This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.)

തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി. ഡി.എം.കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇത് 1949 സെപ്.-ല്‍ രൂപവത്കൃതമായി. തമിഴ്നാട്ടിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി.എന്‍. അണ്ണാദുരൈ ആണ് ഡി.എം.കെ.യുടെ സ്ഥാപക നേതാവ്. ഒരു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായാണ് ഇത് പ്രവര്‍ത്തിച്ചുതുടങ്ങിയത്.
സി.എന്‍. അണ്ണാദുരൈ
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അബ്രാഹ്മണ വിഭാഗത്തിന്റെ വക്താവായി പടപൊരുതിയിരുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍ തന്റെ അനുയായികളോടൊപ്പം 1925-ല്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം വിച്ഛേദിച്ച് 'സ്വയം മര്യാദ ഇയക്കം' എന്നൊരു സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. അബ്രാഹ്മണരില്‍ അഭിമാനബോധം ഉണ്ടാക്കുകയും മറ്റുമായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. അന്ന് നിലവിലിരുന്ന ജസ്റ്റീസ് പാര്‍ട്ടിയെ ഇവര്‍ രാഷ്ട്രീയമായി പിന്തുണയ്ക്കുകയുണ്ടായി. ജസ്റ്റീസ് പാര്‍ട്ടിയിലെ ഒരു വിഭാഗവും സ്വയം മര്യാദ ഇയക്കവും 1944-ല്‍ ലയിച്ച് ദ്രാവിഡ കഴകം ഉണ്ടായി. ദ്രാവിഡ കഴകത്തിലെ യുവ നേതാവായിരുന്നു സി.എന്‍. അണ്ണാദുരൈ. ദ്രാവിഡ കഴകത്തിന്റെ ഉന്നത നേതാവായിരുന്ന നായ്ക്കരുമായുണ്ടായ വ്യക്തിപരവും രാഷ്ട്രീയപരവുമായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം (ഇവരായിരുന്നു ഭൂരിപക്ഷം) 1949-ല്‍ ഭിന്നിച്ചുമാറി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചു. 1951 ഡി.-ല്‍ മദ്രാസില്‍ (ചെന്നൈ) നടന്ന ആദ്യസമ്മേളനത്തില്‍ വച്ച് അണ്ണാദുരൈയെ ഡി.എം.കെ.യുടെ പരമോന്നത നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, കേരളം എന്നീ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ത്തുള്ള ഒരു സ്വതന്ത്ര ദ്രാവിഡദേശം സ്ഥാപിക്കുകയെന്നത് ഡി.എം.കെ.യുടെ ആദ്യകാല ലക്ഷ്യമായിരുന്നു. അറുപതുകളുടെ മധ്യം വരെ ദ്രാവിഡനാട് എന്ന ലക്ഷ്യം അണ്ണാദുരൈയും അനുയായികളും വച്ചുപുലര്‍ത്തി. തെക്കന്‍ സംസ്ഥാനങ്ങളുടെമേല്‍ ഹിന്ദിഭാഷ നിര്‍ബന്ധമാക്കുന്നതിനെ ഡി.എം.കെ. എതിര്‍ക്കുകയും ചെയ്തു. തമിഴരുടെ സാംസ്കാരിക പൈതൃകത്തിനുവേണ്ടിയും പാര്‍ട്ടി നിലകൊണ്ടു. തമിഴ്നാട്ടിലെ സാമാന്യജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ടായി. പത്രപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്കു പുറമേ സിനിമാതാരങ്ങളും സിനിമാനിര്‍മാതാക്കളും മറ്റും ധാരാളമായി ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു.

1957-ലെ തെരഞ്ഞെടുപ്പിലൂടെ ഡി.എം.കെ.യ്ക്ക് സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുണ്ടായി. ഇരുപതോളം വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മദ്രാസ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലുണ്ടായിരുന്ന ഭരണമേധാവിത്വം തകര്‍ക്കുവാന്‍ (1959) ഡി.എം.കെ.യ്ക്ക് സാധിച്ചു. 1961-ല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം 'തമിഴര്‍ ദേശീയ കക്ഷി' (തമിഴ് നാഷണല്‍ പാര്‍ട്ടി) എന്നൊരു പാര്‍ട്ടിയുണ്ടാക്കി പിരിഞ്ഞുപോയി. ഈ വിഭാഗം പിന്നീട് (1964-ല്‍) കോണ്‍ഗ്രസ്സില്‍ ലയിച്ചു. 1962-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. തമിഴ്നാട് നിയമസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി ഉയരുകയുണ്ടായി.

മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യത്തിലൂടെ 1967-ല്‍ തമിഴ്നാട് അസംബ്ലിയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായി ഡി.എം.കെ. വളര്‍ന്നു. അസംബ്ലിയില്‍ ഭൂരിപക്ഷം നേടിയ ആദ്യത്തെ കോണ്‍ഗ്രസ്സേതര പാര്‍ട്ടിയെന്ന ഖ്യാതിയും ഡി.എം.കെ.യ്ക്ക് സ്വന്തമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. മന്ത്രിസഭ തമിഴ്നാട്ടില്‍ അധികാരത്തിലെത്തി. വി.ആര്‍. നെടുംചേഴിയന്‍, എം. കരുണാനിധി, കെ. മതിയഴകന്‍ തുടങ്ങിയ പ്രമുഖര്‍ അണ്ണാദുരൈയുടെ കാലത്ത് പാര്‍ട്ടിയിലെ രണ്ടാംനിരക്കാരായി ഉണ്ടായിരുന്നു. 1969 ഫെ.-ല്‍ അണ്ണാദുരൈ നിര്യാതനായി. തുടര്‍ന്ന് ചെറിയ എതിര്‍പ്പുകളെ അതിജീവിച്ച് കരുണാനിധി പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തി. ഇദ്ദേഹം മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായി. 1971 ആയപ്പോള്‍ പാര്‍ട്ടി വീണ്ടും ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. പോണ്ടിച്ചേരിയിലും ഡി.എം.കെ.യ്ക്ക് പ്രചാരം സിദ്ധിച്ചു. കര്‍ണാടക നിയമസഭയില്‍ 1972-ല്‍ ഒരു സീറ്റ് ഡി.എം.കെ.യ്ക്കു ലഭിച്ചു.

1972-ല്‍ ഡി.എം.കെ.യില്‍ പിളര്‍പ്പുണ്ടായി. പാര്‍ട്ടിയുടെ ട്രഷറര്‍ ആയിരുന്ന പ്രശസ്ത സിനിമാനടന്‍ എം.ജി. രാമചന്ദ്രനും (എം.ജി.ആര്‍.) കരുണാനിധിയുമായി അഭിപ്രായവ്യത്യാസമുണ്ടായി. കരുണാനിധിയുടെ പ്രവര്‍ത്തനശൈലിയെയും പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്തിരുന്ന രീതിയെയും എം.ജി. രാമചന്ദ്രന്‍ വിമര്‍ശിച്ചു. 1972 ഒ.-ല്‍ എം.ജി. രാമചന്ദ്രനെ ഡി.എം.കെ.യില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കുവാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. ഈ സംഭവങ്ങള്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്നൊരു പുതിയ പാര്‍ട്ടിയുടെ രൂപവത്കരണത്തില്‍ കലാശിച്ചു. ഇതോടെ ഡി.എം.കെ.യുടെ ശക്തി കുറയാനും തുടങ്ങി. 1976-ല്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പേര് ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്നാക്കി മാറ്റി (എ.ഐ.എ.ഡി.എം.കെ.). 1977-ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. അധികാരത്തില്‍നിന്ന് പുറത്തായി. പിന്നീട് എ.ഐ.എ.ഡി.എം.കെ.യുടെ ഗവണ്മെന്റാണ് കുറേക്കാലം അധികാരത്തില്‍ വന്നുകൊണ്ടിരുന്നത്. 1987-ല്‍ എം.ജി. രാമചന്ദ്രന്റെ മരണശേഷം ജാനകി (എം.ജി. രാമചന്ദ്രന്റെ ഭാര്യ) ഗ്രൂപ്പ്, ജയലളിത ഗ്രൂപ്പ് എന്ന ഭിന്നിപ്പ് എ.ഐ.എ.ഡി.എം.കെ.യില്‍ ഉണ്ടായ ഘട്ടത്തിലാണ് പിന്നീട് ഡി.എം.കെ.യ്ക്കു ശക്തിയാര്‍ജിക്കുവാന്‍ കഴിഞ്ഞത്. 1989-ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ.യ്ക്കു ഭൂരിപക്ഷം ലഭിക്കുകയും കരുണാനിധി മുഖ്യമന്ത്രി ആവുകയും ചെയ്തു. അതിനുശേഷം എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും മാറിമാറി അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നു. 1991-ലെ എ.ഐ.എ.ഡി.എം.കെ.ഭരണത്തിനുശേഷം 1996-ല്‍ ഡി.എം.കെ. ഗവണ്മെന്റുണ്ടായി; അതിനുശേഷം എ.ഐ.എ.ഡി.എം.കെ. ഗവണ്മെന്റും. ഇപ്പോള്‍ (2007) ഡി.എം.കെ. ആണ് അധികാരത്തിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍