This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദോദേ, അല്‍ഫോണ്‍സ് (1840 - 97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദോദേ, അല്‍ഫോണ്‍സ് (1840 - 97)
Daudet,Alphonse
ഫ്രഞ്ച് നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും. 1840 മേയ് 13-ന് നൈംസില്‍ ജനിച്ചു. പട്ട് വ്യവസായിയായിരുന്നു പിതാവ്. 1849-ല്‍ ഫാക്റ്ററി വിറ്റ് ലിയോണ്‍സിലേക്കു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 1857-ല്‍ മാതാപിതാക്കള്‍ നിര്‍ധനരാവുകയും ദോദേക്ക് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെവരികയും ചെയ്തു. തുടര്‍ന്ന് അലെയ്സിലെ ഒരു സ്കൂളില്‍ ജോലി ലഭിച്ചെങ്കിലും ആറുമാസത്തിനുശേഷം പുറത്താക്കപ്പെട്ടു. താമസിയാതെ പാരിസിലെത്തി ജ്യേഷ്ഠസഹോദരനായ ഏണസ്റ്റിനോടൊപ്പം താമസമാക്കി. അവിടെവച്ച് പരിചയപ്പെട്ട മോഡലായ മരിറ്യൂവ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. 1860-ല്‍ ഡക് ഡി മോര്‍ണിയുടെ കീഴില്‍ ഉദ്യോഗം നേടാന്‍ ദോദേക്കു കഴിഞ്ഞു. ദാരിദ്യവും അനാരോഗ്യവും ഇദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു. 1861-62 കാലഘട്ടത്തില്‍ ഇദ്ദേഹം അള്‍ജീരിയയില്‍ ആയിരുന്നു. 1867-ല്‍ ജൂലിയാ അലാര്‍ഡിനെ വിവാഹം കഴിച്ചു. ഫ്രാങ്കോ-ജര്‍മന്‍ യുദ്ധകാലത്ത് സൈന്യത്തില്‍ ചേര്‍ന്ന ദോദേ 1871-ലെ പാരിസ് കമ്യൂണിന്റെ രൂപവത്കരണത്തെ ത്തുടര്‍ന്ന് പാരിസില്‍നിന്നു പലായനം ചെയ്യുകയാണുണ്ടായത്. 1895-ല്‍ ലണ്ടനിലും വെനീസിലും സന്ദര്‍ശനം നടത്തി.
പതിനാലാമത്തെ വയസ്സില്‍ ദോദേ സാഹിത്യരചന ആരംഭിച്ചു. ഒരു നോവലും ചില കവിതകളും ആദ്യകാല രചനകളില്‍പ്പെടുന്നു. അലെയ്സിലെ അധ്യാപകജീവിതകാലത്തെ അനുഭവങ്ങള്‍ കലാസുഭഗമായി ആവിഷ്കരിക്കുന്ന നോവലാണ് 1868-ല്‍ പുറത്തു വന്ന ലെ പെതിത് ഷോസ്. ഇക്കാലമായപ്പോഴേക്കും ദോദേ മുഴുവന്‍സമയ സാഹിത്യരചനയിലേക്കു കടന്നിരുന്നു. സാഹിത്യവൃത്തങ്ങളുമായി അടുത്തിടപഴകാനും അവസരം ലഭിച്ചു. മരിറ്യുവ് എന്ന മോഡലുമായുള്ള ഗാഢബന്ധത്തില്‍നിന്ന് ഉടലെടുത്തതാണ് ലെ അമൂറ്യൂസെ (1858) എന്ന കവിതാസമാഹാരവും സാഫോ (1884) എന്ന നോവലും. ഫിഗാരോ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇക്കാലത്ത് ദോദേക്ക് കഴിഞ്ഞു.
അള്‍ജീരിയന്‍ സന്ദര്‍ശനം ദോദേയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. 1863-ല്‍ പുറത്തുവന്ന ഷ പാതാങ് ല്‍ ത്യൂര്‍ദ് ലിയോങ് എന്ന കൃതിയുടെ ഉറവിടം ഈ സന്ദര്‍ശനവേളയിലുണ്ടായ അനുഭവങ്ങളാണ്. ദോദേയുടെ ആദ്യ നാടകമായ ലാ ദെര്‍നിയേ ഇദോല്‍ 1862-ല്‍ പാരിസിലെ തെയാത്ര് ദ് ലൊഭിയോങ്ങില്‍ അവതരിപ്പിച്ചു. കോഴ്സിക്കല്‍ പ്രദേശത്തു ചെലവഴിച്ച ദിനങ്ങളെക്കുറിച്ചുള്ള സ്മരണകളാണ് ലെത്രെ ദ് മോങ് മൂലാങ് (1869) എന്ന കൃതിയിലുള്ളത്.
ഫ്രാങ്കോ-ജര്‍മന്‍ യുദ്ധവും ദോദേയുടെ സര്‍ഗാത്മക ജീവിതത്തില്‍ സ്വാധീനം ചെലുത്തി. ലെ കോന്ത് ദു ലുന്‍ദി (1873) എന്ന കൃതിയില്‍ ഇതു വ്യക്തമായി നിഴലിക്കുന്നു. ലാര്‍ലെസിയാങ് എന്നൊരു നാടകം ഇക്കാലത്ത് ഇദ്ദേഹം രചിച്ചെങ്കിലും അരങ്ങില്‍ വിജയം കണ്ടെത്തിയില്ല. 1874-ല്‍ പ്രസിദ്ധീകരിച്ച പ്രോമോന്ത് ഷ്യൂണ്‍ എ റിസ്ലെ ഐന്‍ എന്ന നോവല്‍ അകദെമി ഫ്രാന്‍സെയ്സിന്റെ പുരസ്കാരം നേടുകയും ഗ്രന്ഥകര്‍ത്താവിന് സാമ്പത്തികസ്ഥിതിയും പ്രശസ്തിയും നേടിക്കൊടുക്കുകയും ചെയ്തു.
1897 ഡി. 16-ന് ദോദേ അന്തരിച്ചു. മരണാനന്തരം 1931-ല്‍ ഇദ്ദേഹത്തിന്റെ ലാ ദൂലോ എന്ന കൃതി പ്രകാശനം ചെയ്യപ്പെട്ടു.