This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാവെ, ഹിമ്മത് ലാല്‍ ഉമിയശങ്കര്‍ (1919 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാവെ, ഹിമ്മത് ലാല്‍ ഉമിയശങ്കര്‍ (1919 - )

ഗുജറാത്തി സാഹിത്യകാരന്‍. 1919 മേയ് 22-ന് ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ജനിച്ചു. ആയുര്‍വേദ ഭിഷക്, സാഹിത്യരത്ന പരീക്ഷകള്‍ പാസ്സായശേഷം പത്രപ്രവര്‍ത്തനത്തില്‍ നിഷ്ണാതനായി. ശ്രീശങ്കരാചാര്യ ദ്വാരകശാരദാപീഠത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശ്രീ നവഭാരതി മാസികയുടെ പത്രാധിപരായി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആചാര്യസംഘ് ചെയര്‍മാന്‍, ബല്‍കഞ്ജിബാരി സെക്രട്ടറി, ഗുജറാത്ത് ഫ്രീഡം ഫൈറ്റേഴ്സ് കമ്മിറ്റി മെമ്പര്‍, ജന്നാടിന്റെ സഹപത്രാധിപര്‍, ആഴ്ചപ്പതിപ്പുകളായ സ്ത്രീബോധിന്റെയും ജയഭാരതിന്റെയും എഡിറ്റര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. എഴുപത്തഞ്ചോളം കൃതികള്‍ ദാവെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാന്‍ടാങ്കര്‍ എന്ന കാവ്യകൃതി 1965-ല്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഇദ്ദേഹം സാഹിത്യരംഗത്തേക്കു കടന്നത്. തുടര്‍ന്ന് നിബന്ധപ്രവേശിക (ഉപന്യാസം), മംഗള്‍ഉഷ (നാടകം), ഭാരത വര്‍ഷ നോ ഇതിഹാസ് (ചരിത്രം), ഗുജറാത്ത് നോ സ്വതന്ത്രസംഗ്രാം (ചരിത്രം), കപില്‍ഗീത, പ്രഭാവതി ടീകാ (വിമര്‍ശനം), ഊര്‍ധ്വപദയാത്ര, ഗീത്ഗോവിന്ദ (വിവര്‍ത്തനം) തുടങ്ങിയ കൃതികള്‍ രചിച്ചു.

ദീര്‍ഘകാലത്തെ സാഹിത്യസേവനങ്ങള്‍ക്കും സാംസ്കാരിക രംഗത്തെ സേവനങ്ങള്‍ക്കുമായി ഏറെ ബഹുമതികള്‍ ദാവെയ്ക്കു ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല പ്രിന്‍സിപ്പലിനുള്ള ഇന്ത്യാഗവണ്മെന്റിന്റെ അവാര്‍ഡ് (1955), ഗുജറാത്ത് സാഹിത്യഅക്കാദമി അവാര്‍ഡ് (1992), ഗുജറാത്ത് സാഹിത്യ സംഘത്തിന്റെ ദുര്‍ഗാറാം മേഹിണ്‍ അവാര്‍ഡ് (1994), ഗൗരവ് പുരസ്കാര്‍ (1995), ധര്‍മാലങ്കാര്‍, സാഹിത്യമാര്‍ത്തണ്ഡ്, രാഷ്ട്രസേവാരത്ന ബഹുമതി തുടങ്ങിയവ ഇതില്‍ പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍