This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേശായി, മഹാദേവ് ഹരിഭായ് (1892 - 1942)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേശായി, മഹാദേവ് ഹരിഭായ് (1892 - 1942)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലാണ് ദേശായി പ്രശസ്തനായത്. 1892-ല്‍ ഗുജറാത്തിലെ ഒരു മധ്യവര്‍ഗകുടുംബത്തില്‍ ജനിച്ചു. നിയമബിരുദം നേടിയെങ്കിലും അഭിഭാഷകനായി തുടരാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍ കുറച്ചുകാലം ബാങ്കില്‍ ജോലി ചെയ്യുകയുണ്ടായി. ജോലിയില്‍നിന്നു രാജിവച്ചശേഷം ഗാന്ധിജിയെ കണ്ടുമുട്ടിയത് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഗാന്ധിജിയെ താത്ത്വികാചാര്യനായി സ്വീകരിച്ച ദേശായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഒപ്പം ചേര്‍ന്നു.ചംബാരന്‍ സത്യഗ്രഹം, ബര്‍ദോലി സത്യഗ്രഹം, ഉപ്പ് സത്യഗ്രഹം എന്നീ സമരങ്ങളില്‍ പങ്കെടുത്തുകൊണ്ട് സ്വാത്ത്ര്യസമരചരിത്രത്തില്‍ തന്റെ ശക്തമായ സാന്നിധ്യം ദേശായി പ്രകടമാക്കി. 1924-25 -ലെ ഭാരതപര്യടനത്തില്‍ ഗാന്ധിജിയോടൊപ്പം ഇദ്ദേഹവുമുണ്ടായിരുന്നു. 1931-ല്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തിലും ഇദ്ദേഹം ഗാന്ധിജിയെ അനുഗമിക്കുകയുണ്ടായി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ഇദ്ദേഹം ആഗാഖാന്‍ കൊട്ടാരത്തില്‍ തടവിലാക്കപ്പെട്ടു. ഗാന്ധിജിയെ നിഴല്‍പോലെ പിന്തുടര്‍ന്ന ഇദ്ദേഹം 'ബാപ്പൂസ് ബോസ്വെല്‍' എന്നാണറിയപ്പെട്ടത്. അനുഗൃഹീതനായ എഴുത്തുകാരന്‍ കൂടിയായിരുന്നു ദേശായി. ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയില്‍നിന്ന് ഇംഗ്ലീഷിലേക്കു തര്‍ജുമ ചെയ്തത് ഇദ്ദേഹമാണ്. മോത്തിലാല്‍ നെഹ്റുവിന്റെ ദി ഇന്‍ഡിപ്പെന്‍ഡന്റ് എന്ന വാരികയുടെ എഡിറ്ററായി ഇദ്ദേഹം കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ബ്രിട്ടിഷ് ഭരണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വിമോചന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. വിത്ത് ഗാന്ധി ഇന്‍ സിലോണ്‍, ദ് സ്റ്റോറി ഒഫ് ബര്‍ദോലി, സ്വദേശി ട്രൂ ആന്‍ഡ് ഫാള്‍സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
ആഗാഖാന്‍ കൊട്ടാരത്തില്‍ തടവിലിരിക്കവേ 1942 ആഗ. 15-ന് ഇദ്ദേഹം ചരമമടഞ്ഞു.