This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്, എം.ആര്‍. (1937 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാസ്, എം.ആര്‍. (1937 - 2003)

മലയാളി ജൈവരസതന്ത്രജ്ഞന്‍. കേരളത്തിലെ ആദ്യ ജൈവസാങ്കേതിക ഗവേഷണസ്ഥാപനമായ 'രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി'യുടെ സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ ശാസ്ത്ര സാങ്കേതിക പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. തന്മാത്രാ ജീവശാസ്ത്രത്തിലും ജനിതകമായി അര്‍ബുദത്തെ പ്രതിരോധിക്കുന്ന ചികിത്സയിലും മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ സഹായകമാകുന്ന നിരവധി ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കി.

എം.ആര്‍. ദാസ്

1937 ജൂല. 2-ന് തിരുവല്ലയില്‍ ജനിച്ചു. 1958-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദംനേടിയ ഇദ്ദേഹം 'ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (T.I.F.R.)-ല്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടി(1966). അക്കാലത്ത് വളരെ ക്ലേശകരമായിരുന്ന മേഖലയായ ജൈവ തന്മാത്രകളുടെ ഇലക്ട്രോണ്‍ സ്പിന്‍ അനുകമ്പനം (ഇ.എസ്.ആര്‍.) ആണ് ദാസ് ഗവേഷണത്തിനു തിരഞ്ഞെടുത്തത്. തുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയിലേക്കു പോയ ദാസ് അവിടത്തെ ജോര്‍ജ് ഫ്രാങ്കന്‍ ലബോറട്ടറിയില്‍ ഇ.എസ്.ആര്‍. സാങ്കേതികവിദ്യ ഉപയോഗിച്ച് ക്വിനൈനുകളുടെയും ജീവകങ്ങളുടെയും പഠനം നടത്തി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരികെ എത്തിയ ദാസ് രാസികഭൗതികത്തില്‍നിന്ന് തന്മാത്രാ ജീവശാസ്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. അര്‍ബുദജന്യ വൈറസുകളുടെ ജീവശാസ്ത്രവും ആവര്‍ത്തനവും ആയിരുന്നു ഈ രംഗത്ത് ദാസിന്റെ ആദ്യ ഗവേഷണ വിഷയം. 1968-ല്‍ വിശിഷ്ടമായ ഒരു ഫെലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും കൊളംബിയ സര്‍വകലാലശാലയില്‍ പ്രവര്‍ത്തിക്കുവാന്‍ ദാസിന് അവസരം ലഭിച്ചു. തന്റെ ഗവേഷണജീവിതത്തിലെ ഏറ്റവും പ്രശസ്തമായ നേട്ടം ദാസ് കൈവരിച്ചത് ഇവിടെ വച്ചാണ്. എലികളിലെ അര്‍ബുദ വൈറസില്‍നിന്ന് റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേസ് എന്ന എന്‍സൈം കണ്ടെത്തുകയും വേര്‍തിരിക്കുകയും ചെയ്തതാണ് ദാസ് കൈവരിച്ച നേട്ടം.

1971-ല്‍ ടി.ഐ.എഫ്.ആര്‍.-ല്‍ തിരികെ എത്തിയ ഇദ്ദേഹം സ്തനാര്‍ബുദത്തിനു കാരണമാകുന്ന വൈറസ്സുകളെ മുലപ്പാലില്‍ നിന്നു വേര്‍തിരിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍, സ്തനാര്‍ബുദങ്ങളുടെ വൈറല്‍ ഉദ്ഭവം തെളിയിക്കുന്നതില്‍ ദാസിനു വിജയം കൈവരിക്കാനായില്ല. ട്യൂമര്‍ വൈറോളജിയിലെ ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ഡിട്രോയിറ്റിലെ മിഷിഗന്‍ കാന്‍സര്‍ ഫൌണ്ടേഷന്‍ ഡയറക്ടറായി ഇദ്ദേഹം നിയമിതനായി (1977). രണ്ടുവര്‍ഷം അവിടെ പ്രവര്‍ത്തിച്ചശേഷം ഹൈദരാബാദില്‍ പുതുതായി സ്ഥാപിതമായ സെന്റര്‍ ഫോര്‍ മോളിക്കുലാര്‍ ബയോളജി(സി.സി.എം.ബി.)യില്‍ തന്മാത്രാ ജീവശാസ്ത്രത്തിന്റെ ഗവേഷണവകുപ്പ് ആരംഭിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. എലികളുടെ ട്യൂമര്‍ കോശങ്ങളില്‍നിന്ന് ഒരു സവിശേഷ ട്യൂമര്‍ ആന്റിജന്‍ വേര്‍തിരിക്കുന്നതില്‍ ദാസും സഹപ്രവര്‍കത്തകരും വിജയം കൈവരിച്ചു. അര്‍ബുദത്തിന്റെ പ്രതിരോധ ചികിത്സയില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ന്യൂക്ലിയ്ക് അമ്ല എന്‍സൈമോളജി, ഓങ്കോ ജീനുകള്‍, വിവിധയിനം ട്യൂമര്‍ കോശങ്ങള്‍ എന്നീ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ദാസിന്റെ പില്ക്കാല ഗവേഷണ നേട്ടങ്ങള്‍.

ദാസ് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുകയും അതിനെ ഇന്ത്യയിലെ ഒരു പ്രമുഖ ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്തു. 1994 ന. മുതല്‍ 2001 ഡി. വരെയുള്ള ഏഴുവര്‍ഷക്കാലം ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2002 വരെ കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചെയര്‍മാന്‍സ്ഥാനവും വഹിച്ചിരുന്നു.

2003 ഏ. 1-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദാസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍