This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദയാന്‍, മോഷെ (1915 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:00, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദയാന്‍, മോഷെ (1915 - 81)

Dayan,Moshe

ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവും. 1915 മേയ് 20-ന് ജനിച്ചു. പതിനാല് വയസ്സു മുതല്‍ ദയാന്‍ സൈനികപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. അറബികളുടെ ആക്രമണത്തില്‍നിന്ന് ജൂത അധിവാസ മേഖലകളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചുപോന്ന ഹഗാനാ (Haganah) എന്ന ജൂതസേനയിലൂടെയായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ബ്രിട്ടീഷുകാരില്‍നിന്ന് ഇദ്ദേഹത്തിന് പരിശീലനവും ലഭിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്‍ ഹഗാനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1939-ല്‍ ഇദ്ദേഹം അറസ്റ്റിലായി. 1941-ല്‍ തടവില്‍നിന്നു മോചിതനായി. പിന്നീട് സിറിയയെയും ലബനനെയും മോചിപ്പിക്കാന്‍ സഖ്യസേനയോടൊപ്പം ദയാനും യുദ്ധത്തില്‍ പങ്കെടുത്തു. ഈ യുദ്ധത്തില്‍ ഇദ്ദേഹത്തിന്റെ ഇടതു കണ്ണ് നഷ്ടമായി. ഇതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ഇടതുകണ്ണിന്റെ ഭാഗത്ത് കറുത്ത മറ ഉപയോഗിച്ചു തുടങ്ങിയത്. പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ ഒരു തിരിച്ചറിയല്‍ അടയാളമായിത്തന്നെ ഇത് കരുതപ്പെട്ടുപോന്നു.

മോഷെ ദയാന്‍

പലസ്തീന്‍കാരെ പുറന്തള്ളി ഇസ്രയേല്‍രാജ്യം സ്ഥാപിക്കാനായി 1948-49 കാലത്ത് നടത്തിയ യുദ്ധത്തില്‍ ജറുസലേം കേന്ദ്രീകരിച്ചു യുദ്ധം ചെയ്തിരുന്ന ഒരു സേനാ വിഭാഗത്തിന്റെ കമാന്‍ഡര്‍ ആയിരുന്നു ദയാന്‍. 1953-ല്‍ ഇസ്രയേല്‍സേനയുടെ നേതൃസ്ഥാനത്തെത്തി. 1956-ലെ സിനായ് ആക്രമണത്തിനു നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 1958-ല്‍ സൈനികസേവനം അവസാനിപ്പിച്ചു. 1959-ല്‍ ഇസ്രയേല്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1964 വരെ കൃഷിവകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുകയുമുണ്ടായി. 1967-ലെ 'ആറു ദിവസ'യുദ്ധകാലത്ത് ഇദ്ദേഹം പ്രതിരോധമന്ത്രിപദം വഹിച്ചിരുന്നു. 1974 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. 1977-ല്‍ വിദേശകാര്യമന്ത്രിയായി. ഇസ്രയേലും ഈജിപ്തുമായുള്ള സമാധാനക്കരാര്‍ ഉണ്ടാക്കുന്നതിനായി ദയാന്‍ ഏറെ യത്നിച്ചു. ഗവണ്മെന്റിന്റെ ചില നയങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്‍ വിമുഖതയുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം 1979-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. സ്റ്റോറി ഒഫ് മൈ ലൈഫ് (1976) എന്ന ആത്മകഥ ഉള്‍ പ്പെടെ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

1981 ഒ. 16-ന് ടെല്‍ അവീവില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍