This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിവാകരന്‍ പോറ്റി, ഇ.കെ. (1918 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദിവാകരന്‍ പോറ്റി, ഇ.കെ. (1918 - 2005)
മലയാള വിവര്‍ത്തകന്‍. തൃശൂരിലെ പുത്തന്‍ചിറയില്‍ എടമന കൃഷ്ണന്‍ പോറ്റിയുടെയും ദേവകീ അന്തര്‍ജനത്തിന്റെയും മകനായി 1918-ല്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. 1940-ലെ സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ കൊച്ചി സ്റ്റേറ്റില്‍ മലയാളത്തിന് ഒന്നാം സ്ഥാനത്തോടെ ജയിച്ചു. തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഹിന്ദി വിദ്വാന്‍, മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാളം വിദ്വാന്‍ എന്നീ പരീക്ഷകളും പാസ്സായി. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. 1950-ല്‍ ആലുവ കിഴക്കമ്പലം ഹൈസ്കൂളില്‍ ഹിന്ദി അധ്യാപകനായി. തുടര്‍ന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
ഹിന്ദി പഠനത്തിനിടയില്‍ ദിവാകരന്‍ പോറ്റി പ്രേംചന്ദിന്റെ കൃതികള്‍ ആഴത്തില്‍ പഠിക്കുകയുണ്ടായി. പ്രേംചന്ദിന്റെ കൃതികളിലെ പ്രതിജ്ഞാബദ്ധതയും നിറം പിടിപ്പിക്കാത്ത ജീവിത ചിത്രീകരണവും ഇദ്ദേഹത്തെ സ്വാധീനിക്കുകയും ചെയ്തു. മലയാളത്തിന് പ്രേംചന്ദിനെ പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രസക്തിയും തിരിച്ചറിഞ്ഞ പോറ്റി ക്രമേണ പ്രേംചന്ദ് കൃതികളുടെ വിവര്‍ത്തനത്തിലേക്കു കടന്നു. സേവാസദന്‍ മുതല്‍ ഗോദാന്‍ വരെയുള്ള 10 നോവലുകളും പ്രേമ് പഞ്ചമിയിലെ കഥകളും പ്രേമ് കീ വേദി എന്ന നാടകവും വിവര്‍ത്തനം ചെയ്തു. കൂടാതെ യശ്പാലിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്, രാഹുല്‍ സാംകൃത്യായന്റെ വോള്‍ഗ മുതല്‍ ഗംഗ വരെ, ജൂലിയസ് ഫ്യൂച്ചെക്കിന്റെ കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍, യൂഗോവിന്റെ കടുക്മരം, ഖലില്‍ ജിബ്രാന്റെ നിഷേധികള്‍ എന്നീ കൃതികളും പോറ്റിയുടെ വിഖ്യാത വിവര്‍ത്തന ഗ്രന്ഥങ്ങളാണ്.
കുട്ടിക്കാലം മുതല്‍ ഇദ്ദേഹം കഥകളും കവിതകളും എഴുതിയിരുന്നു. ഒമ്പതാം ക്ലാസ്സില്‍ എത്തിയപ്പോള്‍ 51 കവിതകളുടെ സമാഹാരമായ പ്രഥമാഞ്ജലി സ്വന്തമായി പ്രസിദ്ധീകരിച്ചു. നാളത്തെപ്രഭാതമെന്ന മറ്റൊരു കവിതാസമാഹാരവും പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെട്ടപ്പോള്‍ സമരങ്ങളുടെ ഇടയില്‍ പാടാന്‍ പാട്ടുകളും എഴുതിയിരുന്നു. വിജയരംഗം, ബലിപീഠത്തില്‍ എന്നിവ അക്കാലത്ത് എഴുതിയ നാടകങ്ങളാണ്. കൊച്ചിരാജാവിന്റെ ഐക്യകേരളത്തെക്കുറിച്ചുള്ള ഒരു പ്രഖ്യാപനത്തെ അപഹസിച്ചുകൊണ്ട് എഴുതിയ അരിയിട്ടുവാഴ്ച എന്ന കൃതി കൊച്ചിയില്‍ നിരോധിക്കപ്പെട്ടു.
പ്രേംചന്ദിന്റെ ക്ലാസ്സിക് മാനമുള്ള കൃതികളുടെ മഹത്ത്വം വളരെ നേരത്തെ കണ്ടറിഞ്ഞ് അവ മലയാളത്തിലാക്കുന്നതില്‍ ദിവാകരന്‍ പോറ്റി ചരിത്രപരമായ പങ്കു വഹിച്ചു. ഇദ്ദേഹത്തിന് 1980-ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡും 1990-ലെ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
2005 ജൂല. 23-ന് ഇദ്ദേഹം അന്തരിച്ചു.