This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദി, ആഷിസ് (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്ദി, ആഷിസ് (1937 - )

സാമൂഹ്യശാസ്ത്ര പണ്ഡിതന്‍, എഴുത്തുകാരന്‍, സാമൂഹിക-രാഷ്ട്രീയ വിമര്‍ശകന്‍. ബിഹാറിലെ ഭഗല്‍പൂരില്‍ ഒരു ബംഗാളി കുടുംബത്തില്‍ ചന്ദ്രാനന്ദിയുടെയും പ്രഫുല്ല നളിനിയുടെയും മകനായി 1937-ല്‍ ജനിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന്റെ തുടക്കം ഹിസ്ലോപ് മെഡിക്കല്‍ കോളജിലായിരുന്നു. പക്ഷേ, അതുപേക്ഷിച്ച് നാഗ്പൂരില്‍ സാമൂഹ്യശാസ്ത്രപഠനത്തിനു ചേരുകയായിരുന്നു. തുടര്‍ന്ന് സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി. മനഃശാസ്ത്രത്തോടുള്ള പ്രത്യേക താത്പര്യം കാരണം പിന്നീട് അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ആ വിഷയത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ ഡെവലപ്പിങ് സൊസൈറ്റിയില്‍ ഫാക്കല്‍റ്റിയംഗമായി ചേര്‍ന്നു. ക്ളിനിക്കല്‍ സൈക്കോളജിയിലും സോഷ്യോളജിയിലും തന്റേതായ രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത നന്ദി, രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

2004-ല്‍ ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍നിന്നു വിരമിക്കുംവരെ ഫെല്ലോ, ഡയറക്ടര്‍ (1992-97) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കമ്മിറ്റി ഫോര്‍ കള്‍ച്ചറല്‍ ചോയ്സ് ആന്‍ഡ് ഗ്ലോബല്‍ ഫ്യൂച്ചേഴ്സിന്റെ ചെയര്‍പേഴ്സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ ഡ്യൂക് സര്‍വകലാശാല പ്രസ് പ്രസിദ്ധീകരിക്കുന്ന ജേര്‍ണലില്‍ 'പബ്ലിക് കള്‍ച്ചര്‍' എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ ജോലികള്‍ നിര്‍വഹിച്ചിരുന്നു. മനുഷ്യാവകാശ സംബന്ധിയായ നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുമുണ്ട്.

വേള്‍ഡ് ഫ്യൂച്ചര്‍ സ്റ്റഡീസ് ഫെഡറേഷന്‍, കോമണ്‍വെല്‍ത്ത് ഹ്യുമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ്, ദ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കള്‍ച്ചറല്‍ ആള്‍ട്ടര്‍നേറ്റീവ്സ് ടു ഡെവലപ്മെന്റ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുടെ ഭരണസിമിതി അംഗം, ഹള്‍ സര്‍വകലാശാലയിലെ മാനവിക വിഷയങ്ങള്‍ക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എഡിന്‍ബര്‍ഗ് സര്‍വകലാശാല, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് എന്നിവിടങ്ങളില്‍ ഫെല്ലോ ആണ്.

ഇല്ലെജിറ്റിമസി ഒഫ് നാഷണലിസം, ആള്‍ട്ടര്‍നേറ്റീവ് സയന്‍സസ്, ദ് സാവേജ് ഫ്രോയിഡ്, ദി ഇന്റിമേറ്റ് എനിമി, അറ്റ് ദി എഡ്ജ് ഒഫ് സൈക്കോളജി, സയന്‍സ്, ഹെജിമണി ആന്‍ഡ് വയലന്‍സ്, എ വെരി പോപ്പുലര്‍ എക്സൈല്‍ തുടങ്ങി 18-ഓളം കൃതികളും ഒട്ടനവധി ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്. ദി ഇന്റിമേറ്റ് എനിമി: ലോസ് ആന്‍ഡ് റിക്കവറി ഒഫ് സെല്‍ഫ് അണ്ടര്‍ കൊളോണിയലിസം എന്ന ഗ്രന്ഥ(1985)വും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യത്യസ്ത ജ്ഞാനമേഖലകളെ സമഭാവനയോടെ വീക്ഷിക്കുകയും അറിവിന്റെ വിവിധ മണ്ഡലങ്ങള്‍ക്ക് തുല്യപ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന ജ്ഞാനവ്യവസ്ഥയുടെ വക്താവായാണ് ആഷിസ് നന്ദി പൊതുവേ വിലയിരുത്തപ്പെടുന്നത്. അറിവിന്റെ രാഷ്ട്രീയത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന മനഃശാസ്ത്ര ചോദനകളെയും ആധുനികതയുടെ പശ്ചാത്തലത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും അപഗ്രഥിക്കുകയാണ് നന്ദി തന്റെ രചനകളിലൂടെ ചെയ്യുന്നത്. ആധുനികത എന്നാല്‍ മറ്റൊരു പാരമ്പര്യം മാത്രമാണെന്ന വാദമാണ് നന്ദിയുടേത്.

വാഷിങ്ടണിലെ വില്‍സണ്‍ സെന്ററില്‍ വുഡ്രോ വില്‍സണിന്റെ നാമധേയത്തിലുള്ള വിശിഷ്ടാംഗത്വവും 2007-ല്‍ ഫുക്കുവോക്ക ഏഷ്യന്‍ കള്‍ച്ചറല്‍ പ്രൈസും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍