയില്‍ ജനിച്ചു. സതീഷ് ചന്ദ്രനന്ദി, പ്രൊഫല്ല നളിനി നന്ദി എന്നിവരാണ് മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ വിദ്യാഭ്യാസം നേടിയശേഷം 1982-91 കാലയളവില്‍ ടൈംസ് ഒഫ് ഇന്ത്യയുടെ പബ്ളിഷിങ് എഡിറ്ററായും ഇലസ്റ്റ്രേറ്റഡ് വീക്കിലി എഡിറ്ററായും സേവനമനുഷ്ഠിച്ചു. പിന്നീട് ഫിലിം ഫെയര്‍, ഫെമിന, സയന്‍സ് ടുഡേ, ധര്‍മയുഗ് മുതലായ മാസികകളുടെ പ്രസാധനം ഏറ്റെടുത്തു.
ദൂരദര്‍ശനിലെ പ്രീതിഷ് നന്ദി ഷോയിലൂടെ ജനപ്രീതി നേടിയ നന്ദി അനേകം ടി.വി. പരിപാടികള്‍ അവതരിപ്പിച്ചു. 1993-ല്‍ ഒരു മീഡിയാ കമ്പനി ആരംഭിച്ചു. സ്വന്തം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 1996-ല്‍ ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ കഫെ ആരംഭിച്ചു. 1998-ല്‍ രാജ്യസഭാംഗമായ ഇദ്ദേഹം നാഷണല്‍ ടൂറിസം ബോര്‍ഡിലും പല പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.
നാല്പതിലേറെ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒഫ് ഗോഡ്സ് ആന്‍ഡ് ഒലീവ്സ് (1967) ഓണ്‍ അയ്ദര്‍ സൈഡ് ഒഫ് അരഗന്‍സ് (1968), ഫ്രം ദി ഔട്ടര്‍ ബാങ്ക് ഒഫ് ദ് ബ്രഹ്മപുത്ര (1969), മാഡ്നസ് ഈസ് ദ് സെക്കന്‍ഡ് സ്ട്രോക്ക് (1971), ദ് പോയട്രി ഒഫ് പ്രീതിഷ് നന്ദി (1973), ലോണ്‍ സോങ് സ്ട്രീറ്റ് (1975), ഇന്‍ സീക്രഡ് അനാര്‍ക്കി (1979), ദ് നോ വെയര്‍ മാന്‍ (1977) മുതലായവയാണ് മുഖ്യ കവിതാസമാഹാരങ്ങള്‍.
ഇന്ത്യന്‍ പോയട്രി ഇന്‍ ഇംഗ്ലീഷ് ടുഡേ (1973), മോഡേണ്‍ ഇന്ത്യന്‍ പോയട്രി (1974) തുടങ്ങി ഏതാനും കവിതാ സമാഹരങ്ങള്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃതാപ്രീതം, കൈഫിആസ്മി, സമര്‍സെന്‍, അജ്ഞേയ മുതലായവരുടെ കവിതകള്‍ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. കബീറിന്റെയും മീരാഭായിയുടെയും സ്തുതിഗീതങ്ങളും ഇദ്ദേഹത്തിന്റെ പരിഭാഷകളില്‍ ഉള്‍പ്പെടുന്നു. ഒരു കവിതാനാടകവും ഇദ്ദേഹത്തിന്റേതായുണ്ട്. പ്രീതിഷ് നന്ദിയുടെ കവിതകളിലെ ഗാനാത്മകത അനുവാചകരെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. ഭാവാത്മകത തുളുമ്പുന്ന അനേകം ഗദ്യകവിതകളും ഇദ്ദേഹം രചിക്കുകയുണ്ടായി.
നാഷണല്‍ സയന്‍സ് ടാലന്റ് സ്കോളര്‍ (1964), ശ്രീകാന്ത് വര്‍മ അവാര്‍ഡ് ഫോര്‍ ജേര്‍ണലിസം (1988), ഔട്ട്സ്റ്റാന്‍ഡിങ് സിറ്റിസണ്‍ അവാര്‍ഡ് (1986, 92), വിജയരത്ന അവാര്‍ഡ് (1989) പ്രിയദര്‍ശിനി അവാര്‍ഡ് (1990), ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ് (1990) മുതലായ ബഹുമതികള്‍ക്കു പുറമേ 1977-ല്‍ പദ്മശ്രീ പുരസ്കാരവും ലഭിക്കുകയുണ്ടായി.
(കെ. പ്രകാശ്)