This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസ്, ജഗന്നാഥ (16-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാസ്, ജഗന്നാഥ (16-ാം ശ.)
ഒറിയ മഹാകവി. പ്രാചീന കവികളായ ജഗന്നാഥ ദാസ്, സരളാ ദാസ്, ആധുനിക കവി ഫക്കീര്‍ മോഹന്‍ സേനാപതി എന്നിവരെയാണ് ഒറിയ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളായി പരിഗണിക്കുന്നത്.
16-ാം ശ.-ത്തിലാണ് ജഗന്നാഥ ദാസ് ജീവിച്ചിരുന്നത്. പുരി ജില്ലയിലെ കപിലേശ്വരത്ത് ഒരു പണ്ഡിതകുടുംബത്തില്‍ ജനിച്ചു. സംസ്കൃതത്തില്‍ അഗാധപാണ്ഡിത്യം നേടിയ ജഗന്നാഥ ദാസ് ചൈതന്യ മഹാപ്രഭുവിന്റെ ശിഷ്യനായിരുന്നു. സരളാ ദാസിനെപ്പോലെ സാധാരണക്കാരുമായി ഇടപഴകിക്കൊണ്ടുള്ള ജീവിതമായിരുന്നു ജഗന്നാഥ ദാസിന്റേതും. ഒറിയയിലെ 'പഞ്ചസഖ'ന്മാരില്‍ ഒരാളാണ് ജഗന്നാഥ ദാസ്. മഹാന്മാരായ മറ്റു നാലുപേരും ചെയ്തതുപോലെ ഗീതങ്ങളും സംഹിതകളും എഴുതാന്‍ ഇദ്ദേഹം തുനിഞ്ഞില്ല. പകരം അനേകം സ്തുതിഗീതങ്ങള്‍ രചിച്ചു. ജ്ഞാനഭക്തിപ്രസ്ഥാനത്തെക്കാളേറെ സരളഭക്തിപ്രസ്ഥാനത്തിനാണ് ജഗന്നാഥ ദാസ് പ്രാമുഖ്യം നല്കിയത്. ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് വൈഷ്ണവരുടെ ഏറ്റവും പ്രശസ്തമായ ഭാഗവത പുരാണം ഇദ്ദേഹം ഒറിയ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തത്. പാമരയായ തന്റെ അമ്മയെ കൃഷ്ണകഥ മനസ്സിലാക്കിക്കുന്നതിനു കൂടിയാണ് ജഗന്നാഥ ദാസ് ഭാഗവതം ലളിതമായ ഭാഷയില്‍ പരിഭാഷപ്പെടുത്തിയതെന്നും ഐതിഹ്യമുണ്ട്. പ്രസാദമധുരമായ ഈ ശൈലി വളരെപ്പേരെ ആകര്‍ഷിച്ചു. രാജ്യമെങ്ങും വൈഷ്ണവമതം ജനപ്രീതിയാര്‍ജിച്ചിരുന്ന ഈ കാലയളവില്‍ ഇദ്ദേഹത്തിന്റെ കൃതി പ്രചുരപ്രചാരം നേടി. അത് പാരായണം ചെയ്യാനും പാടി അവതരിപ്പിക്കാനുംവേണ്ടി 'ഭാഗവത ഘരാ' എന്ന പേരില്‍ ഒറീസയില്‍ നിരവധി ഹാളുകള്‍ നിര്‍മിക്കപ്പെട്ടു. കൂടാതെ, എല്ലാ ഗൃഹങ്ങളിലും ഇതിന്റെ പാരായണം പതിവാക്കി. ഉഷാകിരണ, തുലഭീന, ദാരുബ്രഹ്മഗീത, മൃഗുണീസ്തുതി, പാഷണ്ഡദലന, മഹാഭാരത സംഗ്രഹ് എന്നിവയാണ് മഹാകവി ജഗന്നാഥ ദാസിന്റെ മറ്റു മികച്ച കൃതികള്‍.
സാമ്പത്തികമായും ഭാഷാപരമായും രാഷ്ട്രീയമായും ചിതറിക്കിടന്നിരുന്ന ഒറിയ നിവാസികളെ സാഹോദര്യത്തിന്റെയും ആധ്യാത്മികതയുടെയും സന്ദേശങ്ങള്‍ നല്കി ഐക്യത്തോടെ പുലരാന്‍ പ്രേരിപ്പിച്ച കൃതിയാണ് ജഗന്നാഥ ദാസിന്റെ ഒറിയ ഭാഗവതം. സരളമായ ഭാഷാരീതിയും ഗാനാത്മകതയും വൃത്തബദ്ധതയും ആശയപൂര്‍ണിമയും എല്ലാ സഹൃദയരെയും ഈ കൃതിയുടെ ആരാധകരാക്കി. ഒറീസാ സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പഞ്ചസഖന്മാരായ ബലറാംദാസ്, ജഗന്നാഥ ദാസ്, അനന്തദാസ്, യശോവന്ത ദാസ്, അച്യുതാനന്ദ ദാസ് എന്നീ കവികള്‍ ഏറെ സംഭാവന ചെയ്തിട്ടുണ്ട്. വായനക്കാരില്‍ ഭക്തി ജനിപ്പിക്കുന്നതോടൊപ്പം സമകാലികതയുമായി അവരെ അടുപ്പിക്കാനും ഇവരുടെ കൃതികള്‍ ഉപകാരപ്പെടുന്നു.