This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസ്ഗുപ്ത, അലോക് രഞ്ജന്‍ (1933 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാസ്ഗുപ്ത, അലോക് രഞ്ജന്‍ (1933 - )
ബംഗാളി കവി. 1933 ഒ. 6-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബംഗാളി സാഹിത്യവിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ ഇന്തോളജിയുടെ വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിക്കുകയുണ്ടായി.
എഴുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച അലോക്രഞ്ജന് ബംഗാളിയിലെന്നപോലെ ജര്‍മനിലും ഇംഗ്ലീഷിലും കൃതികളുണ്ട്. സ്വീഡനിലെ ബംഗാളി-ഇംഗ്ലീഷ് സാഹിത്യമാസികയായ ഉത്തരാപഥിന്റെ ഉപദേശകസമിതിയിലും അംഗമാണ്. ജനബന്‍ ബൗള്‍ (1959), ലഘു സംഗീത് ഭോരേര്‍ ഹൗആര്‍മുഖേ (1978), ഝര്‍ഛേ കഥാ അതാശ് കഞ്ചേ (1985), മരാമി കരാത് (1991) എന്നിവയാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. സംഗ്ലാപിക (1994) കാവ്യനാടകമാണ്. 'അലോക്രഞ്ജന്റെ ഏറ്റവും നല്ല കവിതകള്‍' എന്ന സമാഹൃതഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മനിയില്‍ താമസമാക്കിയശേഷം എഴുതിയ കവിതകള്‍ ഇദ്ദേഹത്തെ ഒരു രാഷ്ട്രാന്തരീയ കവിയാക്കി. വൃത്തബദ്ധമായ കവിതയിലൂടെ ഏതു വിഷയവും വര്‍ണോജ്ജ്വലമായി അവതരിപ്പിക്കാന്‍ അലോക്രഞ്ജന് കഴിഞ്ഞു. കവിതയില്‍ സാധാരണ ഉപയോഗിക്കാത്ത പല ബംഗാളി വാക്കുകളും ഇദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. ജര്‍മനില്‍നിന്ന് അനേകം കവിതകള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്തു.
വിമര്‍ശകനെന്ന നിലയിലും അലോക്രഞ്ജന്‍ ദാസ്ഗുപ്ത പ്രശസ്തനാണ്. ലിറിക് ഇന്‍ ഇന്ത്യന്‍ പോയട്രി (1962), ഗൊയ്ഥേ ആന്‍ഡ് ടാഗൂര്‍ (1973), ഛായാപദേര്‍സാന്ദ്ര, 'ടാഗൂര്‍ ആന്തോളജി'യായി ജര്‍മനില്‍ പ്രസിദ്ധീകരിച്ച ദര്‍ അംധേരാ ടാഗോര്‍ (1987), ദര്‍കാരിഗ് ഉന്‍ഡ് ദര്‍ ബോര്‍ഡേ (1994) എന്നിവ നിരൂപണ ഗ്രന്ഥങ്ങളാണ്.
ഫോണ്‍ ഹംബോള്‍ട്ട് ഫൗണ്ടേഷന്‍ ഫെലോഷിപ്പ് നേടിയിട്ടുള്ള അലോക്രഞജ്ന്‍ ദാസ്ഗുപതയ്ക്ക് സുധാബസു സ്മൃതി പുരസ്കാര്‍ (1984), ആനന്ദ് പുരസ്കാര്‍ (1985), രബീന്ദ്രനാഥ് ടാഗൂര്‍ പ്രൈസ് (1985), 1992-ലെ സാഹിത്യഅക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.