This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാദു (1544 - 1603)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാദു (1544 - 1603)

Dadu

ഇന്ത്യയിലെ ഒരു ഭക്തിപ്രസ്ഥാന നായകന്‍. 1544-ല്‍ അഹമ്മദാബാദില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. കബീര്‍, നാനാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്കിയ ഭക്തിപ്രസ്ഥാന കാലഘട്ടത്തിലാണ് ദാദു ജനിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ ദാദു ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടനായി. മതങ്ങളുടെ പരിഷ്കരണം ലക്ഷ്യമാക്കി നിരവധി യാത്രകള്‍ നടത്തിയ ഇദ്ദേഹം സാംഭാര്‍, അംബര്‍, നറ്യനാ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുകയുണ്ടായി. ഡല്‍ഹി സന്ദര്‍ശിക്കുകയും അക്ബര്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ദാദു

വേദങ്ങളും ഖുറാനും പരമമായ സത്യമാണെന്ന് അംഗീകരിക്കുവാന്‍ ഇദ്ദേഹം വിസമ്മതിച്ചു. വേദാന്തദര്‍ശനം, ആചാരനിഷ്ഠ, ഉപചാരപരത, അഴിമതി നിറഞ്ഞ പുരോഹിതവൃത്തി, ജാതി, വിഗ്രഹാരാധന, ജപമാല, തീര്‍ഥാടനം തുടങ്ങിയവയെല്ലാംതന്നെ നിരാകരിച്ച ദാദു പുനര്‍ജന്മത്തെക്കുറിച്ച് ഒരു പുതിയ വീക്ഷണം അവതരിപ്പിച്ചു. ഭൂമിയിലെ ഒരു ജന്മത്തില്‍ത്തന്നെയാണ് മനുഷ്യന്‍ വ്യത്യസ്ത ജന്മങ്ങള്‍ കൈക്കൊള്ളുന്നത് എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. മാനസികാവസ്ഥയും പ്രവൃത്തിയുടെ നിലവാരവും അനുസരിച്ച് അവന്‍ കുറുക്കന്റെയോ താറാവിന്റെയോ പന്നിയുടെയോ കഴുതയുടെയോ ജന്മം സ്വീകരിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയ ദൈവങ്ങളെല്ലാം മനുഷ്യരായിരുന്നുവെന്നും അവര്‍ക്ക് പിന്നീട് ദൈവികത്വം കല്പിക്കപ്പെട്ടതാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമാകുന്ന മായയല്ല, മറിച്ച് ലൗകികാസക്തിയാണ്

പാപം എന്നാണ് ഇദ്ദേഹത്തിന്റെ വീക്ഷണം. പാപിയായ മനുഷ്യന്‍ മാത്രമാണ് ദൈവത്തില്‍നിന്ന് തന്നെ അകറ്റുവാന്‍ മായയെ അനുവദിക്കുന്നത്. താന്‍ ഹിന്ദുവോ മുസല്‍മാനോ അല്ല എന്ന് ദാദു പ്രഖ്യാപിച്ചു. ആറ് വേദാന്തശാഖകളിലും തനിക്ക് വിശ്വാസമില്ലെന്നും പരമകാരുണ്യവാനായ ദൈവത്തെ താന്‍ സ്നേഹിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ദൈവം സ്രഷ്ടാവും രക്ഷകനുമാണ്. ദൈവത്തെ ആരാധിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍. ദിവ്യഗുരുവുമായുള്ള സംഗമത്തിലൂടെ മാത്രമേ മുക്തി ലഭിക്കുകയുള്ളൂ എന്ന് ദാദു വിശ്വസിച്ചു. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ബാനീ എന്ന കൃതിയില്‍ ക്രോഡീകരിച്ചിരിക്കുന്നു. ദിവ്യഗുരു, സ്മൃതി, വിയോഗം, സംയോഗം, മനസ്സ്, സത്യം, നന്മ, വിശ്വാസം, പ്രാര്‍ഥന തുടങ്ങി വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് ഈ കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

1603-ല്‍ ഇദ്ദേഹം അന്തരിച്ചു. സാംഭാറില്‍ ഇദ്ദേഹത്തിനായി സ്മാരകം പണികഴിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടെ ഇദ്ദേഹത്തിന്റെ വസ്ത്രവും പാദുകവും സൂക്ഷിച്ചിരിക്കുന്നു.

ദാദുവിന്റെ ശിഷ്യന്മാര്‍ 'ദാദൂപന്ഥികള്‍' എന്നറിയപ്പെടുന്നു. ദാദുവിന്റെ പാത പിന്തുടരുന്നവന്‍ എന്നാണ് 'ദാദൂപന്ഥി' എന്ന വാക്കിന്റെ അര്‍ഥം. ഇവരില്‍ ഖാല്‍സ, നാഗ, ഉത്രാടി, വിര്‍കത്, ഖാക്കീ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ദാദു ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിച്ച പല ഹിന്ദുമതാചാരങ്ങളും ഇന്ന് ദാദൂപന്ഥികള്‍ക്കിടയില്‍ നിലനില്ക്കുന്നു. ബാനീയെ വിഗ്രഹമായി ആരാധിക്കുന്നവരും ജപമാല ഉപയോഗിക്കുന്നവരും ദാദുവിന്റെ വസ്ത്രത്തിനും പാദുകത്തിനും മുമ്പില്‍ നമസ്കരിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%A6%E0%B5%81_(1544_-_1603)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍