This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവ് (1673 - 1778)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവ് (1673 - 1778)

ഹിന്ദി സാഹിത്യത്തിലെ രീതികാല കവികളില്‍ പ്രമുഖന്‍. ഇദ്ദേഹത്തിന്റെ പൂര്‍ണ നാമധേയം ദേവദത്ത് എന്നാണ്. ഉത്തര്‍പ്രദേശിലെ ഇറ്റാവാ ജില്ലയില്‍ കുസ്മരാ ഗ്രാമത്തിലെ ബ്രാഹ്മണകുടുംബത്തില്‍ 1673-ല്‍ ജനിച്ചു. ആദര്‍ശനിഷ്ഠയ്ക്കു പകരം ഭൗതികസുഖത്തിനു പ്രാധാന്യം കല്പിക്കപ്പെട്ട്, ആശ്രയമരുളുന്ന പ്രഭുവിന്റെ തൃപ്തിക്കുവേണ്ടി ഗ്രന്ഥം രചിക്കുക എന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഈ പ്രവണത ദേവിലും പ്രകടമായി.

കവിപ്രതിഭ അനുഗ്രഹിച്ച ദേവദത്ത് ആദ്യം അറംഗസീബിന്റെ മകന്‍ ആസംശാഹിന്റെ ആശ്രിതനായി. ആദ്യ കൃതിയായ ഭാവവിലാസ് ആശ്രയദാതാവിനു സമര്‍പ്പിച്ചു. തുടര്‍ന്ന് പല ആശ്രയദാതാക്കളുടെയും സഹായം ദേവിനു തേടേണ്ടിവന്നു. അവര്‍ക്കൊക്കെ ഗ്രന്ഥങ്ങള്‍ രചിച്ച് സമര്‍പ്പിക്കുകയും ചെയ്തു. ഈ ഗതികേടില്‍ ഇദ്ദേഹത്തിന് അവസാനം വെറുപ്പു തോന്നി. ഒടുവിലത്തെ കൃതികളില്‍ വിരക്തിയെപ്പറ്റി പരാമര്‍ശം കാണുന്നതിന് ഇതാണ് കാരണമെന്നു പറയപ്പെടുന്നു.

ദേവ് ഒട്ടേറെ കാവ്യഗ്രന്ഥങ്ങള്‍ എഴുതി. മിശ്രബന്ധു എന്ന സാഹിത്യചരിത്രകാരന്മാര്‍ ഇദ്ദേഹത്തിന്റെ 52 കൃതികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആചാര്യ രാമചന്ദ്രശുക്ള 25 കൃതികളും ഡോ. നാഗേന്ദ്ര 18 കൃതികളും കണ്ടെത്തി. ചില കൃതികളിലെ ഭാഗങ്ങള്‍ പിന്നീട് സ്വതന്ത്ര കൃതിയായി അവതരിപ്പിച്ചതുകൊണ്ട് ഉണ്ടായതാണ് ഈ വ്യത്യാസമെന്നും അഭിപ്രായമുണ്ട്. ഭാവവിലാസ്, ഭവാനീ വിലാസ്, അഷ്ടയാം, പ്രേമതരംഗ്, കുശല്‍ വിലാസ്, ജാതി വിലാസ്, രസവിലാസ്, പ്രേമചന്ദ്രികാ, സുജാന്‍ വിനോദ്, ശബ്ദരസായന്‍, ദേവമായാ, പ്രപഞ്ചനാടക സുഖസാഗര്‍ തരംഗ് എന്നിവയാണ് ദേവിന്റെ പ്രധാന കൃതികള്‍.

ദേവിന്റെ ഭാഷ അത്യന്തം കാവ്യമയമായിരുന്നു. മനോഹരമായ വ്രജഭാഷ ഇദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്രയാണ്. കാവ്യത്തിന് രസം, ഗുണം, അലങ്കാരം, ധ്വനി തുടങ്ങിയ വിവിധാംഗങ്ങളുണ്ടെങ്കിലും രീതികാല കവികള്‍ അലങ്കാരം, രസം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. രസത്തില്‍ ശൃംഗാരത്തിന് അവര്‍ പ്രാധാന്യം നല്കി. നായികാ-നായകഭേദം, ബാരഹ്മാസാ തുടങ്ങിയ പ്രകരണങ്ങളാണ് അവര്‍ വിസ്തരിച്ചത്. ദേവ് ഇത്തരം വിഷയങ്ങള്‍ തന്റെ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ദേവ് ആചാര്യകവിയുംകൂടി ആയിരുന്നു. ആചാര്യകവി എന്ന വിശേഷണം രീതികാവ്യത്തിന്റെ ഒരു പ്രത്യേക സവിശേഷതയിലേക്കു വിരല്‍ ചൂണ്ടുന്നു. ഭക്തികാലം കഴിഞ്ഞ് രീതികാലം ആരംഭിച്ചപ്പോള്‍ സംസ്കൃതത്തിലെ കാവ്യശാസ്ത്രത്തില്‍ പാരംഗതരായ പല ഹിന്ദി കവികള്‍ക്കും സംസ്കൃതത്തിലെപ്പോലെ ഹിന്ദിയില്‍ കാവ്യശാസ്ത്രം എഴുതാന്‍ താത്പര്യം ഉണ്ടായി. അധികംപേരും സാമാന്യരീതിയിലുള്ള ലക്ഷ്യലക്ഷണ ഗ്രന്ഥമാണ് എഴുതിയത്: ഒരു ദോഹയില്‍ ലക്ഷണം, പിന്നെ കവിതയില്‍ ഉദാഹരണവും. സാമ്പത്തിക ക്ലേശം കുറഞ്ഞപ്പോള്‍ ദേവ് ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ചുറ്റിസഞ്ചരിച്ചു എന്നു പറയപ്പെടുന്നു.

ഇദ്ദേഹം 1778-ല്‍ അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D_(1673_-_1778)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍