This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദീക്ഷിത്, ജെ.എന്‍. (1936 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദീക്ഷിത്, ജെ.എന്‍. (1936 - 2005)
കേരളീയനായ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍. ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പല വിദേശരാജ്യങ്ങളിലും ദീക്ഷിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതീന്ദ്രനാഥ് ദീക്ഷിത് എന്നാണ് പൂര്‍ണമായ പേര്. പ്രശസ്ത മലയാള നാടക രചയിതാവായ മുന്‍ഷി പരമുപിള്ളയുടെയും രത്നമയീദേവിയുടെയും മകനായി 1936 ജനു. 8-ന് ജനിച്ചു. മധ്യ ഇന്ത്യയിലും ഡല്‍ഹിയിലും രാജസ്ഥാനിലും ആയിരുന്നു വിദ്യാഭ്യാസം. തത്ത്വശാസ്ത്രം, ധനതത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ വിഷയങ്ങളില്‍ ബിരുദം എടുത്തു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ ലോയിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും മാസ്റ്റര്‍ബിരുദം നേടി. പില്ക്കാലത്ത് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ഭാഗമായിത്തീര്‍ന്ന സ്കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലാണ് ഇദ്ദേഹം ഗവേഷണത്തിനു ചേര്‍ന്നത്.
1958-ല്‍ ദീക്ഷിത് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു. മെക്സിക്കോ, ചിലി, ടോക്യോ, വിയന്ന, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ നയതന്ത്രജ്ഞനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. വിദേശകാര്യവകുപ്പില്‍ കുറച്ചുകാലം പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ഐക്യരാഷ്ട്രസഭാകാര്യങ്ങളുടെയും ചുമതല വഹിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിലും ജനറല്‍ അസംബ്ലിയിലും ഇദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്തു. കോമണ്‍വെല്‍ത്ത് സമ്മേളനത്തിലും ചേരിചേരാ സമ്മേളനത്തിലും സാര്‍ക് (SAARC) സമ്മേളനത്തിലും ഇന്ത്യയുടെ ഔദ്യോഗിക സംഘത്തെ നയിക്കുവാനുള്ള അവസരവും ദീക്ഷിതിന് ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, യുനെസ്ക്കോ (UNESCO) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലും ഇദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായതോടെ അവിടത്തെ ആദ്യ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെട്ടത് ദീക്ഷിത് ആയിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ വിദേശകാര്യ വകുപ്പിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വക്താവായി 1979-82 കാലഘട്ടത്തില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ അംബാസഡറായി സേവനമനുഷ്ഠിച്ചു. ഇന്ത്യാ-ശ്രീലങ്കാ കരാറിനു രൂപംനല്കുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും വിദേശകാര്യ സര്‍വീസിന്റെ മേധാവിയായും 1991-ല്‍ നിയമിതനായി. 1994-ല്‍ ഇദ്ദേഹം ഗവണ്മെന്റ് സര്‍വീസില്‍നിന്നു വിരമിച്ചു.
ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഉള്‍ പ്പെടെ ഇന്ത്യയിലെയും വിദേശങ്ങളിലെയും പല സര്‍വകലാശാലകളിലും അക്കാദമിക സ്ഥാപനങ്ങളിലും ദീക്ഷിത് പ്രഭാഷണം നടത്തുകയും വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പത്ര-മാസികകളിലും മറ്റ് അക്കാദമിക ജേര്‍ണലുകളിലും വിദേശകാര്യം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങള്‍ എഴുതിയിരുന്നു. അനാറ്റമി ഒഫ് എ ഫ്ളാവ്ഡ് ഇന്‍ഹെറിറ്റന്‍സ് (1995), അസൈന്‍മെന്റ് കൊളംബോ (1997), എക്രോസ് ബോര്‍ഡേഴ്സ് (1998), ആന്‍ അഫ്ഗാന്‍ ഡയറി (2000), ഇന്ത്യന്‍ ഫോറിന്‍ പോളിസി-ചലഞ്ചസ് ഒഫ് ടെററിസം (2002) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായുള്ള ഗവണ്മെന്റ് നിലവില്‍ വന്നതോടെ 2004 മേയില്‍ ദീക്ഷിത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായി.
2005 ജനു. 3-ന് ദീക്ഷിത് നിര്യാതനായി. മരണാനന്തരം 2005 ജനു.-ല്‍ പദ്മവിഭൂഷണ്‍ ബഹുമതി നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.