This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീപാ മേത്ത (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീപാ മേത്ത (1950 - )

ഇന്‍ഡോ-കനേഡിയന്‍ ചലച്ചിത്ര സംവിധായിക. 1950-ല്‍ പാക്-ഇന്ത്യന്‍ അതിര്‍ത്തിപ്രദേശമായ അമൃത്സറില്‍ ജനിച്ചു. വിഭജനകാലത്ത് പാകിസ്താനിലേക്കു കുടിയേറിയ ഹൈന്ദവ കുടുംബമായിരുന്നു ഇവരുടേത്. പിതാവ് ചലച്ചിത്ര വിതരണക്കാരനും തിയെറ്റര്‍ ഉടമയുമായിരുന്നു. അത് ചെറുപ്പത്തിലേ ധാരാളം ചിത്രങ്ങള്‍ കാണുന്നതിന് ഇവര്‍ക്ക് അവസരമൊരുക്കി. എന്നാല്‍ ഇവര്‍ ചലച്ചിത്രകാരിയായത് യാദൃച്ഛികമായാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ഫിലോസഫിയില്‍ ബിരുദമെടുത്തുകഴിഞ്ഞ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത് ഇന്ത്യാഗവണ്മെന്റിനുവേണ്ടി വിദ്യാഭ്യാസ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലായിരുന്നു. അത് ദീപയിലെ ചലച്ചിത്രകാരിയുടെ പിറവിക്ക് ഒരു നിമിത്തമായി. അക്കാലത്ത് സ്വന്തം തറവാട്ടില്‍ ജോലിചെയ്തിരുന്ന ഒരു പതിനഞ്ചുകാരി വിവാഹിതയായപ്പോള്‍ ആ കുട്ടിയുടെ ജീവിതകഥയില്‍നിന്ന് ബാല്യവിവാഹത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു. അതാണ് ആദ്യ ചിത്രം.

ദീപാ മേത്ത

ഡല്‍ഹിയില്‍ റിസര്‍ച്ച് ചെയ്യുകയായിരുന്ന കനേഡിയന്‍ സംവിധായകന്‍ പോള്‍ സാള്‍ട്സ്മാനുമായുണ്ടായ അടുപ്പം ദീപയുടെ ജീവിതത്തിലെന്നപോലെ ചലച്ചിത്ര ജീവിതത്തിലെയും വഴിത്തിരിവായി. 1973-ല്‍ അദ്ദേഹത്തെ വിവാഹം കഴിച്ച് ദീപ ടൊര്‍നാഡോയില്‍ താമസമാക്കി. അവിടെ സഹോദരന്‍ ദിലീപുമൊത്ത് ദീപ 'സണ്‍റൈസ് ഫിലിംസ്' എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനി രൂപവത്കരിക്കുകയും ടെലിവിഷന്‍ ഡോക്യുമെന്ററികള്‍ നിര്‍മിച്ചു തുടങ്ങുകയും ചെയ്തു.

ദീപയുടെ പ്രഥമ കനേഡിയന്‍ ചലച്ചിത്രസംരംഭം വിഖ്യാത ഡോക്യുമെന്ററിയായ അറ്റ് 99 : എ പോര്‍ട്രെയ്റ്റ് ഒഫ് ലൂയിസ് ടാന്‍ഡി ആണ്. 1974-ലായിരുന്നു ഇത്. തുടര്‍ന്ന് സാള്‍ട്ട്സ്മാനുമായി ചേര്‍ന്ന് സ്പ്രെഡ് യുവര്‍ വിങ്സ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പരമ്പര നിര്‍മിച്ചു. പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ കൂടിയായ തന്റെ സഹോദരന്‍ ദീലീപിനെക്കുറിച്ചായിരുന്നു ദീപയുടെ അടുത്ത ചിത്രം - ട്രാവലിങ് ലൈറ്റ് (1985). ഈ ചിത്രം മൂന്ന് ജെമിനി അവാര്‍ഡുകള്‍ നേടുകയും 1987-ലെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫെസ്റ്റിവലില്‍ 'ഫൈനലിസ്റ്റ്' ആവുകയും ചെയ്തു.

1987-ല്‍ ഇവര്‍ നിര്‍മിക്കുകയും സഹസംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് മാര്‍ത്ത, റൂത്ത് ആന്‍ഡ് എഡി. ഇത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. 11-ാമത് ഫ്ലോറന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ചലച്ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.

ദീപയുടെ പ്രഥമ ഫീച്ചര്‍ ചിത്രമായ സാം ആന്‍ഡ് മി 1988-ലാണ് നിര്‍മിക്കപ്പെട്ടത്. 1991-ല്‍ ഇത് കാനിലെ കാമറാഡിയോര്‍ കാറ്റഗറിയില്‍ പ്രത്യേക പരാമര്‍ശം നേടി. തുടര്‍ന്ന് ജോര്‍ജ് ലൂക്കാസിന്റെ ടെലിവിഷന്‍ പരമ്പരയായ ദ് യങ് ഇന്ത്യാന ജോണ്‍സ് ക്രോണിക്കിളും ബിഗ് ബജറ്റ് ഫീച്ചര്‍ ആയ കാമില(1994)യും സംവിധാനം ചെയ്തു.

വാട്ടര്‍ എന്ന ചലച്ചിത്രത്തിലെ ഒരു ദൃശ്യം

1995-ല്‍ വിവാഹമോചിതയായ ഇവര്‍ ഏറെ വിവാദമുയര്‍ത്തിയ ലെസ്ബിയന്‍ ചിത്രമായ ഫയറിലൂടെ വിശ്വപ്രസിദ്ധയായി. 1997-ലെ വെറോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത് ഇന്റര്‍ നാഷണല്‍ ജൂറി പ്രൈസ് നേടി. ഒരു 'സാര്‍വദേശീയ ചലച്ചിത്രം' എന്നാണ് നിരൂപകര്‍ ആ ചിത്രത്തെക്കുറിച്ചു പറഞ്ഞത്.

1998-ല്‍ ദീപാ മേത്തയുടെ ഇന്ത്യന്‍ ചലച്ചിത്രത്രയത്തിലെ രണ്ടാം ചിത്രമായ എര്‍ത്ത് (1998) യാഥാര്‍ഥ്യമായി. ഇന്ത്യാവിഭജനകാലം ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. 1998-ലെ ടൊര്‍നാഡോ ഫിലിം ഫെസ്റ്റിവലിലാണ് ഇത് ആദ്യം പ്രദര്‍ശിപ്പിച്ചത്. അക്കാദമി അവാര്‍ഡിനായുള്ള 1999-ലെ ഇന്ത്യന്‍ പങ്കാളി ഈ ചലച്ചിത്രമായിരുന്നു.

ഇന്ത്യന്‍ ചലച്ചിത്രത്രയത്തിലെ മൂന്നാം ചിത്രമായ വാട്ടര്‍ 2000-ത്തില്‍ പൂര്‍ത്തിയായി. ഹിന്ദു വര്‍ഗീയവാദികള്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു.

അടുത്ത ചിത്രം റിപ്പബ്ളിക്ക് ഒഫ് ലവ് (2003) ആയിരുന്നു. സാര്‍വലൗകിക മൂല്യങ്ങളുള്ള ചലച്ചിത്രങ്ങള്‍ നിര്‍ഭയയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്രകാരിയാണ് ഇവര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍