This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാമോദരന്‍, എന്‍.കെ. (1909 - 96)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാമോദരന്‍, എന്‍.കെ. (1909 - 96)
മലയാള സാഹിത്യകാരന്‍. ആറന്മുള പഞ്ചായത്തിലെ ളാകയില്‍ നെടുംപുറത്തു വീട്ടില്‍ 1909 ആഗ. 3-ന് ജനിച്ചു. നെടുംപുറത്ത് കേശവന്‍ ദാമോദരന്‍ എന്നാണ് പൂര്‍ണമായ പേര്. പിതാവ് കഥകളി നടനായ മെഴുവേലി പാപ്പാര ശങ്കരന്‍; മാതാവ് സംഗീതവിദുഷിയായ കുഞ്ഞിപ്പെണ്ണമ്മ. വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ദാമോദരന്‍ മാതാമഹന്റെ സംരക്ഷണയിലാണു വളര്‍ന്നത്. ഇടയാറന്മുള പ്രൈമറി സ്കൂള്‍, കോഴഞ്ചേരി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. തിരുവനന്തപുരത്തുനിന്ന് ബി.എ. (മലയാളം), ബി.എല്‍. ബിരുദങ്ങള്‍ നേടി. ശൂരനാട് കുഞ്ഞന്‍പിള്ള, കുട്ടനാട് രാമകൃഷ്ണപിള്ള, വി.എം. കുട്ടിക്കൃഷ്ണമേനോന്‍ എന്നിവര്‍ സതീര്‍ഥ്യരായിരുന്നു. മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍, മഹാകവി കെ.വി. സൈമണ്‍ എന്നിവരുമായുള്ള സഹവാസം സാഹിത്യാഭിരുചി വര്‍ധിപ്പിച്ചു.
മെഴുവേലി, പെരുനാട് എന്നിവിടങ്ങളില്‍ സ്കൂള്‍ അധ്യാപകനായും ഇന്‍ഷ്വുറന്‍സ് കമ്പനിയില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1938-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം ധനകാര്യവകുപ്പില്‍ അക്കൗണ്ട്സ് ഓഫീസറായി 1964-ല്‍ വിരമിച്ചു. അതിനുശേഷം വക്കീലായി എന്‍റോള്‍ ചെയ്തെങ്കിലും പ്രാക്റ്റീസ് ചെയ്തില്ല. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും കലാകൗമുദി വാരികയില്‍ പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചു. നല്ലൊരു സംഘാടകന്‍കൂടി ആയിരുന്നു എന്‍.കെ. ദാമോദരന്‍. തോന്നയ്ക്കല്‍ ആശാന്‍ സ്മാരക സമിതി അധ്യക്ഷന്‍, ആശാന്‍ അക്കാദമിയുടെ സെക്രട്ടറി, എസ്.എന്‍. കള്‍ച്ചറല്‍ സൊസൈറ്റി ഉപദേശകസമിതി അംഗം, 1969-ല്‍ നടന്ന മൂലൂര്‍ ജന്മശതാബ്ദി ആഘോഷപരിപാടിയുടെ സൂത്രധാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കവിത, ഉപന്യാസം, വിവര്‍ത്തനം, എഡിറ്റിങ് എന്നീ വിവിധ മേഖലകളിലായി നിരവധി സംഭാവനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കേരളസാഹിത്യമാണ് ആദ്യ കൃതി. എന്നാല്‍ വിവര്‍ത്തനത്തിലാണ് എന്‍.കെ. തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്. മാക്സിം ഗോര്‍ക്കിയുടെ ദ് ലോവര്‍ ഡെപ്ത്സ് എന്ന നാടകം അടിത്തട്ടുകള്‍ (1951) എന്ന പേരിലും ടോള്‍സ്റ്റോയിയുടെ പവര്‍ ഒഫ് ഡാര്‍ക്നെസ് എന്ന കൃതി തമഃശക്തി എന്ന പേരിലും പരിഭാഷപ്പെടുത്തി. ദസ്തയെവ്സ്കിയുടെ ദി ഇന്‍സള്‍ട്ടഡ് ആന്‍ഡ് ദി ഇന്‍ജുവേഡ് എന്ന നോവല്‍ നിന്ദിതരും പീഡിതരും (1958) എന്ന പേരിലും ബ്രദേഴ്സ് കാരമസോവ് എന്ന കൃതി കാരമസോവ് സഹോദരന്മാര്‍ എന്ന പേരിലും ആന്‍ അണ്‍പ്ലസന്റ് പ്രെഡിക്കമെന്റ് എന്നത് വല്ലാത്ത പൊല്ലാപ്പ് എന്ന പേരിലും ദ് ഹൗസ് ഒഫ് ദ് ഡെത്ത് എന്നത് മരിച്ച വീട് എന്ന പേരിലും എ ഫ്രണ്ട് ഒഫ് ദ് ഫാമിലി എന്ന ഗ്രന്ഥം കുടുംബസുഹൃത്ത് എന്ന പേരിലും വിവര്‍ത്തനം ചെയ്തു. മേല്പറഞ്ഞവയ്ക്കു പുറമേ വിചാരണയും മരണവും, ബുഡന്‍ബ്രുക്സ്, സ്വാമി വിവേകാനന്ദന്‍, വീരേശലിംഗം, ഗാന്ധിയന്‍ അര്‍ഥശാസ്ത്രം എന്നിവയും ഇദ്ദേഹത്തിന്റെ വിവര്‍ത്തന ഗ്രന്ഥങ്ങളാണ്.
കവിതയിലൂടെയാണ് സാഹിത്യരംഗത്തു പ്രവേശിച്ചതെങ്കിലും കുസുമാര്‍ച്ചന (1944) എന്നൊരു പദ്യകൃതി മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ചില സവിശേഷതകള്‍ ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാന്‍ കഴിയും. പ്രതിഭാഞ്ജലി, ആലോകവൈഖരി എന്നിവയാണ് ഉപന്യാസ സമാഹാരങ്ങള്‍.
ഗ്രന്ഥങ്ങള്‍, സ്മരണികകള്‍, സുവനീറുകള്‍, പത്രമാസികകള്‍ എന്നിവ എഡിറ്റ് ചെയ്യുന്നതില്‍ എന്‍.കെ. ദാമോദരന്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യവിജ്ഞാനകോശം എന്നിവയ്ക്കുവേണ്ടിയും ലേഖനങ്ങള്‍ എഴുതി.
1967-ലെ കല്യാണീകൃഷ്ണമേനോന്‍ പ്രൈസ്, 1974-ലെ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് എന്നിവ എന്‍.കെ. ദാമോദരനു ലഭിച്ചു.
1996 ജൂല. 25-ന് തിരുവനന്തപുരത്ത് അന്തരിച്ചു.