This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാമോദരന്‍ നമ്പൂതിരി, കൈതപ്രം (1950 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാമോദരന്‍ നമ്പൂതിരി, കൈതപ്രം (1950 - )
ഗാനരചയിതാവ്, സംഗീതസംവിധായകന്‍, കവി, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത്, സംഗീത ഗവേഷകന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധന്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കൈതപ്രം കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950-ല്‍ ജനിച്ചു. സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ചെമ്പൈയുടെ ആദ്യകാല ശിഷ്യരിലൊരാളായിരുന്ന പിതാവ് കണ്ണാടി ഭാഗവതര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
കേരളത്തിലെ പല ക്ഷേത്രങ്ങളിലും ശാന്തിവൃത്തിചെയ്തു ജീവിക്കുമ്പോഴാണ് സംഗീതപഠനം കൂടുതലായി നടത്തിയത്. പഴശ്ശിത്തമ്പുരാന്‍, കെ.പി. പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ്.വി.എസ്. നാരായണന്‍ തുടങ്ങിയവരുടെ കീഴില്‍ സംഗീതാഭ്യസനം നടത്തി. എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളില്‍ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തില്‍ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ല്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലിയില്‍ പ്രവേശിച്ചു. 1985-ല്‍, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
1993-ല്‍ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ല്‍ ദേശാടനത്തിലൂടെ സംഗീത സംവിധായകനുമായി. 1997-ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറില്‍പ്പരം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കര്‍ണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാള്‍ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്. രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാന്‍ കേരളത്തിലെ നിരവധി ആതുരാലയങ്ങളില്‍ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.
(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)