This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദത്ത്, രമേശ് ചന്ദ്ര (1848 - 1909)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദത്ത്, രമേശ് ചന്ദ്ര (1848 - 1909)
ഭരണതന്ത്രജ്ഞനും ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരനും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്ന ദത്ത് സാമ്പത്തിക ചരിത്രകാരന്‍ എന്ന നിലയിലും പ്രസിദ്ധനാണ്. ഇദ്ദേഹം 1848 ആഗ. 13-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. പിതാവായ ഈശ്വര്‍ ചന്ദ്ര ദത്ത് ബ്രിട്ടിഷ് സര്‍വീസില്‍ ഡെപ്യൂട്ടി കളക്റ്റര്‍ ആയിരുന്നു. കൊല്‍ക്കത്തയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 16-ാം വയസ്സില്‍ വിവാഹിതനായി. 1866-ല്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍നിന്ന് സ്കോളര്‍ഷിപ്പോടുകൂടി 'ഫസ്റ്റ് ആര്‍ട്ട്സ്' പരീക്ഷ പാസ്സായി. ബി.എ.യ്ക്കു പഠിച്ചുകൊണ്ടിരുന്നപ്പോള്‍ത്തന്നെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. 1869-ല്‍ ഇംഗ്ളണ്ടില്‍നിന്ന് ഐ.സി.എസ്. പരീക്ഷ വിജയിച്ചു. 1871-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം അസിസ്റ്റന്റ് മജിസ്റ്റ്രേറ്റ് ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ബ്രിട്ടിഷ് ഇന്ത്യയില്‍ ഒരു ഡിവിഷന്റെ കമ്മീഷണര്‍ എന്ന പദവിയിലെത്തിയ ആദ്യത്തെ ഭാരതീയനായിരുന്നു ദത്ത്. കുറേക്കാലം ബറോഡയിലെ ദിവാനായി സേവനമനുഷ്ഠിച്ചു. ലണ്ടന്‍ സര്‍വകലാശാലയിലെ ചരിത്രാധ്യാപകനായും പ്രവര്‍ത്തിക്കുകയുണ്ടായി. 1897-ല്‍ ജോലി രാജിവച്ച് പൊതുപ്രവര്‍ത്തനത്തിലും സാഹിത്യരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വാതന്ത്ര്യ സമരത്തിലും സ്വദേശി പ്രസ്ഥാനത്തിലും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1899-ലെ ലഖ്നൗ സമ്മേളന അധ്യക്ഷന്‍ ദത്ത് ആയിരുന്നു. 1908-ല്‍ ബ്രിട്ടിഷ് ഗവണ്മെന്റ് നിയമിച്ച വികേന്ദ്രീകരണ കമ്മിഷനില്‍ അംഗമായിരുന്നു.
ആര്‍.സി. ദത്തിലെ പ്രതിഭാധനനെ കണ്ടെത്തിയത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശാനുസരണം നിരവധി നോവലുകള്‍ ബംഗാളിഭാഷയില്‍ ദത്ത് രചിക്കുകയുണ്ടായി. രണ്ടെണ്ണം ഗ്രന്ഥകര്‍ത്താവുതന്നെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു: ദ് ലേക്ക് ഒഫ് പാംസ് (1902), ദ് സ്ലേവ്ഗേള്‍ ഒഫ് ആഗ്ര (1909) എന്നിവ. മറ്റു മൂന്ന് നോവലുകള്‍ പുത്രനായ അജയ്ദത്ത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി- തോഡര്‍മല്‍, ശിവാജി, പ്രതാപ്സിങ് എന്നിവ. രജപുത്ര-മറാത്ത വംശങ്ങളെക്കുറിച്ചുള്ള ചരിത്രനോവലുകളാണ് ഇവ. നിരവധി ചരിത്രഗ്രന്ഥങ്ങളും ദത്തിന്റേതായുണ്ട്. എ ഹിസ്റ്ററി ഒഫ് സിവിലിസേഷന്‍ ഇന്‍ എന്‍ഷ്യന്റ് ഇന്ത്യ, ലേറ്റര്‍ ഹിന്ദു സിവിലിസേഷന്‍, ഇന്ത്യ ഇന്‍ ദ് വിക്റ്റോറിയന്‍ ഏജ്, ദി ഇക്കണോമിക് ഹിസ്റ്ററി ഒഫ് ബ്രിട്ടിഷ് ഇന്ത്യ, എ ബ്രീഫ് ഹിസ്റ്ററി ഒഫ് എന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍ ബംഗാള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ഋഗ്വേദത്തിന്റെ ബംഗാളി പരിഭാഷയാണ് ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. കൂടാതെ രാമായണം, മഹാഭാരതം, കാളിദാസന്റെ കുമാരസംഭവം, ഭാരവിയുടെ കിരാതാര്‍ ജുനീയം എന്നിവയും ഋഗ്വേദത്തിന്റെയും ഉപനിഷത്തുകളുടെയും ബൌദ്ധസാഹിത്യത്തിന്റെയും തിരഞ്ഞെടുത്ത ഭാഗങ്ങളും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. ഇവയില്‍ ചില ഭാഗങ്ങള്‍ 1894-ല്‍ പ്രസിദ്ധീകരിച്ച ലെയ്സ് ഒഫ് എന്‍ഷ്യന്റ് ഇന്ത്യ എന്ന സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ദ് സ്ളേവ് ഗേള്‍ ഒഫ് ആഗ്ര എന്ന നോവല്‍ മുഗള്‍ ഇന്ത്യയുടെ പശ്ചാത്തലത്തിലാണു രചിച്ചിരിക്കുന്നത്. 17-ാം ശ.-ത്തിലെ ആഗ്രയിലെ ജനജീവിതത്തിന്റെ വിഹഗവീക്ഷണം ഇതില്‍ വായനക്കാര്‍ക്കു ലഭിക്കുന്നു. പ്രണയവും ഉപജാപവും കഥയുടെ മുഖ്യഘടകങ്ങളാണ്. ദ് ലേക്ക് ഒഫ് പാംസില്‍ 19-ാം ശ.-ത്തിലെ ബംഗാളി ജീവിതത്തിന്റെ പരിച്ഛേദമാണു കാണുന്നത്. രണ്ടിലും നോവലിസ്റ്റിന്റെ ദേശസ്നേഹം വ്യക്തമായി നിഴലിക്കുന്നു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സംഗൃഹീത വിവര്‍ത്തനമാണ് ദത്തിന്റെ പ്രശസ്തിയുടെ മുഖ്യ നിദാനം. വാല്മീകിരാമായണത്തിലെ 48,000 വരികളും വ്യാസഭാരതത്തിലെ രണ്ടുലക്ഷം വരികളും 4,000 വീതമായി ചുരുക്കിയിരിക്കുന്നു. രാമായണത്തിലെ ഏഴ് കാണ്ഡങ്ങളും ഭാരതത്തിലെ പതിനെട്ട് പര്‍വങ്ങളും വിവര്‍ത്തനത്തില്‍ പന്ത്രണ്ട് ഭാഗങ്ങള്‍ വീതമായി മാറുന്നു. ഇക്കാര്യത്തില്‍ ദത്തിന്റെ മാതൃക ആംഗലകവിയായ മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് ആണെന്ന് അഭിപ്രായമുണ്ട്. പാരഡൈസ് ലോസ്റ്റിലും പന്ത്രണ്ട് ഭാഗങ്ങളാണുള്ളത്. ഇംഗ്ളീഷ് കവിയായ ആല്‍ഫ്രഡ് ടെന്നിസന്‍ 'ലോക്സ്ലി ഹാള്‍' എന്ന കവിതയില്‍ ഉപയോഗിച്ച ഛന്ദസ്സാണ് ദത്ത് തന്റെ വിവര്‍ത്തനങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നത്. രാമായണ ഭാരതങ്ങളിലെ അനുഷ്ടുപ് ഛന്ദസ്സിനു പകരം ഇംഗ്ലീഷ് ഛന്ദസ്സുകളില്‍ ഏറ്റവും അനുയോജ്യമായത് ലോക്സ്ലി ഹാള്‍ ഛന്ദസ്സാണെന്ന് ഇദ്ദേഹം കരുതിയിരിക്കണം.
ഇന്ത്യയുടെ സാമ്പത്തിക ചരിത്ര രചനയ്ക്കു നല്കിയ സംഭാവനയുടെ പേരിലും ആര്‍.സി.ദത്ത് അറിയപ്പെടുന്നു. കൃഷിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന പെസന്‍ട്രി ഒഫ് ബംഗാള്‍ എന്ന കൃതി 1875-ല്‍ പ്രസിദ്ധീകരിച്ചു. 1900-ല്‍ ഫാമിന്‍സ് ഇന്‍ ഇന്ത്യ എന്ന കൃതിയും പ്രസിദ്ധീകൃതമായി. ഇന്ത്യ അണ്ടര്‍ ഏര്‍ലി ബ്രിട്ടിഷ് റൂള്‍: 1757-1837 എന്ന കൃതിയും (1901) ഇക്കോണമിക് ഹിസ്റ്ററി ഒഫ് ഇന്ത്യ ഇന്‍ ദ് വിക്റ്റോറിയന്‍ ഏയ്ജ് എന്ന കൃതിയും(1902) ആണ് സാമ്പത്തിക ചരിത്ര രചനാരംഗത്ത് ദത്തിനെ ശ്രദ്ധേയനാക്കിയത്. ഈ കൃതികള്‍ ഇന്ത്യന്‍ സാമ്പത്തിക ചരിത്ര രംഗത്തെ ക്ളാസ്സിക്കുകള്‍ ആണ്. കൃഷിക്കാരുടെ ദാരിദ്യ്രം, അടിക്കടി ഉണ്ടാകുന്ന ക്ഷാമങ്ങള്‍, ഭൂനികുതിയുടെ ഭാരം, സ്വദേശീയ വ്യവസായങ്ങളുടെ തകര്‍ച്ച, വിദേശീയ മൂലധനത്തിന്റെ പ്രത്യാഘാതം, അമിതമായ ഭരണച്ചെലവ് എന്നീ കാര്യങ്ങള്‍ ആദ്യമായി ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കിയത് ദത്ത് ആണ്. 1898-ല്‍ ഇന്ത്യന്‍ കറന്‍സിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട 'ഫൗളര്‍ കമ്മിറ്റി'ക്കു മുമ്പാകെ ദത്ത് ഹാജരാക്കിയ തെളിവുകള്‍ പ്രധാന സാമ്പത്തിക ചരിത്ര രേഖയായി പരിഗണിക്കപ്പെടുന്നു.
1909-ല്‍ ദത്ത് അന്തരിച്ചു.