This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദലാദിയേ, എദ്വാ(ര്‍) (1884 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദലാദിയേ, എദ്വാ(ര്‍) (1884 - 1970)

Daladier,Edouard

ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍. 1884 ജൂണ്‍ 18-ന് ഫ്രാന്‍സില്‍ ജനിച്ചു. പാരിസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചരിത്രാധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ദലാദിയേ 1919-ല്‍ പാര്‍ലമെന്റില്‍ അംഗമായി. രാഷ്ട്രീയത്തില്‍ റാഡിക്കല്‍ പാര്‍ട്ടിയോടൊപ്പമാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
എദ്വാ(ര്‍) ദലാദിയേ
1924 മുതല്‍ പല ക്യാബിനറ്റ് പദവികളും വഹിക്കുവാന്‍ ഇദ്ദേഹത്തിന് അവസരമുണ്ടായി. 1927-ല്‍ റാഡിക്കല്‍ പാര്‍ട്ടിയുടെ അധ്യക്ഷപദവിയിലെത്തി. ദലാദിയേക്ക് മൂന്നുതവണ ഫ്രാന്‍സിലെ പ്രധാനമന്ത്രിപദത്തിലെത്താന്‍ സാധിച്ചു. എന്നാല്‍ ആദ്യത്തെ രണ്ടുതവണയും ചുരുങ്ങിയ കാലം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. 1933 ജനുവരിയിലാണ് ദലാദിയേ ആദ്യമായി ഫ്രാന്‍സിലെ പ്രധാനമന്ത്രിയായത്. ഒക്ടോബര്‍ വരെ ഈ സ്ഥാനത്തു തുടര്‍ന്നു. 1934 ജനു.-ല്‍ വീണ്ടും പ്രധാനമന്ത്രിയാകാന്‍ ദലാദിയേക്ക് കഴിഞ്ഞുവെങ്കിലും ഇത്തവണ ഏതാനും ദിവസം മാത്രമാണ് അധികാരത്തിലിരിക്കുവാന്‍ സാധിച്ചത്. പിന്നീട് ലിയോണ്‍ ബ്ലൂമിന്റെ മന്ത്രിസഭയില്‍ (1936-37) പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1938 ഏ.-ലില്‍ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിപദത്തിലെത്താന്‍ ദലാദിയേക്കു കഴിഞ്ഞു. 1938-ല്‍ മ്യൂണിക്ക് കരാര്‍ ഒപ്പുവച്ചപ്പോള്‍ ഫ്രാന്‍സിനെ പ്രതിനിധാനം ചെയ്തത് ദലാദിയേയുടെ ഗവണ്മെന്റായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ 1939 സെപ്.-ല്‍ ഇദ്ദേഹം ഫ്രാന്‍സിനെ ജര്‍മനിക്കെതിരായി യുദ്ധരംഗത്തെത്തിച്ചു. 1940 മാ. വരെ ദലാദിയേ പ്രധാനമന്ത്രിപദത്തില്‍ തുടര്‍ന്നു. പിന്നീട് അധികാരത്തില്‍വന്ന ജര്‍മന്‍ അനുകൂല വിഷി ഗവണ്മെന്റ് ഇദ്ദേഹത്തെ 1940 സെപ്.-ല്‍ തടവിലാക്കി. വിചാരണയ്ക്കുശേഷം 1943-ല്‍ ജര്‍മന്‍കാര്‍ക്ക് കൈമാറി. 1945-ല്‍ യു.എസ്. സൈനികരുടെ സഹായത്തോടെ മോചിതനായി. 1946 മുതല്‍ 58 വരെ പാര്‍ലമെന്റില്‍ അംഗമായിരുന്നു. 1959-ല്‍ ഇദ്ദേഹം രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു.

1970 ഒ. 10-ന് ദലാദിയേ പാരിസില്‍ നിര്യാതനായി.

(ഡോ. ബി. സൂഗീത; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍