This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദമോ (ദമോഹ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദമോ (ദമോഹ്)

മധ്യപ്രദേശിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. വിന്ധ്യാപീഠഭുമിയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദമോ ജില്ലയ്ക്ക് 7,306 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 10,81,909 (2001); ജനസാന്ദ്രത: 148/ച.കി.മീ. (2001); ആസ്ഥാനം: ദമോ. അതിരുകള്‍: വടക്കും വടക്കുപടിഞ്ഞാറും ഛതര്‍പൂര്‍ ജില്ല; പ. സാഗര്‍; തെ. നരസിംഹപൂര്‍, ജബല്‍പൂര്‍ ജില്ലകള്‍; കി. ജബല്‍പൂര്‍, പന്ന ജില്ലകള്‍.

സോനാര്‍ നദീതാഴ്വര ദമോ ജില്ലയെ രണ്ടായി വിഭജിക്കുന്നു. ജില്ലയ്ക്കും ജബല്‍പൂരിനും മധ്യേ നൈസര്‍ഗികാതിര്‍ത്തി സൃഷ്ടിക്കുന്ന വിന്ധ്യാനിരകളിലെ കുലുമാര്‍ കുന്നാണ് (751 മീ.) ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 586.7 മീ. ഉയരമുള്ള ഖേരി (Kheri) ഉയരം കൂടിയ മറ്റൊരു പ്രധാന പ്രദേശമാണ്. വിന്ധ്യാ നിരകളിലെ മറ്റു പ്രദേശങ്ങള്‍ക്ക് 550-580 മീ. ശരാശരി ഉയരമുണ്ട്. ജില്ലയിലെ സോനാര്‍ നദീതാഴ്വര കാര്‍ഷികോത്പാദനം, ഭരണനിര്‍വഹണം, വാണിജ്യം, വ്യവസായം എന്നീ മേഖലകളില്‍ മുന്നിട്ടു നില്ക്കുന്നു. ജനസാന്ദ്രതയിലും ഈ പ്രദേശം മുന്നിലാണ്. ഉഷ്ണമേഖലാ വിഭാഗത്തില്‍പ്പെട്ട വരണ്ട ഇലപൊഴിയും കാടുകളാല്‍ ശ്രദ്ധേയമാണ് ദമോ. മലമ്പ്രദേശത്താണ് ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാനും തേക്കിന്‍ കാടുകളും ജില്ലയിലുണ്ട്. സോനാര്‍, ബിയെര്‍മ നദികളും അവയുടെ പോഷകനദികളുമാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സുകള്‍. ജില്ലയുടെ ധനാഗമമാര്‍ഗങ്ങളില്‍ കാര്‍ഷിക മേഖലയ്ക്കാണ് മുന്‍തൂക്കം. വിളകളില്‍ ഗോതമ്പ്, നെല്ല്, ജോവര്‍ എന്നിവ മുന്നിട്ടു നില്ക്കുന്നു. കന്നുകാലിവളര്‍ത്തലിനും പ്രാധാന്യമുണ്ട്. വ്യവസായ മേഖലയില്‍ ചെറുകിട-കുടില്‍ വ്യവസായങ്ങളായ ബീഡിതെറുപ്പ്, ധാന്യ-എണ്ണ മില്ലുകള്‍ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. ദമോ ജില്ലയിലെ റെയില്‍-റോഡ് ഗതാഗത മാര്‍ഗങ്ങള്‍ വികസിതമാണ്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദമോ ജില്ലയിലുണ്ട്. 2001-ലെ കണക്കനുസരിച്ച് 62.06 ആയിരുന്നു ജില്ലയുടെ സാക്ഷരതാ നിരക്ക്. ദമോ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ക്രൈസ്തവ, ഇസ്ലാം, മതവിഭാഗങ്ങളും ജില്ലയിലുണ്ട്. ഹിന്ദിയാണ് പ്രധാന ഭാഷ. ജില്ലയിലെ ബത്തിഗഢ്, ബാന്‍ദക്പൂര്‍, ഹാട്ട എന്നീ പ്രദേശങ്ങള്‍ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍