This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിങ്നാഗന്‍ (480 - 540)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിങ്നാഗന്‍ (480 - 540)

മാധ്യമിക ബൗദ്ധചിന്തകന്‍. 480-ല്‍ ദക്ഷിണേന്ത്യയില്‍ കാഞ്ചിക്കു സമീപം ജനിച്ചു. ഹീനയാന ബുദ്ധമതത്തിന്റെ 'വാത്സീപുത്രീയ' വിഭാഗത്തിലെ അംഗമായിരുന്നെങ്കിലും പിന്നീട് ആ വിഭാഗത്തിന്റെ സിദ്ധാന്തങ്ങള്‍ ഉപേക്ഷിച്ചു. ബുദ്ധമതപണ്ഡിതനായ വസുബന്ധുവിന്റെ ശിഷ്യത്വം ഇദ്ദേഹം സ്വീകരിച്ചതായി ചില രേഖകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുന്നുണ്ട്. ഇദ്ദേഹം ബുദ്ധമതത്തിന്റെ പ്രധാന പഠനകേന്ദ്രമായ നാളന്ദയില്‍ കുറച്ചുകാലം ചെലവഴിക്കുകയും വിജ്ഞാനവാദത്തിലും തര്‍ക്കശാസ്ത്രത്തിലും പാണ്ഡിത്യം നേടുകയും ചെയ്തു.

ദിങ്നാഗന്റെ കൃതികളില്‍ പലതും ഇന്ന് സംസ്കൃതത്തില്‍ പ്രചാരത്തിലില്ല. എന്നാല്‍ ചില കൃതികളുടെ തിബത്തന്‍, ചൈനീസ് തര്‍ജുമകള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് പ്രമാണസമുച്ചയം എന്ന കൃതിയാണ്. വ്യത്യസ്ത പ്രബന്ധങ്ങളിലായി ഇദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങളുടെ സംശ്ളേഷണമാണ് ഇതിലുള്ളത്. സൗത്രാന്തികന്മാര്‍ക്കും യോഗാകാരന്മാര്‍ക്കും ഒരുപോലെ സ്വീകാര്യമായ ഈ ഗ്രന്ഥത്തിന്റെ രചനാവേളയില്‍ ബുദ്ധമത വിദ്യാദേവതയായ മഞ്ജുശ്രീ ദിങ്നാഗനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങള്‍ നല്കുകയുണ്ടായി എന്നൊരു കഥ പ്രചാരത്തിലുണ്ട്. പ്രജ്ഞാപാരമിതാ സൂത്രത്തെ യോഗാചാര വീക്ഷണത്തിലൂടെ സംഗ്രഹിക്കുന്ന പ്രജ്ഞാപാരമിതാപിണ്ഡാര്‍ഥസംഗ്രഹം, ഭര്‍തൃഹരിയുടെ വാക്യപദീയത്തിലെ ചില ശ്ളോകങ്ങള്‍ ചെറുതെങ്കിലും സുപ്രധാനമായ മാറ്റങ്ങളോടുകൂടി ഉള്‍ക്കൊള്ളിച്ച് രചിച്ചിട്ടുള്ള സമയത്തെക്കുറിച്ചുള്ള പ്രബന്ധമായ ത്രികാലപരീക്ഷ, ഹീനയാന വിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള വസുബന്ധുവിന്റെ ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപമായ അഭിധര്‍മകോശ-മര്‍മ-ദീപം, പരമാര്‍ഥസത്തയെയും സംവൃത്തി സത്തയെയും കുറിച്ചുള്ള സൌത്രാന്തികരുടെ ആശയങ്ങളെ വിശകലനം ചെയ്യുന്ന ഹസ്തവാല പ്രകരണം, സംവൃത്തിസത്തയെക്കുറിച്ചുള്ള സൌത്രാന്ത്രിക ആശയം പൂര്‍ണമായി വിശദീകരിക്കുകയും സംവൃത്തിസത്ത പ്രജ്ഞയുടെ സൃഷ്ടിയാണ് എന്ന് യോഗാചാര വീക്ഷണത്തില്‍ ഊന്നിക്കൊണ്ട് വാദിക്കുകയും ചെയ്യുന്ന ഉപാദായ പ്രജ്ഞപ്തി - പ്രകരണം, ധാരണയുടെ വിഷയം എന്താണ് എന്ന് അന്വേഷിക്കുന്ന ആലംബനപരീക്ഷ, ഹേതു ചക്രഹമരു, ന്യായമുഖം, ഹേതുമുഖം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.

ദിങ്നാഗന്‍ :ഒരു ശില്പം

യോഗാചാര സിദ്ധാന്തത്തെക്കുറിച്ചുള്ള ദിങ്നാഗന്റെ പ്രബന്ധങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 'ആലംബന പരീക്ഷ'യാണ്. ബാഹ്യലോകത്തുള്ള ഒരു വസ്തുവിന് നേരിട്ട് ധാരണയ്ക്കു പാത്രമാകുവാന്‍ കഴിയുന്നില്ല എന്ന് ഈ കൃതിയില്‍ ഇദ്ദേഹം വാദിക്കുന്നു. ഈ വാദത്തിന് വസുബന്ധുവിന്റെ വീക്ഷണങ്ങളോടു സാമ്യമുണ്ട്. ഒരു വസ്തു ധാരണയ്ക്കു പാത്രമാകണമെങ്കില്‍ അത് ചിന്തയുടെ കാരണമായിരിക്കണം. അതിന് ചിന്തയില്‍ പ്രത്യക്ഷപ്പെടുന്ന വസ്തുവിന്റെ അതേ ആകാരംതന്നെ ആയിരിക്കണം. അങ്ങനെ ദ്രവ്യ-സത്തയും സ്ഥൂലാകാരവും ഉള്ള വസ്തുവിന്റെ ചിന്തയിലെ രൂപം അഥവാ ബിംബമാണ് ധാരണയ്ക്കു പാത്രമാകുന്നത്.

തര്‍ക്കശാസ്ത്രത്തിന് ദിങ്നാഗന്‍ നല്കിയ പ്രധാന സംഭാവനയാണ് ഹേതുചക്രം. ഇത് ഹേതുവും സാധ്യവും തമ്മില്‍ സംഭവ്യമായ ഒന്‍പത് ബന്ധങ്ങളെ കാണിക്കുന്നു. കാരണങ്ങളുടെ സാധുത നിര്‍ണയിക്കുവാന്‍ ഇത് സഹായകമാകുന്നു. ഹേതുചക്രഹമരു എന്ന കൃതിയിലാണ് ഹേതുചക്രം ആദ്യമായി അവതരിപ്പിച്ചതെങ്കിലും ന്യായമുഖത്തിലും പ്രമാണസമുച്ചയത്തിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ബൌദ്ധപണ്ഡിതരുടെയും ബ്രാഹ്മണപണ്ഡിതരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഉദ്യോതകരന്‍, കുമാരിലഭട്ടന്‍, മല്ലവാദി തുടങ്ങിയവര്‍ �പ്രമാണസമുച്ചയത്തെ നിശിതമായി വിമര്‍ശിച്ചു. പ്രശസ്തപാദന്‍, ധര്‍മകീര്‍ത്തി എന്നിവര്‍ ദിങ്നാഗന്റെ വീക്ഷണങ്ങള്‍ ആധാരമാക്കി കൃതികള്‍ രചിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍