This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍, കെ. (1901 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാമോദരന്‍, കെ. (1901 - 64)

മലയാള സാഹിത്യകാരനും ചരിത്രകാരനും പത്രപ്രവര്‍ത്തകനും.
കെ.ദാമോദരന്‍ (മയ്യനാട്ട് )
കേരളകൗമുദിയുടെ സ്ഥാപക പത്രാധിപരും സാഹിത്യകാരനുമായ സി.വി.കുഞ്ഞുരാമന്റെ സീമന്തപുത്രനായി മയ്യനാട്ട് ജനിച്ചു. മലയാളസാഹിത്യത്തില്‍ ബി.എ.ബിരുദം നേടി. നിയമപരീക്ഷയ്ക്കു പഠിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. തിരുവിതാംകൂര്‍ ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ ജോലിയില്‍ പ്രവേശിച്ച് തിരുക്കൊച്ചി ഗവണ്മെന്റിന്റെ ഹെഡ് ട്രാന്‍സ്ലേറ്റര്‍ ആയി വിരമിച്ചു.വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സാഹിത്യാഭിരുചി പ്രകടമായിരുന്നു. കേരളകൗമുദിയില്‍ ആദ്യകാലം മുതല്‍ മുഖപ്രസംഗം എഴുതിവന്നു. ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം കേരളകൗമുദിയുടെ മുഴുവന്‍സമയ പത്രാധിപരായി പ്രവര്‍ത്തിച്ചു. കേരളകൗമുദിയിലെ പ്രവര്‍ത്തനത്തിനു പുറമേ സേവിനി, കഥാമാലിക എന്നീ ആനുകാലികങ്ങളും നടത്തിയിരുന്നു. ദേവ്, തകഴി, ബഷീര്‍, പൊറ്റക്കാട് മുതലായവരുടെ ആദ്യകാല സൃഷ്ടികളില്‍ പലതും വെളിച്ചം കണ്ടത് കഥാമാലികയിലൂടെയാണ്.

ചരിത്രം, ജീവചരിത്രം, നോവല്‍, ചെറുകഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ ദാമോദരന്റേതായുണ്ട്. ശ്രീനാരായണഗുരു, ഈഴവരുടെ ഇതിഹാസം, ഈഴവചരിത്രം (ഒന്നാം ഭാഗം), ഇന്ദിര, ഓമന, പ്രണയപാശം, നരകത്തില്‍ നിന്ന്, പദ്മാദേവി, ചന്ദ്രപീഡ, ശോകസങ്കുലം, ഹൃദയകലിക, അമ്മയും കാമുകനും, ഓര്‍മകള്‍ക്കപ്പുറം എന്നിവയാണ് കെ. ദാമോദരന്റെ പ്രസിദ്ധീകൃത കൃതികള്‍. ഗുരുദേവചരിത്രമായ ശ്രീനാരായണ ഗുരുവാണ് പ്രഥമ കൃതി. അനേകം പ്രാചീന കൃതികളെ യുക്തിപൂര്‍വം വ്യാഖ്യാനിച്ചു രചിച്ചിട്ടുള്ള കൃതിയാണ് ഈഴവചരിത്രം.

1964-ല്‍ കെ. ദാമോദരന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍