This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിനചര്യ, ആയുര്‍വേദത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിനചര്യ, ആയുര്‍വേദത്തില്‍

ആരോഗ്യപരിരക്ഷണത്തിനായി ഒരു വ്യക്തി നിത്യവും അനുഷ്ഠിക്കേണ്ട ചര്യകള്‍. സുശ്രുതസംഹിത, അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം തുടങ്ങി എല്ലാ ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഇതിനെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ശരീര-മനസ്സുകളുടെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി അനുശാസിക്കപ്പെട്ടിട്ടുള്ള സ്വസ്ഥവൃത്തവും രോഗഗ്രസ്തമായ അവസ്ഥയില്‍ അവയെ അതില്‍നിന്നു മുക്തമാക്കുന്നതിനായി നിര്‍ദേശിച്ചിരിക്കുന്ന ആതുരവൃത്തവും ആയുര്‍വേദചികിത്സയുടെ രണ്ട് പ്രധാന ഘടകങ്ങളാണ്. ശാസ്ത്രോക്തമായ ദിനചര്യാക്രമം കാലാനുസൃതമായി പരിഷ്കരിച്ചു നടപ്പിലാക്കുന്നത് ആരോഗ്യപരിപാലനത്തിനും ഒപ്പം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ഉപകരിക്കും.

'സമദോഷ: സമാഗ്നിശ്ച സമധാതുമലക്രിയ:

പ്രസന്നാത്മേന്ദ്രിയമന: സ്വസ്ഥ ഇത്യഭിധീയതേ.'

(സുശ്രുതസംഹിത)

സ്വാസ്ഥ്യം എന്നതുകൊണ്ട് ശരീരത്തിന്റെയും മനസ്സിന്റെയും പ്രസന്നതയാണ് ലക്ഷ്യമാക്കുന്നത്. ദിനം എന്നാല്‍ ദിനരാത്രങ്ങളുള്‍പ്പെട്ട എട്ട് യാമങ്ങളുള്ള ദിവസം എന്നാണ് അര്‍ഥമാക്കുന്നത്; ഒരു യാമമെന്നാല്‍ മൂന്ന് മണിക്കൂര്‍ അഥവാ രണ്ട് മുഹൂര്‍ത്തം. സ്വാസ്ഥ്യം കാംക്ഷിക്കുന്ന വ്യക്തി ആദ്യമായി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള 1മ്മ മണിക്കൂര്‍ സമയം) ഉണര്‍ന്നെഴുന്നേല്ക്കണം. തുടര്‍ന്ന് മംഗളകരമായ വസ്തുക്കള്‍ ദര്‍ശിക്കണം. മനസ്സിന്റെ സന്തോഷമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അനന്തരം പ്രഭാതത്തില്‍ത്തന്നെ ശൌചാദികര്‍മങ്ങള്‍ നിര്‍വഹിക്കണം. വയറു വീര്‍പ്പ്, വേദന, അധോവാതജന്യമായ മറ്റ് അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുറഞ്ഞ് ശരീരലാഘവം അനുഭവപ്പെടാന്‍ ഇതു സഹായിക്കുന്നു. തുടര്‍ന്ന് കൈകാലുകളും മുഖവും ശുദ്ധജലംകൊണ്ട് കഴുകി ശുചിയാക്കുന്നതുവഴി ചക്ഷുരാദി ഇന്ദ്രിയങ്ങള്‍ മാലിന്യങ്ങളകന്ന് ശുദ്ധമാകുന്നു. ദന്തധാവനമാണ് അടുത്തത്. അതിന് കയ്പ്, മധുരം, ചവര്‍പ്പ് എന്നീ രസപ്രാധാന്യമുള്ള വേപ്പ്, ഇരട്ടിമധുരം, കരിങ്ങാലി തുടങ്ങിയവയുടെ കമ്പുകള്‍ ചതച്ച് മൃദുവാക്കി ഉപയോഗിക്കണം. ജിഹ്വാ, താലു, ഗളം എന്നീ ഭാഗങ്ങളില്‍ രോഗമുള്ളപ്പോഴും മദാത്യയം, മോഹാലസ്യം എന്നീ അവസ്ഥകളിലും ദന്തധാവനം ഒഴിവാക്കുന്നതാണ് നല്ലത്. ദന്തരോഗങ്ങളുണ്ടാവാതിരിക്കുവാനായി ഉമിക്കരിയില്‍ തേനും ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ചതുംചേര്‍ത്ത് ദന്തമാംസങ്ങള്‍ക്കു കേടുവരാത്തരീതിയില്‍ രാവിലെയും വൈകിട്ടും ആഹാരശേഷവും പല്ലുതേയ്ക്കാന്‍ വിധിക്കുന്നുണ്ട്. മൂര്‍ച്ചയില്ലാത്ത അഗ്രമുള്ള തകിട്, കമ്പ്, ഇല എന്നിവയിലേതെങ്കിലുംകൊണ്ട് ജിഹ്വാശുദ്ധിയും വരുത്തേണ്ടതാണ്. വീണ്ടും വായ കഴുകുവാന്‍ ചൂടുവെള്ളമോ ശുദ്ധജലമോ ഉപയോഗിക്കാം. ആസ്യലാഘവത്തിനും ദന്തഹര്‍ഷം, അരോചകം തുടങ്ങിയ മുഖരോഗങ്ങളുടെ ശമനത്തിനും ഇതു നല്ലതാണ്. മുഖകാന്തി, സ്നിഗ്ധത എന്നിവ കൈവരുത്തുവാനും മുഖക്കുരു, കാക്കപ്പുള്ളി എന്നിവയില്ലാതാക്കുവാനും ചൂടുള്ള വെള്ളമോ പാലോ കൊണ്ട് മുഖം കഴുകുന്നത് നന്ന്. ചക്ഷുരാദി ഇന്ദ്രിയങ്ങളുടെ പരിചരണമാണ് പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുത. സൂക്ഷ്മമായ കാഴ്ചശക്തിക്കും കണ്‍പീലികളുടെ ഉറപ്പ്, വളര്‍ച്ച എന്നിവയ്ക്കുംവേണ്ടി നിത്യവും അഞ്ജനമെഴുതേണ്ടതാണ്. കഫാധിക്യമുള്ള രോഗങ്ങളുണ്ടാകാനിടയുള്ളതിനാല്‍ ആഴ്ചയിലൊരിക്കലെങ്കിലും രസാഞ്ജനമെഴുതുവാനും വിധിക്കുന്നുണ്ട്. നേത്രരോഗങ്ങളുണ്ടാകാതെ തടയുന്നതിനും നേത്രത്തിനുണ്ടാകുന്ന ചൊറിച്ചില്‍, ചുടുനീറ്റല്‍ എന്നിവ ശമിക്കുന്നതിനും അഞ്ജനപ്രയോഗം സഹായിക്കുന്നു. എന്നാല്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നവര്‍, വമനാദികര്‍മം ചെയ്തവര്‍, നേത്രരോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് അഞ്ജനംനിഷിധമാണ്.

ഘ്രാണേന്ദ്രിയത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും നാസാരോഗങ്ങള്‍ തടയുന്നതിനും കുറഞ്ഞയളവില്‍ മൂക്കിലിറ്റിക്കുവാനുള്ള ഔഷധങ്ങള്‍ (പ്രതിമര്‍ശ നസ്യം) വ്യക്തിയുടെ ശരീരപ്രകൃതിക്കനുസൃതമായി പ്രയോഗിക്കാവുന്നതാണ്. പീനസം, സ്വരഭേദം തുടങ്ങിയ രോഗങ്ങളില്‍ ഇത് ഫലപ്രദമാണ്. ഇലവങ്ഗം, ജാതിക്ക, കര്‍പ്പൂരം, കസ്തൂരി, ഏലത്തരി, വെറ്റില എന്നിവ ചേര്‍ത്ത ഔഷധക്കൂട്ട് താംബൂലചര്‍വണത്തിനും മഞ്ഞള്‍, ഗുഗുലു തുടങ്ങിയവയുടെ ചൂര്‍ണം ധൂമപാനത്തിനും ഉപയോഗിക്കാന്‍ വിധിക്കുന്നുണ്ട്. ഇത് സ്വസ്ഥനേക്കാളുപരി ആതുരനിലാണ് പ്രയോഗയോഗ്യമായിട്ടുള്ളത്.

അഭ്യംഗം (എണ്ണതേപ്പ്) ദിനചര്യയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സര്‍വശരീരസ്ഥമായ ത്വഗിന്ദ്രിയത്തിന്റെ മാര്‍ദവത്തിനും ദൃഢതയ്ക്കുംവേണ്ടി നിത്യവും അഭ്യംഗം ശീലിക്കണം. സ്നേഹദ്രവ്യങ്ങള്‍കൊണ്ടുള്ള ഈ എണ്ണതേപ്പ് ശരീരപുഷ്ടി, ബലം, ദേഹകാന്തി എന്നിവ പ്രദാനംചെയ്യുന്നു. ശിരസ്സ്, പാദം, കര്‍ണം എന്നീ ശരീരഭാഗങ്ങളില്‍ അഭ്യംഗം ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം പ്രത്യേകം പറയപ്പെട്ടിട്ടുണ്ട്. ചക്ഷുശ്രോത്രാദി ഇന്ദ്രിയങ്ങള്‍ക്ക് ബലം, കര്‍മകരണശേഷി, ശിരോരോഗശമനം എന്നിവ ശിരോഭ്യംഗത്തിന്റെയും പാദബലം, ദൃഷ്ടിപ്രസാദം, സുഖനിദ്ര, പാദങ്ങളുടെ വിണ്ടുകീറല്‍-വേദന-തരിപ്പ് എന്നിവയുടെ ശമനം പാദാഭ്യംഗത്തിന്റെയും പ്രത്യേക ഗുണങ്ങളാണ്. ജ്വരം, അജീര്‍ണം, അതിസാരം തുടങ്ങിയ രോഗമുള്ളവരും വമനവിരേചനാദി ശുദ്ധികര്‍മങ്ങള്‍ ചെയ്തവരും അഭ്യംഗം ചെയ്യാന്‍ പാടില്ല. ഉദ്വര്‍ത്തനം (ശരീരത്തില്‍ ഔഷധചൂര്‍ണമുപയോഗിച്ച് പ്രതിലോമമായി തടവുക) പ്രത്യേകിച്ച് കഫപ്രകൃതിക്കാര്‍ക്കും മേദസ്വികള്‍ക്കും ഉചിതമാണ്. ഇതും അഭ്യംഗംപോലെതന്നെ ത്വക്പ്രസാദകവും ശരീരബലവര്‍ധകവും ആണ്. വ്യക്തിപരമായ ശുചിത്വം പാലിക്കുന്നതിനായി ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നഖരോമാദികള്‍ മുറിച്ച് വൃത്തിയാക്കണം.

ബാഹ്യമായ മാലിന്യങ്ങളെ പുറന്തള്ളുന്നതും ശരീരമനസ്സുകള്‍ക്ക് ഉന്മേഷദായകവും സൌന്ദര്യം, തേജസ്സ് എന്നിവയെ വര്‍ധിപ്പിക്കുന്നതുമാണ് സ്നാനം. അമിതവിയര്‍പ്പ്, ചുട്ടുനീറ്റല്‍, തളര്‍ച്ച എന്നിവയകറ്റി ശരീരസുഖം നല്കുന്നു. വാതകഫജമായ രോഗങ്ങളിലൊഴികെ ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. തലമുടിക്കും നേത്രത്തിനും അതു ഹിതമല്ല. നെല്ലിക്കയിട്ടു തിളപ്പിച്ച് തണുപ്പിച്ച വെള്ളം ജരാനരകളെ അകറ്റുന്നതിനും ശരീരദുര്‍ഗന്ധമില്ലാതാക്കുന്നതിനും വിശേഷമാണ്. ദീപനവും വൃഷ്യവും ഐശ്വര്യദായകവുമാണെങ്കിലും അജീര്‍ണം, പീനസം, നേത്രകര്‍ണരോഗങ്ങള്‍, അതിസാരം എന്നിവയുള്ളപ്പോള്‍ കുളിക്കുന്നത് നന്നല്ല.

വ്യായാമത്തിന്റെ പ്രാധാന്യവും ആവശ്യകതയും ശാസ്ത്രത്തില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നിത്യവും വ്യായാമം ശീലിക്കേണ്ടതാണെന്നും പറയപ്പെട്ടിട്ടുണ്ട്. അവയവങ്ങള്‍ക്ക് ലാഘവത്വം, കര്‍മകരണശക്തി, അഗ്നിദീപ്തി, മേദക്ഷയം എന്നിവയാണ് വ്യായാമത്തിന്റെ പ്രധാന ഗുണങ്ങളില്‍ ചിലത്. ഋതുക്കള്‍ക്കനുസൃതമായി വ്യായാമത്തിന്റെ സമയവും ക്രമീകരിക്കേണ്ടതുണ്ട്. സ്നിഗ്ധാഹാരശീലികള്‍, മേദസ്വികള്‍, ബലവാന്മാര്‍ എന്നിവര്‍ക്ക്-വസന്ത ശീത കാലങ്ങളില്‍ പ്രത്യേകിച്ചും-ശക്തിക്കൊത്തക്കവണ്ണം വ്യായാമം ശീലിക്കാം. അതിയായ വ്യായാമം ശ്വാസം, കാസം, ജ്വരം, രക്തപിത്തം എന്നിവയ്ക്കു കാരണമാകും. അതിനാല്‍ നെറ്റി, മൂക്ക്, സന്ധികള്‍ എന്നിവിടങ്ങളില്‍ വിയര്‍പ്പുണ്ടാവുകയോ കിതപ്പുണ്ടാവുകയോ ചെയ്യുമ്പോള്‍ അര്‍ധശക്തിയായി എന്നു മനസ്സിലാക്കി അതില്‍നിന്നു വിരമിക്കുന്നതാണ് ഏറ്റവും ഹിതകരം.

കാലാവസ്ഥയ്ക്കനുയോജ്യമായ വസ്ത്രം ധരിക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. വാതകഫവര്‍ധനവുണ്ടാകുന്ന കാലമാകയാല്‍ ശീതകാലത്ത് പട്ടുനൂല്‍വസ്ത്രങ്ങളാണ് ഏറ്റവും അനുയോജ്യം. ഉഷ്ണകാലം പൈത്തികമായതുകൊണ്ട് മങ്ങിയ നിറമുള്ളതും കനംകുറഞ്ഞതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം. വര്‍ഷകാലത്ത് ശുഭ്രവസ്ത്രമാണ് ധരിക്കാന്‍ യോഗ്യം. സ്നാനാനന്തരം മുഖശ്രീയും ശരീരശോഭയും വര്‍ധിപ്പിക്കുന്നതിനുതകുന്ന ഗന്ധമാല്യാദിധാരണവും ചന്ദനം, അകില്‍, കുങ്കുമം എന്നിവ ചേര്‍ത്ത വിവിധ കുറിക്കൂട്ടുകളും വിശേഷിച്ച് സ്ത്രീകള്‍ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

ഇപ്രകാരം ബാഹ്യമായ ശരീരപരിപാലനത്തിനുശേഷം ശരീരത്തിന്റെ ധാരണപോഷണത്തിന് അത്യന്താപേക്ഷിതമായ അന്നപാനാദികള്‍ വിധിപ്രകാരം ശീലിക്കണം. ഓട്, ഇരുമ്പ് എന്നിവയാല്‍ നിര്‍മിതമായ പാത്രങ്ങളാണ് ഭക്ഷണം പാകംചെയ്യുവാന്‍ സ്വീകാര്യമായത്. ഭക്ഷണത്തിന് രുചി വര്‍ധിക്കുന്നതോടൊപ്പം രക്തപിത്തം, പാണ്ഡ്, ശോഷം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കുവാനും സഹായിക്കും. പ്രധാന ആഹാരകാലം രാവിലെയും രാത്രിയിലുമാണ്. ഒരു ആഹാരകാലത്തു കഴിച്ച ഭക്ഷണം ദഹിക്കുന്നതിനുമുമ്പ് വീണ്ടും കഴിക്കുന്നത് ആഹാര പരിണാമപ്രക്രിയയെ തടസ്സപ്പെടുത്തും. വിധിപ്രകാരം രണ്ടുനേരം മാത്രമേ ആഹാരം കഴിക്കാന്‍ പറയുന്നുള്ളൂ എങ്കിലും അഗ്നിബലമുള്ളവര്‍ക്കും ആദ്യം കഴിച്ച ആഹാരം നന്നായി ദഹിച്ചുവെന്ന് ബോധ്യമുണ്ടെങ്കിലും ശരീരലാഘവം, ശുദ്ധമായ ഉദ്ഗാരം, വിശപ്പ് എന്നിവയുണ്ടെങ്കിലും വീണ്ടും ആഹാരം കഴിക്കുന്നതില്‍ തെറ്റില്ല. ആഹാരം കഴിക്കുമ്പോള്‍ ആദ്യം മധുരരസമുള്ള ആഹാരദ്രവ്യങ്ങളും മധ്യത്തില്‍ അമ്ളലവണരസമുള്ളവയും അന്ത്യഘട്ടത്തില്‍ കയ്പ്, എരിവ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ളവയുമാണ് ശീലിക്കേണ്ടത്. മധുരരസം രക്തധാതുവിനെയും അമ്ലലവണങ്ങള്‍ മജ്ജ, അസ്ഥിധാതുക്കളെയും തിക്തരസം മേദസ്സിനെയും കടുകഷായരസങ്ങള്‍ മാംസ, രസധാതുക്കളെയും പുഷ്ടിപ്പെടുത്തുന്നതാകയാല്‍ ഷഡ്രസപ്രധാനമായ ആഹാരത്തിനു പ്രാധാന്യം നല്കണം. സ്ഥിരമായി ഇവയിലേതെങ്കിലും ഒരു രസപ്രധാനമായി ആഹാരം ശീലിക്കുന്നത് നന്നല്ല.

അധികമാത്രയിലോ ഹീനമാത്രയിലോ അകാലത്തിലോ (അസമയത്ത്) ആഹാരം കഴിക്കുക, ശുഷ്കമായവ അധികമായി ഉപയോഗിക്കുക, വിരുദ്ധമായ ആഹാരങ്ങള്‍ (ഉദാ. മീനും പാലും) ഇടകലര്‍ത്തി ഉപയോഗിക്കുക, അരിയും ഗോതമ്പും അരച്ചുണ്ടാക്കുന്ന ഗുരുത്വമേറിയ ആഹാരപദാര്‍ഥങ്ങള്‍ എല്ലായ്പ്പോഴും ഉപയോഗിക്കുക എന്നിവ ശീലിക്കാന്‍ പാടില്ലാത്തതാണ്. തണുത്തതും വറുത്തതുമായ ഭക്ഷണം, ചൂടേറിയതോ സ്വാദില്ലാത്തതോ ആയവ, ഭക്ഷണാനന്തരം ഗുരുത്വമുള്ള മധുരപലഹാരസേവ എന്നിവയെല്ലാം ആഹാരകാര്യത്തില്‍ നിഷേധിക്കപ്പെട്ടവയാണ്.

ഗുരുവായ ആഹാരം പകുതിവയറും ലഘുവായത് അതിതൃപ്തി വരാത്തവിധത്തിലുംവേണം കഴിച്ചു ശീലിക്കുവാന്‍. ദ്രവരൂപേണയുള്ള ആഹാരവും ദ്രവോത്തരമായ ആഹാരവും അതിമാത്രയില്‍ കഴിക്കുവാന്‍ പാടില്ല. അതുപോലെ ആഹാരത്തിന്റെ സുഖജരണത്തിനായി അന്നാദി ഭോജ്യ വസ്തുക്കള്‍ക്ക് അര വയറും ദ്രവപദാര്‍ഥങ്ങള്‍ക്ക് കാല്‍ വയറും ബാക്കി വായുവിന്റെ സുഗമസഞ്ചാരത്തിനുമായി ഒഴിച്ചിടാന്‍ ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. മേല്പറഞ്ഞ വിധത്തിലല്ലാതെയുള്ള ആഹാരസേവ ആലസ്യം, വയറുപെരുക്കം, അഗ്നിമാന്ദ്യം, ശരീരഗുരുത്വം, തന്ദ്ര, നിദ്ര എന്നിവയെ ഉണ്ടാക്കുന്നതും ശരീരപോഷണത്തെ തകരാറിലാക്കുന്നതുമാണ്. ശാരീരികാവശ്യങ്ങള്‍ക്കായി മിതമായും പോഷകസമൃദ്ധമായുമുള്ള ആഹാരം വേണ്ടരീതിയില്‍ പാകപ്പെടുത്തി ശീലിക്കുവാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഭക്ഷണത്തിന് താത്പര്യം, രുചി എന്നിവയുണ്ടാകുവാന്‍ ലവണാര്‍ദ്രകമായ പദാര്‍ഥം ആദ്യം കഴിക്കുവാനും വിധിച്ചിട്ടുണ്ട്.

ഭക്ഷണത്തിന്റെ ആദിയില്‍ ജലപാനം ചെയ്യുന്നത് അഗ്നി ദീപ്തിയെ കുറയ്ക്കുന്നു. മധ്യത്തിലോ ഇടയിലോ വെള്ളം കുടിച്ചാല്‍ അത് ശരിയായ അഗ്നിബലത്തെയുണ്ടാക്കുന്നതായും അവസാനത്തില്‍ പാനം ചെയ്താല്‍ അത് സ്ഥൗല്യത്തെയുണ്ടാക്കുന്നതായും കാണുന്നുണ്ട്. അതിയായി ജലപാനം ചെയ്യുന്നത് ശൂല, ഗുന്മം, ജലോദരം എന്നീ രോഗങ്ങള്‍ക്ക് ഒരു കാരണമായും പറഞ്ഞിട്ടുണ്ട്. ഭക്ഷണാനന്തരം വായ് ശുദ്ധിയാക്കിയശേഷം അധികം ആയാസമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നതും നൂറടിയോളമെങ്കിലും സാവധാനം നടക്കുന്നതും ഗുണകരമാണ്. ജഠരാഗ്നി ദീപ്തമാക്കുവാനും പാകപ്രക്രിയ ത്വരിതപ്പെടുത്തുവാനും ഇതു സഹായിക്കും. ഭക്ഷണാനന്തരം അതിവ്യായാമം, മൈഥുനം, മദ്യപാനം എന്നിവ ഒരു മുഹൂര്‍ത്തനേരമെങ്കിലും ഒഴിവാക്കേണ്ടതാണ്. അതുപോലെ ഭക്ഷണശേഷം ഉടനെ ശയിക്കുന്നതും അധികനേരം ഒരിടത്തുതന്നെ ഇരിക്കുന്നതും നന്നല്ല. തലേദിവസം കഴിച്ചതോ മുമ്പുകഴിച്ചതോ ആയ ആഹാരം ശരിയായി ദഹിച്ചിട്ടില്ലെന്നു കണ്ടാല്‍ ചുക്ക്, കടുക്കാ, ഇന്ദുപ്പ് എന്നിവ സമം പൊടിച്ചെടുത്ത് തണുത്ത വെള്ളത്തില്‍ കലക്കി സേവിക്കണം. തുടര്‍ന്ന് വിശപ്പുവന്നശേഷമേ മറ്റ് ആഹാരം കഴിക്കാവൂ.

ഋതുക്കള്‍ക്കുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ദിനചര്യയിലും മാറ്റം കൈക്കൊള്ളേണ്ടതുണ്ട്. കഫവാതദോഷ വര്‍ധനവുണ്ടാകുന്നതിനാലും നിദ്ര, ആലസ്യം എന്നിവ അധികമായുണ്ടാകുന്നതിനാലും വര്‍ഷകാലത്ത് ശരീരത്തിനു പൊതുവിലുണ്ടാകാവുന്ന ഗൗരവാവസ്ഥയില്‍നിന്നു മോചനം നേടുവാന്‍ ഉഷ്ണോപചാരങ്ങള്‍ ശീലിക്കുന്നത് നന്നായിരിക്കും. എന്നാല്‍ അതിയായ മാരുതസേവ, സൂര്യാതപമേല്ക്കല്‍ എന്നിവ രക്തത്തെയും പിത്ത ദോഷത്തെയും വര്‍ധിപ്പിക്കുന്നതിനാലും നയനാദി ഇന്ദ്രിയങ്ങള്‍ക്ക് ഹാനി വരുത്തുന്നതിനാലും നന്നല്ല. ഗ്രീഷ്മം, ശരത് എന്നീ ഋതുക്കളിലൊഴികെ അതിയായ മാരുതസേവ ശരീരത്തിന് രൂക്ഷത, നിറപ്പകര്‍ച്ച, അവയവസ്തംഭനം എന്നിവയുണ്ടാക്കുന്നതിനാല്‍ ഹാനികരമാണ്. വിശറിയോ മറ്റോകൊണ്ട് മന്ദമായി വീശിയുണ്ടാക്കുന്ന കാറ്റ് ദോഷകോപഹരവും ശ്രേഷ്ഠവുമാണ്. ദിനചര്യയില്‍ ഏറ്റവും നിഷിധമായ ഒന്നാണ് പകലുറക്കം. ഭക്ഷണാനന്തരമുള്ള ഉറക്കം ദോഷകോപത്തെയുണ്ടാക്കുന്നതിനാല്‍ നന്നല്ല. എന്നാല്‍ രാത്രി ജാഗരണം ചെയ്തവര്‍, വ്യായാമക്ഷീണിതര്‍, കുട്ടികള്‍, രോഗങ്ങളാല്‍ ക്ഷീണിച്ചവര്‍ എന്നിവര്‍ക്ക് പകലുറക്കം നിഷിദ്ധമല്ല.

ശരീരസൗഖ്യപരമായ മേല്പറഞ്ഞ ചര്യകള്‍ക്കുശേഷം മനസ്സന്തോഷദായകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുവാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. സദ്വൃത്തത്തിനും സദാചാരത്തിനും പ്രാമുഖ്യം നല്കി ഒരു വ്യക്തി അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരുഷമായ വാക്ക്, വിചാരം, പരദ്രവ്യകാംക്ഷ, മോഷണം തുടങ്ങിയ ദശവിധ പാപകര്‍മങ്ങള്‍ കായവാക് മനസാ ത്യജിക്കേണ്ടതാണെന്നും ശാസ്ത്രം അനുശാസിക്കുന്നു. മേല്പറഞ്ഞവ, കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കി നിത്യവും പരിപാലിക്കപ്പെട്ടാല്‍ വ്യക്തിയുടെ ശരീരസൗഖ്യത്തിനും സമൂഹനന്മയ്ക്കും അത് അഭിലഷണീയമായിരിക്കും.

(ഡോ. പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍