This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവീമാഹാത്മ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:27, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവീമാഹാത്മ്യം

മന്ത്രതുല്യങ്ങളായ എഴുന്നൂറു ശ്ളോകങ്ങളിലൂടെ ലോകമാതാവായ പരാശക്തിയെ പ്രകീര്‍ത്തിക്കുന്ന ഒരു പുണ്യ പുരാണ ഗ്രന്ഥം. ചണ്ഡീമാഹാത്മ്യം, ദുര്‍ഗാസപ്തശതി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പൂര്‍ണമായും ഒരു പുരാണഗ്രന്ഥമല്ല ഇത്; മാര്‍ക്കണ്ഡേയപുരാണം എന്ന മഹാപുരാണത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആ മഹാപുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള 13 കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി.

   1874-ല്‍ സര്‍ വില്യം ജോണ്‍സിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ 'ഏഷ്യാറ്റിക് സൊസൈറ്റി' എന്ന പൌരസ്ത്യ പഠനകേന്ദ്രം സ്ഥാപിതമായതോടെ ഭാരതത്തിലെ പൌരാണിക ഗ്രന്ഥങ്ങളിലേക്ക് പാശ്ചാത്യ പണ്ഡിതന്മാരുടെ ശ്രദ്ധ തിരിഞ്ഞു. അങ്ങനെയാണ് എഫ്. ഇ. പാര്‍ഗിറ്റര്‍ (എ. ഋ. ജമൃഴശലൃേ) എന്ന പണ്ഡിതന്‍ മാര്‍ക്കണ്ഡേയപുരാണം ഇംഗ്ളീഷ്ഭാഷയില്‍ തര്‍ജുമ ചെയ്യാനിടയായത്. ഈ വിവര്‍ത്തനം സംസ്കൃതത്തോടു നീതി പുലര്‍ത്തിയില്ല എന്നു കരുതി പ്രൊഫ. മന്മഥനാഥ ഗുപ്തയും പ്രസ്തുത പുരാണം ഇംഗ്ളീഷിലാക്കി. ദേവീപൂജയുടെ കേന്ദ്രമായ ബംഗാള്‍ ആ വിവര്‍ത്തനങ്ങള്‍ ആവേശപൂര്‍വം സ്വീകരിച്ചു. പ്രത്യേകിച്ചും ദേവിയുടെ മാഹാത്മ്യം വര്‍ണിക്കുന്ന 13 അധ്യായങ്ങള്‍ വംഗദേശീയരുടെ നിത്യപാരായണ ഗ്രന്ഥമായി. ദേവീമാഹാത്മ്യം ഇതിന് അര ശതാബ്ദം മുമ്പുതന്നെ ഇംഗ്ളീഷ് വിവര്‍ത്തനത്തോടുകൂടി കൊല്‍ക്കത്തയില്‍ പ്രസിദ്ധീകൃതമായിരുന്നു. ശ്രീരാമകൃഷ്ണ ശിഷ്യനായ ജഗദീശ്വര സ്വാമിയാണ് അതു പ്രസിദ്ധപ്പെടുത്തിയത്. അതിനുമുമ്പ് അദ്ദേഹം ദേവീമാഹാത്മ്യം ബംഗാളി തര്‍ജുമയോടൊപ്പം അച്ചടിച്ച് നാട്ടുകാരുടെ കയ്യില്‍ എത്തിച്ചിരുന്നു. ഇംഗ്ളീഷിലും ബംഗാളിയിലും വിവര്‍ത്തനങ്ങള്‍ ലഭ്യമാണെങ്കിലും ദേവീഭക്തന്മാര്‍ സംസ്കൃത മൂലഗ്രന്ഥം പാരായണം ചെയ്യുന്നതിലാണ് തത്പരരായത്. ദേവീമാഹാത്മ്യത്തിലെ 1, 4, 5, 11 എന്നീ നാല് സര്‍ഗങ്ങള്‍ അതിമനോഹരങ്ങളും അക്കാരണത്താല്‍ അനുവാചകരെ ഭക്തിയുടെ അഗാധതയില്‍ ആഴ്ത്താന്‍ പര്യാപ്തങ്ങളുമാണ്. ഈ ഗ്രന്ഥത്തില്‍ ഒരേസമയംതന്നെ സാഹിത്യസൌന്ദര്യത്തിന്റെയും ഭക്തിരസത്തിന്റെയും സമഞ്ജസമായ സമ്മേളനം അനുഭവവേദ്യമാണ്.
  'ജയത്വം ദേവി ചാമുണ്ഡേ! ജയ ഭൂതാപഹാരിണി! ജയ സര്‍ഗരതേ! ദേവി! കാലരാത്രി! നമോസ്തുതേ!!' എന്ന ദേവീസ്തുതിയോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഈ പദ്യത്തോടെ ആരംഭിക്കുന്ന 61 പദ്യങ്ങള്‍ ഗ്രന്ഥത്തിന്റെ ഭാഗമല്ല, അതിന്റെ ഉപോദ്ഘാതം മാത്രമാണ്. ഈ ഉപോദ്ഘാതത്തിന് അര്‍ഗളാസ്തോത്രം അഥവാ ദേവീകവചം എന്നാണ് പേര് കല്പിക്കപ്പെട്ടിരിക്കുന്നത്. ഇതുകഴിഞ്ഞ് ആരംഭിക്കുന്ന ഒന്നാം അധ്യായത്തില്‍ മഹാകാളിയുടെയും രണ്ടുമുതല്‍ നാലുവരെയുള്ള മൂന്ന് അധ്യായങ്ങളില്‍ മഹാലക്ഷ്മിയുടെയും പിന്നീടുള്ള ഒന്‍പത് അധ്യായങ്ങളില്‍ മഹാസരസ്വതിയുടെയും മഹിമകള്‍ സവിസ്തരം വര്‍ണിക്കപ്പെട്ടിരിക്കുന്നു. അസുരന്മാരെ സംഹരിച്ച് ഭക്തലക്ഷങ്ങളെ സംരക്ഷിക്കുന്ന ദേവിയുടെ അദ്ഭുതകൃത്യങ്ങളാണ് ഇതിലെ ഇതിവൃത്തം. ശൈവം, ശാക്തേയം, വൈഷ്ണവം എന്നീ മൂന്ന് മതവിഭാഗങ്ങളും ഈ ഗ്രന്ഥത്തെ വേദതുല്യം ആരാധിക്കുന്നു. മുഖ്യമായും തെക്കേ ഇന്ത്യയിലാണ് ദേവീമാഹാത്മ്യം എന്നപേരില്‍ ഇതറിയപ്പെടുന്നത്. വംഗദേശീയര്‍ക്ക് ഇത് ചണ്ഡീമാഹാത്മ്യമാണ്. മറ്റുള്ള ദേശക്കാര്‍ ദുര്‍ഗാസപ്തശതി എന്ന പേരാണ് ഇതിനു നല്കിയിരിക്കുന്നത്. ഈ ഗ്രന്ഥം എല്ലാ ആപത്തുകള്‍ക്കും ശമനൌഷധമാണെന്ന് ഭക്തന്മാര്‍ വിശ്വസിക്കുന്നു.  
  ദേവീമാഹാത്മ്യത്തിന് സംസ്കൃതത്തില്‍ പത്തോളം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുര്‍ഗപ്രദീപം, ഗുപ്തവതി, ചതുര്‍ധരി, ശാന്തനവി, നാഗോജിഭട്ടി, ദശോദ്ധാരം, ജഗച്ചന്ദ്ര ചന്ദ്രിക, ദീപിക, ശുഢാര്‍ഥദീപിക തുടങ്ങിയ പേരുകളില്‍ മലയാളത്തിലും ഇതിന് വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാഖ്യാനങ്ങളില്‍ പ്രമുഖം കണ്ടിയൂര്‍ മഹാദേവശാസ്ത്രി രചിച്ചതാണ്.
  ക്രിസ്തുവര്‍ഷം 1600-നു മുമ്പുതന്നെ ദേവീമാഹാത്മ്യം കിളിപ്പാട്ടിന്റെ രൂപത്തില്‍ മലയാളഭാഷയില്‍ ആവിര്‍ഭവിച്ചുകഴിഞ്ഞിരുന്നു. വിവര്‍ത്തകന്‍ എഴുത്തച്ഛനാണെന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നു. ഇക്കാര്യത്തില്‍ ഖണ്ഡിതമായ അഭിപ്രായം പറയുക സുകരമല്ല. 

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍