This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദെക്കാര്‍ത്തെ, റെനെ (1596 - 1650)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദെക്കാര്‍ത്തെ, റെനെ (1596 - 1650)
Descartes,Rene
ഫ്രഞ്ച് ദാര്‍ശനികനും ഗണിതവിജ്ഞാനിയും. 'ആധുനിക പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു. കാര്‍ത്തേസിയൂസ് (Cartesius) എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. വിശ്ലേഷക ജ്യാമിതിയുടെ ആവിഷ്കര്‍ത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്. ഫ്രാന്‍സിലെ ലാ ഹേയ് (La Haye) എന്ന സ്ഥലത്ത് 1596 മാ. 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തില്‍ ജനിച്ചു. പിതാവ് യോവാക്കിം ദെക്കാര്‍ത്തെ ആണ്. 1604 മുതല്‍ 12 വരെ ലാ ഫെച്ച് എന്ന സ്ഥാപനത്തില്‍ വിദ്യാഭ്യാസം നടത്തി. തത്ത്വശാസ്ത്രം, ഊര്‍ജതന്ത്രം, തര്‍ക്കശാസ്ത്രം (Logic), ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ അഭ്യസിച്ചു. തുടര്‍ന്ന് നിയമബിരുദം നേടി. ഗണിതം, തത്ത്വശാസ്ത്രം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകള്‍. ഗണിതീയഭൗതികം, പ്രകാശികം, ശരീരശാസ്ത്രം എന്നിവയിലും താത്പര്യം പ്രകടിപ്പിച്ചു.
യൂറോപ്യന്‍ തത്ത്വചിന്തയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി ദെക്കാര്‍ത്തെയുടെ സിദ്ധാന്തങ്ങള്‍ ഗണിക്കപ്പെടുന്നു. മധ്യകാലഘട്ടത്തില്‍നിന്ന് ആധുനിക കാലത്തേക്കുള്ള ധിഷണാപരമായ വ്യതിയാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ദെക്കാര്‍ത്തെയുടെ ചിന്തകളിലാണ്. ആധുനിക കാലത്തെ പുരോഗമനപരമായ മാനവികതയും മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയും (Scholasticism) ദെക്കാര്‍ത്തെയുടെ ചിന്തകളില്‍ ദര്‍ശിക്കാവുന്നതാണ്. ശാസ്ത്രചിന്തകളെയും മതചിന്തകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആധുനിക സങ്കല്പങ്ങള്‍ക്ക് രൂപംനല്കിയതും ഇദ്ദേഹമാണ്.
ദെക്കാര്‍ത്തെയുടെ സിദ്ധാന്തങ്ങള്‍.
1. രീതിയെ സംബന്ധിച്ച ആശയങ്ങള്‍ (Cartesian method). തത്ത്വശാസ്ത്ര പഠനത്തിനും വിജ്ഞാനസമ്പാദനത്തിനും ഏറ്റവും പ്രധാന അവലംബം അതിന്റെ രീതി (method) ആണെന്ന് ദെക്കാര്‍ത്തെ വ്യക്തമാക്കി. സത്യാന്വേഷകന്‍ അവലംബിക്കേണ്ട മാര്‍ഗമാണ് രീതി. ദെക്കാര്‍ത്തെ ആവിഷ്കരിച്ച രീതിസിദ്ധാന്തം (Theory of method) ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്. ഒന്നാമതായി അത് സ്വയം പ്രകടമായ അടിസ്ഥാന വിവരത്തില്‍(self evident data)നിന്ന് ആരംഭിക്കുന്നു. രണ്ടാമതായി ആരംഭം കഴിഞ്ഞുള്ള ഓരോ ഘട്ടവും സ്വയം പ്രകടമായിരിക്കുന്നു. വിഘ്നം (interruption) കൂടാതെയുള്ള അനുക്രമഘട്ടങ്ങള്‍ കഴിഞ്ഞുമാത്രമേ ശരിയായ നിഗമനം രൂപംകൊള്ളുന്നുള്ളൂ. തത്ത്വശാസ്ത്രത്തിന്റെ ശരിയായ പഠനത്തിന് ഗണിതശാസ്ത്രത്തിന്റെ രീതിയാണ് ഉപയോഗിക്കേണ്ടത്. യുക്തിചിന്തയുടേതായ മാര്‍ഗത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്ന വസ്തുതകളില്‍ മാത്രമേ സത്യാന്വേഷകന്‍ തത്പരനാകാന്‍ പാടുള്ളൂ. ദെക്കാര്‍ത്തെയുടെ സിദ്ധാന്തമനുസരിച്ച് മനുഷ്യമനസ്സിന് പ്രകൃതിദത്തമായ ഒരു വെളിച്ചമുണ്ട്. അതിനാല്‍ ഇന്ദ്രിയപ്രത്യക്ഷത്തെ (sense perception) ആശ്രയിക്കാതെതന്നെ ഒരു പ്രശ്നത്തിന്മേല്‍ അറിവു നേടുവാന്‍ മനുഷ്യനു കഴിയും. അന്യൂനമായ ദൈവത്തെക്കുറിച്ചുള്ള അറിവ് ഇത്തരം പ്രകൃതിദത്തമായ വെളിച്ചത്തിലൂടെ ലഭിക്കുന്നതാണ്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുകവഴി മറ്റനേകം സത്യമായ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്കു പ്രാപ്തി കൈവരുന്നു. മനുഷ്യന്റെ മനസ്സില്‍ സുവ്യക്തമായ ആശയങ്ങള്‍ രൂപം കൊള്ളുന്നതിനുള്ള കാരണം ദൈവത്തിന്റെ അസ്തിത്വം തന്നെയാണ്. യുക്തിയുക്തമായ അപഗ്രഥന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്.
2. ശരീരവും ആത്മാവും. ശരീരവും ആത്മാവും ചേര്‍ന്നുള്ള പ്രതിഭാസമാണ് മനുഷ്യന്‍ എന്ന് ദെക്കാര്‍ത്തെ വിശ്വസിച്ചിരുന്നു, മനുഷ്യനു മാത്രമേ അമൂര്‍ത്തമായ ആത്മാവുള്ളൂ. മനുഷ്യന്റെ എല്ലാവിധ വികാരങ്ങളുടെയും ഉറവിടം ആത്മാവാണ്. സാധാരണ ജീവികള്‍ക്ക് ആത്മാവില്ലാത്തതിനാല്‍ അവയുടെ അവസ്ഥ യന്ത്രങ്ങളുടേതില്‍നിന്ന് വ്യത്യസ്തമല്ല. സാധാരണ ജന്തുക്കളില്‍ കാണുന്ന പ്രതികരണശേഷി കേവലം യാന്ത്രികമായ ചലനങ്ങള്‍ മാത്രമാണ്. മനുഷ്യന്റെ ഭൗതികശരീരം പ്രകൃതിയിലെ മറ്റു ജീവികളുടെ ശരീരത്തിനു സമാനം തന്നെ. മനുഷ്യന്റെ മരണവും ഭൗതികമായ ഒരു പ്രതിഭാസം മാത്രമാകുന്നു. മരണത്തിനുശേഷം മാത്രമേ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പെടുന്നുള്ളൂ. അല്ലാതെ, ശരീരത്തില്‍നിന്ന് ആത്മാവിന്റെ വേര്‍പെടല്‍ കാരണമല്ല മരണം സംഭവിക്കുന്നത്. ആത്മാവ്, ശരീരം എന്നിവ യോജിക്കുമ്പോള്‍ മാത്രമേ മനുഷ്യനു നിലനില്പുള്ളൂ. ശരീരത്തോടൊപ്പമാണെങ്കിലും ശരീരത്തില്‍നിന്ന് സ്വതന്ത്രമാംവിധമാണ് ആത്മാവ് നിലകൊള്ളുന്നത്. മനുഷ്യരില്‍ ആത്മാവെന്നും ശരീരമെന്നും രണ്ട് ഘടകങ്ങളുണ്ടെന്ന ചിന്ത ദെക്കാര്‍ത്തെയുടെ ദ്വൈതവാദത്തെ(dualism)യാണു സൂചിപ്പിക്കുന്നത്.
3. ഭൗതികശാസ്ത്രങ്ങള്‍ (Physical sciences). ഭൂമിയെ സംബന്ധിച്ചതോ പ്രപഞ്ചത്തെ സംബന്ധിച്ചതോ ആയ ഏതൊരു പ്രതിഭാസവും ഭൗതികശാസ്ത്രങ്ങളുടെ പരിധിയില്‍ വരുന്നുവെന്നാണ് ദെക്കാര്‍ത്തെയുടെ അഭിപ്രായം. ഭൗതികശാസ്ത്രങ്ങള്‍ പഠിക്കേണ്ടതും ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാവണം. ഭൗതികവസ്തുക്കളുടെ രണ്ട് രൂപഭേദങ്ങള്‍ മാത്രമാണ് സചേതനവസ്തുക്കളും അചേതനവസ്തുക്കളും (organic and inorganic matter). അതിനാല്‍ ഊര്‍ജതന്ത്രം, രസതന്ത്രം തുടങ്ങിയ ഭൌതികവിഷയങ്ങള്‍ പഠിക്കുന്ന അതേരീതി ഉപയോഗിച്ചുതന്നെ സസ്യശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ജീവശാസ്ത്രവിഷയങ്ങളും മനസ്സിലാക്കാവുന്നതാണ്. ഈ ആശയത്തെ ഉറപ്പിക്കുന്നതിനുവേണ്ടി 'ജന്തു' എന്ന പ്രതിഭാസത്തെ ദെക്കാര്‍ത്തെ വിശേഷിപ്പിച്ചത് 'ജീവിയന്ത്രം' എന്നായിരുന്നു. മനുഷ്യശരീരത്തെയും ഒരു ജീവിയന്ത്രമായി കരുതാമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു പദാര്‍ഥങ്ങളെ അപേക്ഷിച്ച് മനുഷ്യയന്ത്രത്തില്‍ സങ്കീര്‍ണതകള്‍ കൂടുതലുണ്ടെന്നു മാത്രം. ചിന്തിക്കാന്‍ കഴിവില്ലാത്ത ജന്തുക്കളും സാധാരണ യന്ത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല. സ്ഥലവികാസം (extension) എന്ന് ദെക്കാര്‍ത്തെ വിശേഷിപ്പിച്ച ഭൌതികലോകത്തെ മൊത്തത്തില്‍ ഒരു യന്ത്രസംവിധാനമായി മനസ്സിലാക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. ഭൗതികലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ സംഭവവികാസങ്ങളും ബലതന്ത്രനിയമത്തിന് (law of Mechanics) വിധേയമാണ്. അവയ്ക്ക് ബുദ്ധിയുടെ ആവശ്യമില്ല. എല്ലാം യാന്ത്രികമാംവിധം സംഭവിക്കുന്നു. താനേ പ്രവര്‍ത്തിക്കുന്ന ഒരു കൃത്രിമ യന്ത്രസംവിധാനത്തിന്റെ ഭാഗങ്ങള്‍ ചലിക്കുന്ന അതേ സ്വഭാവത്തോടുകൂടിത്തന്നെ ഭൌതികലോകത്തിലെ ജീവജാലങ്ങളും ചലിക്കുന്നു.
യൂറോപ്പിലെ ബൗദ്ധിക ജീവിതമണ്ഡലത്തില്‍ പുതിയ രീതിയിലുള്ള ചില ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ദെക്കാര്‍ത്തെയുടെ ചിന്തകള്‍ക്കു കഴിഞ്ഞു. ഇദ്ദേഹം രൂപംനല്കിയ യുക്തിവാദങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും എതിര്‍ത്തു. കത്തോലിക്കര്‍ ആരും ദെക്കാര്‍ത്തെയുടെ കൃതികള്‍ വായിക്കരുതെന്ന് 1663-ല്‍ മാര്‍പാപ്പ നിരോധനം ഏര്‍പ്പെടുത്തി. പാരമ്പര്യവിജ്ഞാനികളായ ശാസ്ത്രജ്ഞന്മാര്‍ ദെക്കാര്‍ത്തെയുടെ ഭൌതികശാസ്ത്രസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചാരഹിത മനോഭാവത്തോടെ ഖണ്ഡിച്ചു. എന്നാല്‍ ഏറെ താമസിയാതെ ദെക്കാര്‍ത്തെയുടെ ആശയങ്ങളുടെ സ്വാധീനം തത്ത്വശാസ്ത്രം, ശാസ്ത്രീയവിജ്ഞാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ ഉള്‍പ്പെടെ എല്ലാ വിജ്ഞാനശാഖകളിലും പ്രകടമായി. പല യൂറോപ്യന്‍ രാജ്യങ്ങളിലും 18-ാം ശ.-ത്തില്‍ ശക്തമായിത്തീര്‍ന്ന ഭൗതികവാദത്തിന്റെ (Materialism) അടിസ്ഥാനം ദെക്കാര്‍ത്തെയുടെ ചിന്തകള്‍തന്നെയായിരുന്നു. ആധുനികകാലത്തുള്ള ആശയവാദത്തിന്റെ (Idealism) വളര്‍ച്ചയ്ക്കും ദെക്കാര്‍ത്തിയന്‍ ചിന്തകള്‍ സഹായകരമായി.
ഗണിതശാസ്ത്രരംഗത്ത് ഇദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇന്നും പ്രസക്തമായിരിക്കുന്നു. ജ്യാമിതീയ പ്രശ്നങ്ങളില്‍ ബീജഗണിതത്തിന്റെ ഉപയോഗം കണ്ടെത്തിയത് ദെക്കാര്‍ത്തെയായിരുന്നു. ഏതെങ്കിലും പ്രതലത്തിലുള്ള ഒരു ബിന്ദുവിന്റെ ആപേക്ഷിക സ്ഥാനനിര്‍ണയനത്തിന് നിര്‍ദേശാങ്കങ്ങളായി സംഖ്യകളെ ആശ്രയിക്കാമെന്ന അടിസ്ഥാന ആശയം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇതിലൂടെ വിശ്ളേഷക ജ്യാമിതി എന്ന ഗണിതശാഖയ്ക്കു രൂപംനല്കാന്‍ (1637) ഇദ്ദേഹത്തിനു കഴിഞ്ഞു. നിര്‍ദേശിതമായ പ്രതലത്തെ, നിയതമായ ഒരു ബിന്ദുവില്‍ ഖണ്ഡിക്കുന്ന രണ്ട് ലംബരേഖകള്‍കൊണ്ട് നിര്‍വചിച്ചാല്‍, ഈ രേഖകളെ ആധാരമാക്കി കേവലം രണ്ട് അക്കങ്ങള്‍/സംഖ്യകള്‍ ഉപയോഗിച്ച്, ആ പ്രതലത്തിലെ ഏതു ബിന്ദുവിന്റെയും സ്ഥാനനിര്‍ണയനം നടത്താമെന്ന് ഇദ്ദേഹം സ്ഥാപിച്ചു. സ്വതന്ത്രമായുള്ള ഒരു ചരവും അതിന്റെ മൂല്യത്തെ ആശ്രയിക്കുന്ന മറ്റൊരു ആശ്രയചരവും (dependent variable) തമ്മിലുള്ള ബന്ധം ഒരു വാക്യത്തിലൂടെ നിര്‍വചിക്കാന്‍ കഴിയുമെങ്കില്‍ അവയുടെ വിവിധ മൂല്യങ്ങള്‍ കാര്‍ട്ടീഷ്യന്‍ രീതിയില്‍ രേഖപ്പെടുത്തുകവഴി അത്തരം ബിന്ദുക്കളുടെ ഒരു പഥം അഥവാ ലേഖ ലഭ്യമാകുമെന്നും ദെക്കാര്‍ത്തെ കാണിച്ചു. ബീജഗണിതവുമായി ജ്യാമിതീയാശയങ്ങളെ കൂട്ടിയോജിപ്പിച്ച് ഏതുതരം വക്രങ്ങളുടെയും സമവാക്യങ്ങള്‍ കണ്ടെത്തുവാന്‍ വിശ്ലേഷക ജ്യാമിതി സഹായകമായി. ദെക്കാര്‍ത്തെയുടെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും ചുവട്ടില്‍ തന്റെ പേരിന്റെ ലത്തീന്‍ രൂപമായ 'റെനേയസ് കാര്‍ട്ടീഷ്യസ്' എന്ന പേരാണ് ഇദ്ദേഹം നല്കിപ്പോന്നത്. ഇക്കാരണത്താല്‍ ഇദ്ദേഹത്തെ ആദരിച്ച് 'കാര്‍ട്ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍' എന്ന സംജ്ഞ പ്രചാരത്തില്‍ വന്നു.
ബീജഗണിത സമവാക്യങ്ങളില്‍ മൂല്യങ്ങള്‍ നിര്‍ണയിക്കുന്നതിനായി സമവാക്യത്തിലുള്ള ചിഹ്നത്തിന്റെ എണ്ണത്തെ കുറിക്കുന്ന നിയമവും ദെക്കാര്‍ത്തെയുടെ സംഭാവനയാണ് (Descarte's Rule of Signs).സമവാക്യങ്ങളില്‍, സമചിഹ്ന(=)ത്തിനുപകരം αx എന്നീ ചിഹ്നങ്ങളാണ് ദെക്കാര്‍ത്തെ തന്റെ കൃതികളില്‍ ഉപയോഗിച്ചുകാണുന്നത്. അജ്ഞാതരാശികളെ സൂചിപ്പിക്കുവാന്‍ അക്ഷരമാലയിലെ അവസാന അക്ഷരങ്ങള്‍ (x,y,z) ആദ്യമായി ഉപയോഗിച്ചതും ദെക്കാര്‍ത്തെയാണ്. ഘാത(exponent)ങ്ങളുടെ നിദര്‍ശനവും വര്‍ഗമൂലങ്ങള്‍ക്കുള്ള ചിഹ്നവും ഇദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.
തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സഞ്ചാര തത്പരനായിരുന്നു ദെക്കാര്‍ത്തെ. 1617-ല്‍ നെതര്‍ലന്‍ഡ്സിലേക്ക് പട്ടാള ഓഫീസര്‍ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു (1628-49). പാരിസ് (1619-27), ഇറ്റലി (1623-24), ഹോളണ്ട്, ജര്‍മനി, ആസ്റ്റ്രിയ, ഡെന്‍മാര്‍ക്ക്, പോളണ്ട്, ഹംഗറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതായിക്കാണുന്നു.
സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ പ്ളേറ്റോയുടെ കാലത്തിനുശേഷം ദെക്കാര്‍ത്തേക്കു കഴിഞ്ഞതുപോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികള്‍ ഡിസ്കോഴ്സ് ഓണ്‍ മെഥേഡ് (1637), മെറ്റാഫിസിക്കല്‍ മെഡിറ്റേഷന്‍ (1641), ദ് പ്രിന്‍സിപ്പിള്‍സ് ഒഫ് ഫിലോസഫി (1644), പാഷന്‍ ഒഫ് ദ് സോള്‍ (1649), റെഗുലെ അഡ്സിറക്റ്റിയോനെം ഇന്‍ (മനസ്സിന്റെ നിര്‍ദേശത്തിനുള്ള നിയമങ്ങള്‍), മെഡിറ്റേഷന്‍സ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദര്‍ശനത്തെക്കുറിച്ചുള്ള ചിന്തകള്‍) എന്നിവയാണ്.
1649-ല്‍ സ്വീഡനിലെ ക്രിസ്റ്റീനാ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ദെക്കാര്‍ത്തെ സ്വീഡനിലെത്തി. രാജ്ഞിയുടെ അതിഥിയായി കഴിഞ്ഞുവരവെ 1650 ഫെ. 11-ന് ദെക്കാര്‍ത്തെ അന്തരിച്ചു.
(പ്രൊഫ. നേശന്‍ ടി. മാത്യു; സ.പ.)