സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവസ്യ, എം.ഒ. ( - 2008)
മലയാള സിനിമയിലെ ചമയക്കാരനും ചലച്ചിത്ര നിര്‍മാതാവും. കുട്ടനാട് കാവാലം വാലിത്തറ കുടുംബത്തില്‍ ജനിച്ചു. നാട്ടിലെ വൈ.എം.സി.എ.യുടെ വാര്‍ഷികത്തിന് നാടക രചനയും സംവിധാനവും നിര്‍വഹിച്ചുകൊണ്ട് വളരെ ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്തെത്തി. 14-ാം വയസ്സില്‍ സിനിമാ മോഹവുമായി വീടുവിട്ടിറങ്ങി. ജീവിത യാഥാര്‍ഥ്യങ്ങളെക്കാള്‍ സിനിമയെന്ന വര്‍ണലോകത്തായിരുന്നു മനസ്സ്. 1962-ല്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ സീത എന്ന ചിത്രത്തില്‍ ലവ-കുശന്മാരോടൊപ്പം കുരുത്തോല കെട്ടിയാടുന്ന വേഷം കെട്ടിയും മേക്കപ്പ്മാന്‍ വേലപ്പന്റെ സഹായിയായും ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടര്‍ന്ന് ചലച്ചിത്ര വിതരണ സഹായിയായി തിയെറ്ററിലും, പ്രചാരണാര്‍ഥം കുതിരവണ്ടിയില്‍ നോട്ടീസ് വിതരണത്തിനും പോയി. ഉണ്ണിയാര്‍ച്ചയുടെ ചിത്രീകരണത്തിനുശേഷം മദിരാശിയിലെത്തി. അവിടെ കെ. വേലപ്പന്റെ സഹായിയായി. മേക്കപ്പ്, രംഗസംവിധാനമൊരുക്കല്‍ തുടങ്ങി ഒരേസമയം ഒന്നിലധികം ജോലികള്‍ നോക്കി. ശശികുമാര്‍ സംവിധാനം ചെയ്ത ബോബനും മോളിയും എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചമയക്കാരനായി. ഐ.വി. ശശിയുടെ മിക്ക ചിത്രങ്ങളിലെയും (അവളുടെ രാവുകള്‍ മുതല്‍ ശ്രദ്ധ വരെ) ചമയക്കാരന്‍ എം.ഒ. ദേവസ്യ ആയിരുന്നു.
പണിതീരാത്ത വീട്,
അടിയൊഴുക്ക്,
ആവനാഴി, 1921 തുടങ്ങിയ ചിത്രങ്ങളിലെ ചമയം വളരെ ശ്രദ്ധേയമായിരുന്നു. മലയാളത്തിനു പുറമേ, മറ്റു ഭാഷാചിത്രങ്ങളിലും ചമയക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ജി. ആറിന്റെ നാളൈ നമതേയുടെ ചമയക്കാരന്‍ ഇദ്ദേഹമാണ്. 1200-ലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്‍പത് മലയാള ചിത്രങ്ങളുടെ നിര്‍മാതാവുമാണ്. 1999-ലെ ഏറ്റവും നല്ല ചമയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2008 ജനു. 14-ന് 70-ാം വയസ്സില്‍ ചെന്നൈയില്‍ അന്തരിച്ചു.