This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിവാകരന്‍, ടി.കെ. (1920 - 76)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദിവാകരന്‍, ടി.കെ. (1920 - 76
കേരളത്തിലെ രാഷ്ട്രീയനേതാവും മുന്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയും. റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി.)യുടെ സമുന്നത നേതാക്കളില്‍ ഒരാളായിരുന്നു ടി.കെ. ദിവാകരന്‍.
1920-ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കൊല്ലം ലേബര്‍ യൂണിയന്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇതോടെ തൊഴിലാളി-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങി. തൊഴിലാളികളുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞ് അവരുടെ ആദരണീയ നേതാവായി മാറിയ വ്യക്തിയായിരുന്നു ടി.കെ. ദിവാകരന്‍. കൊല്ലത്തെ തൊഴിലാളിപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ എന്‍. ശ്രീകണ്ഠന്‍ നായര്‍, കണ്ണന്തോടത്ത് ജനാര്‍ദനന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ടി.കെ. ദിവാകരനും നിര്‍ണായക പങ്കുവഹിച്ചു.
1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഉത്തരവാദഭരണ പ്രക്ഷോഭണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പലതവണ ഇദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പരമാധികാര സമിതിയായ എ.റ്റി.സി.സി. യിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറി.
1940-കളുടെ തുടക്കത്തില്‍ കമ്യൂണിസത്തെയും സോഷ്യലിസത്തെയും കുറിച്ചുള്ള ഗ്രന്ഥങ്ങളിലൂടെ ഇടതുപക്ഷ ചിന്താഗതി ടി.കെ. ദിവാകരനില്‍ രൂഢമായി. താമസിയാതെ ഇദ്ദേഹം കോണ്‍ഗ്രസ്സിലെ ഇടതുപക്ഷത്തിന്റെ നേതൃത്വനിരയിലേക്ക് ഉയര്‍ന്നു. അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് നിലവില്‍വന്നപ്പോള്‍ ടി.കെ. ദിവാകരന്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറിയ ഇദ്ദേഹം തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിലെ സോഷ്യലിസ്റ്റുകാരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍, 1947-നുശേഷം അഖിലേന്ത്യാ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ കേരളത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ.എസ്.പി.) എന്ന പുതിയ കക്ഷിയുണ്ടാക്കിയപ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ടി.കെ. ദിവാകരന്‍.
1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ആര്‍. ശങ്കറിനെതിരെ മത്സരിച്ചത് ടി.കെ. ദിവാകരനായിരുന്നു. തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തോടെ ആര്‍. ശങ്കര്‍ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിനുശേഷമാണ് ടി.കെ. ദിവാകരന്‍ ഉള്‍ പ്പെട്ട കെ.എസ്.പി.യിലെ ഒരു വിഭാഗം ആര്‍.എസ്.പി.യായി മാറിയത്. 1952-ല്‍ കൊല്ലത്തുനിന്ന് ആര്‍. ശങ്കറിനെതിരെ മത്സരിച്ച് വിജയിച്ചുകൊണ്ട് ടി.കെ. ആദ്യമായി തിരുക്കൊച്ചി നിയമസഭയില്‍ അംഗമായി. 1952-ലെ തിരുക്കൊച്ചി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഉപനേതാവായിരുന്നു ഇദ്ദേഹം. പ്രശ്നങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിലുള്ള പ്രാഗല്ഭ്യവും നിയമസഭാ നടപടിക്രമങ്ങളിലുള്ള അറിവും ഇദ്ദേഹത്തെ മികച്ച സാമാജികനാക്കി. 1954-ല്‍ വീണ്ടും കൊല്ലത്തെ പ്രതിനിധാനം ചെയ്ത് തിരുക്കൊച്ചി നിയമസഭയിലെത്തി.
1957-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഐക്യമുന്നണിയില്‍നിന്നു തെറ്റിപ്പിരിഞ്ഞ ആര്‍.എസ്.പി. ഒറ്റയ്ക്കു മത്സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ടി.കെ. പരാജയപ്പെട്ടു. പിന്നീട് 1962 മുതല്‍ 67 വരെ കൊല്ലം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ആര്‍.എസ്.പി.യും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വീണ്ടും ഒന്നിച്ച 1967-ലെ തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്നു വിജയിച്ച ഇദ്ദേഹം ഇ.എം.എസ്സിന്റെ സപ്തകക്ഷി മന്ത്രിസഭയില്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയായി. എന്നാല്‍ മന്ത്രിസഭയിലെ പ്രമുഖ കക്ഷികളായ സി.പി.ഐ-ഉം സി.പി.എം-ഉം തമ്മിലുള്ള ബന്ധം ശിഥിലമായതോടെ ഈ മന്ത്രിസഭ നിലംപതിച്ചു. തുടര്‍ന്ന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായുള്ള മാര്‍ക്സിസ്റ്റിതര മന്ത്രിസഭ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയ്ക്കു പിന്തുണ നല്കാന്‍ ആര്‍.എസ്.പി.യുടെ ദേശീയ നേതൃത്വം കേരളാ ഘടകത്തിന് അനുവാദം നല്കിയെങ്കിലും മന്ത്രിസഭയില്‍ പങ്കാളിയാകുന്നതിനോട് വിയോജിപ്പായിരുന്നു. അതിനാല്‍ മന്ത്രിസഭയില്‍ ചേരാതെ നിയമസഭാ നേതാവായി ടി.കെ. ദിവാകരന്‍ പ്രവര്‍ത്തിച്ചു. 1970-ലെ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്ന അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഇദ്ദേഹം പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരുന്നു.
1976 ജനു.19-ന് ടി.കെ. ദിവാകരന്‍ അന്തരിച്ചു.