സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാമോദരന്‍, കാളിയത്ത് (1942 - )
വിവര്‍ത്തകനും കേരള സാഹിത്യ അക്കാദമിയുടെ മുന്‍ സെക്രട്ടറിയും.
1942 ഫെ. 22-ന് തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി കിള്ളിമംഗലത്ത് ജനിച്ചു. അച്ഛന്‍ കുട്ടിക്കൃഷ്ണന്‍ നായര്‍; അമ്മ ഭാര്‍ഗവി അമ്മ. കിള്ളിമംഗലം-ചേലക്കര സര്‍ക്കാര്‍ സ്കൂളുകള്‍, തൃശൂര്‍ സെന്റ് തോമസ് കോളജ്, ശ്രീ കേരളവര്‍മ കോളജ്, പൂനെ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോമേഴ്സില്‍ ബിരുദാനന്തരബിരുദമെടുത്തു. 1964 മുതല്‍ 68 വരെ മുംബൈ ഭാരതീയ റിസര്‍വ് ബാങ്കില്‍ ജോലിചെയ്തു. 1968 മുതല്‍ 97 വരെ കേരളവര്‍മ കോളജില്‍ കോമേഴ്സ് അധ്യാപകനായിരുന്നു. 1989-97 ല്‍ കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും 1998-2001 ല്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1997-2001 കാലയളവില്‍ കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗങ്ങളിലൊരാളായിരുന്നു ഇദ്ദേഹം. 1973 മുതല്‍ മറാഠിയില്‍നിന്നു നേരിട്ട് ചെറുകഥകളും നാടകങ്ങളും കവിതകളും വിവര്‍ത്തനം ചെയ്തു തുടങ്ങി.
മനുഷ്യനുണരുമ്പോള്‍ (ഗോദാവരി പരുലേക്കര്‍),
സിംഹാസനം (അരുണ്‍ സാധു),
നിലവിളി (സുബോധ് ജാവഡേക്കര്‍),
കരള്‍ (ശ്യാം മനോഹര്‍),
ഉചല്യ (ലക്ഷ്മണ്‍ ഗായക്വാഡ്) എന്നിവയാണ് പ്രധാന വിവര്‍ത്തന കൃതികള്‍. വിവര്‍ത്തനത്തിനുള്ള 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
സിംഹാസനം എന്ന കൃതിയിലൂടെ ഇദ്ദേഹത്തിനു ലഭിച്ചു. കാളിയത്ത് ദാമോദരന്‍ മറാഠിയില്‍നിന്ന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത കൃതികള്‍ അനുവാചകരുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.