This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയ സുരക്ഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീയ സുരക്ഷ

National security

രാഷ്ട്രത്തിലെ ജനങ്ങളുടെ ജീവനും സമ്പത്തിനും സംരക്ഷണം നല്കുന്നതിനുവേണ്ടി ഗവണ്മെന്റ് ആവിഷ്കരിക്കുന്ന പരിപാടികള്‍. ജനങ്ങളെ വിദേശീയാക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുക, രാഷ്ട്രത്തിനുള്ളില്‍ ക്രമസമാധാനം നിലനിര്‍ത്തുക എന്നിവയാണ് ദേശീയ സുരക്ഷയിലെ പ്രധാന ഘടകങ്ങള്‍. രാഷ്ട്രത്തിന്റെ പരമാധികാരം നിലനിര്‍ത്തുന്നതിന് വിദേശീയാക്രമണത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധ സന്നാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പലതരം പരിപാടികള്‍ മുന്‍കാലത്തെ ഗവണ്മെന്റുകള്‍ അവലംബിച്ചിരുന്നു. ഉദാഹരണമായി 'നമ്മുടെ രാഷ്ട്രം എപ്പോഴും മറ്റു രാഷ്ട്രങ്ങളെ ആക്രമിച്ചുകൊണ്ടേയിരിക്കണം, അല്ലെങ്കില്‍ അവ നമ്മുടെ രാഷ്ട്രത്തെ ആക്രമിക്കും' എന്നതായിരുന്നു അക്ബര്‍ ചക്രവര്‍ത്തിയുടെ നയം.

ഇന്ത്യന്‍ കരസേന
ആധുനിക കാലത്ത് വിദേശീയാക്രമണങ്ങളെ തടയുന്നതിനുവേണ്ടി ആവശ്യമായ ആയുധസന്നാഹങ്ങളോടുകൂടിയ സൈന്യത്തെ സംഘടിപ്പിക്കുകയെന്നത് ഓരോ രാഷ്ട്രത്തിന്റെയും സുരക്ഷയുടെ ഭാഗമാണ്. കരസേന, നാവികസേന, വ്യോമസേന എന്നിവ ഈ പ്രതിരോധ സന്നാഹങ്ങളുടെ ഭാഗമാണ്. യു.എസ്. തുടങ്ങിയ വന്‍കിട രാഷ്ട്രങ്ങള്‍ അണുശക്തി വിഭാഗത്തെയും പ്രതിരോധ വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിപ്പിക്കുന്നു. പ്രതിരോധാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കത്തക്കവിധം വന്‍കിട വ്യവസായങ്ങള്‍ വികസിപ്പിക്കേണ്ടതും ആധുനിക രാഷ്ട്രങ്ങളുടെ ചുമതലയാണ്. തോക്കുനിര്‍മാണം, കപ്പല്‍നിര്‍മാണം, വിമാനനിര്‍മാണം തുടങ്ങിയ വ്യവസായങ്ങളുടെ അഭിവൃദ്ധി ഇക്കാര്യത്തിന് അത്യാവശ്യമാണ്. രാഷ്ട്രത്തിനുള്ളില്‍ ലഭ്യമാകുന്ന ശാസ്ത്ര-സാങ്കേതിക വിജ്ഞാനവും പ്രതിരോധ സന്നാഹങ്ങളുടെ വികസനത്തിനു വേണ്ടി ഉപയോഗിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ നാവികസേന
യുദ്ധോപകരണങ്ങളുടെ വന്‍തോതിലുള്ള നിര്‍മാണത്തോടൊപ്പം സൈനികര്‍ക്ക് വിദഗ്ധമായ രീതിയില്‍ പരിശീലനം നല്കുവാനും ആധുനിക രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നു. ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടത്തക്കവിധം വന്‍ശക്തികള്‍ തമ്മില്‍ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ആധുനിക രാഷ്ട്രങ്ങള്‍ നിലനിന്നിരുന്നത്. ആ സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോള്‍ ശമനമുണ്ട്. ആണവായുധങ്ങള്‍ ഉള്ള ഇക്കാലത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതുകൊണ്ടുണ്ടാകാവുന്ന നാശനഷ്ടങ്ങളെപ്പറ്റി എല്ലാ രാഷ്ട്രങ്ങള്‍ക്കും ബോധ്യവും ഉണ്ട്. അതിനാല്‍ യുദ്ധം ഉണ്ടാകാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഓരോ രാഷ്ട്രവും ശ്രമിക്കുന്നു. എന്നാല്‍ ഇറാക്കിലും ഇറാനിലും പലസ്തീനിലും മറ്റും നടപ്പാക്കുന്ന സാമ്രാജ്യത്വനയങ്ങള്‍ യുദ്ധഭീഷണി സൃഷ്ടിക്കുന്നുണ്ട്. യുദ്ധത്തെ ഒഴിവാക്കുന്നതിനു സഹായകമാകത്തക്കവിധം വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധങ്ങളും സാംസ്കാരിക ബന്ധങ്ങളും അഭിവൃദ്ധിപ്പെടുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. പൗരന്മാരുടെയിടയില്‍ ക്രമസമാധാനം നിലനിര്‍ത്തുകയെന്നതും ദേശീയ സുരക്ഷയുടെ പ്രധാന ഘടകമാണ്. പ്രകൃത്യാ സ്വാര്‍ഥരും അക്രമവാസന ഉള്ളവരും ആയ അനേകം ജനവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ അവരുടെയിടയില്‍ കലഹങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പൊലീസ് വിഭാഗം : കേരളം
ഇത്തരം അനര്‍ഥങ്ങള്‍ ഒഴിവാക്കി, സമൂഹത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ രാഷ്ട്രത്തിന്റെ ഇടപെടല്‍കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. ക്രമസമാധാനപാലനത്തിനായി സുശക്തമായ പൊലീസ് വിഭാഗത്തെ എല്ലാ രാഷ്ട്രങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ഫലപ്രദമായ നിയമനിര്‍മാണം, അതിന്റെ കണിശവും നിഷ്പക്ഷവുമായ നിര്‍വഹണം, ദേശീയ സുരക്ഷാ നിയമങ്ങളെ നിഷേധിക്കുന്ന കുറ്റവാളികളെ കണ്ടുപിടിച്ച് യഥാവിധി ശിക്ഷിക്കുന്നതിനുള്ള നീതിന്യായ സമ്പ്രദായം എന്നിവയെല്ലാം ക്രമസമാധാനപാലനത്തില്‍ പ്രധാനമാണ്.

പൗരന്മാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അത് അക്രമപരമാംവിധം വളരാതിരിക്കാനാണ് പൊലീസ് സേനയെയും നീതിന്യായ വിഭാഗത്തെയും സംഘടിപ്പിച്ചിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ലഭിക്കണമെങ്കില്‍ ഇത്തരം സന്നാഹങ്ങള്‍ അത്യാവശ്യമായിത്തീരുന്നു. ചിലപ്പോള്‍ വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍പ്പോലും ഗവണ്മെന്റിന് ഇടപെടേണ്ടി വന്നേക്കാം. വിവാഹത്തിനുള്ള നിബന്ധനകള്‍ നിശ്ചയിക്കുക, വിവാഹ നിയമങ്ങള്‍ നിര്‍മിക്കുക, സ്വത്തുക്കളുടെ പിന്തുടര്‍ച്ചാക്രമം നിശ്ചയിക്കുക, കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ചുമതലയെപ്പറ്റി മാതാപിതാക്കളെ ബോധാവാന്മാരാക്കുക, വിവാഹിതരായ പുരുഷന്മാര്‍ ഭാര്യമാരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നിര്‍മിക്കുക, വിവാഹമോചനവും തുടര്‍ന്ന് വിവാഹമോചിതര്‍ക്കുവേണ്ട സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കു നിയമമുണ്ടാക്കുക തുടങ്ങിയവയും ആവശ്യമാണ്. രാഷ്ട്രത്തിന്റെ സന്തുഷ്ടിയും സമാധാനവും കുടുംബത്തിന്റെ ഭദ്രതയെ ആശ്രയിച്ചാണിരിക്കുന്നത്. ദേശീയ സുരക്ഷയുടെ ഭാഗമായി കുടുംബങ്ങളുടെ ഭദ്രത നിലനില്ക്കണമെങ്കിലും രാഷ്ട്രത്തിന്റെ ഇടപെടല്‍ അത്യാവശ്യമായിത്തീരുന്നു.

ഇന്ത്യന്‍ വ്യോമസേന

ദേശീയ സുരക്ഷയുടെ ഭാഗമായി ജനങ്ങള്‍ രാഷ്ട്രത്തോട് വിധേയത്വം പുലര്‍ത്തത്തക്കവിധം നിയമങ്ങള്‍ നിര്‍മിക്കേണ്ടതും ആധുനിക രാഷ്ട്രങ്ങളുടെ ചുമതലയാണ്. രാഷ്ട്രത്തിലെ ഗതാഗത സൗകര്യങ്ങളും വാര്‍ത്താവിനിമയസംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതും ദേശീയ സുരക്ഷാ സംവിധാനത്തെ സഹായിക്കുന്നു. പൗരന്മാരുടെയിടയില്‍ ശക്തമായ ഐകമത്യ ബോധവും ദേശീയബോധവും വളരുന്നതിന് ഇത്തരം സജ്ജീകരണങ്ങള്‍ സഹായകമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. മനുഷ്യശരീരത്തിലെ സിരാവ്യൂഹം പോലുള്ള സംവിധാനമാണ് രാഷ്ട്രത്തിലെ ഗതാഗത-വാര്‍ത്താവിനിമയ സജ്ജീകരണങ്ങള്‍. ജനങ്ങള്‍ തമ്മിലുള്ള സുഗമമായ ബന്ധം നിലനിര്‍ത്തുന്നതിനുവേണ്ടി വിപണികളെ നയിക്കുക, നാണയം അച്ചടിക്കുക, വില നിയന്ത്രിക്കുക തുടങ്ങിയ രംഗങ്ങളിലും ഗവണ്മെന്റ് ഇടപെടുന്നു. പൊതുവേ, ദേശീയ സുരക്ഷ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പൌരന്മാരുടെ സ്വകാര്യ ജീവിതത്തിലും സാമ്പത്തിക രംഗങ്ങളിലും ഗവണ്മെന്റിന്റെ ഇടപെടല്‍ അത്യാവശ്യമായിത്തീരുന്നു.

(പ്രൊഫ. നേശന്‍. ടി.മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍