This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്ത്, തരു (1856 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദത്ത്, തരു (1856 - 77)

ഇന്ത്യന്‍ ഇംഗ്ലീഷ് കവയിത്രി. തരുലതാ ദത്ത് എന്നാണ് പൂര്‍ണനാമം. ഗോവിന്‍ ചന്ദര്‍ ദത്തിന്റെ പുത്രിയായി 1856-ല്‍ ബംഗാളില്‍ ജനിച്ചു. സഹോദരിയായ അരുലതയോടൊപ്പം യൂറോപ്പിലായിരുന്നു വിദ്യാഭ്യാസം. നിസിലെ ഫ്രഞ്ച് സ്കൂളിലെ പഠനം ഫ്രഞ്ച് ഭാഷയും സാഹിത്യവുമായി പരിചയപ്പെടാന്‍ ഇവര്‍ക്ക് അവസരം നല്കി. 1871-ല്‍ ദത്ത്കുടുംബം കേംബ്രിജില്‍ താമസമാക്കി. അവിടെവച്ച് 'ഹയര്‍ ലെക്ചേഴ്സ് ഫോര്‍ വിമന്‍' എന്ന പ്രഭാഷണ പരമ്പര കേള്‍ക്കാനിടയായത് തരുലതയില്‍ ഗണ്യമായ സ്വാധീനം ചെലുത്തി. 1873-ല്‍ ഇവര്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തി. അടുത്തവര്‍ഷം സംഭവിച്ച അരുലതയുടെ വിയോഗം തരുലതയ്ക്കു താങ്ങാനാവാത്ത ദുരന്തമായിരുന്നു.

തരു ദത്ത്

1875-ല്‍ ഫ്രഞ്ച് കവിതകളുടെ ഇംഗ്ളീഷ് വിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എ ഷീഫ് ഗ്ലിന്‍ഡ് ഇന്‍ ഫ്രഞ്ച് ഫീല്‍ഡ്സ് പ്രസിദ്ധീകരിച്ചു. 165 കവിതകളുള്ളതില്‍ എട്ടെണ്ണം അരുലതയുടേതായിരുന്നു. ഈ സമാഹാരത്തില്‍ അണിനിരന്നിട്ടുള്ള ഫ്രഞ്ച് കവികളെക്കുറിച്ച് തരുലത തയ്യാറാക്കിയ കുറിപ്പുകള്‍ ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഫ്രഞ്ച് കവിയായ ബെറാന്‍ഷേയുടെ 'മൈ വൊക്കേഷന്‍' തുടങ്ങിയ ചില പ്രസിദ്ധ കവിതകള്‍ ഇതിലുണ്ട്. തരുലത രചിച്ച 'അ മോന്‍ പേര്‍' എന്ന ഗീതകത്തോടെയാണ് ഈ കൃതിയുടെ ഉപസംഹാരം.

1876-ല്‍ തരു ദത്ത് സംസ്കൃതപഠനം തുടങ്ങി. സംസ്കൃതസാഹിത്യത്തില്‍നിന്നുള്ള ചില കഥകള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. ഇവരുടെ മരണശേഷം ഈ രചനകള്‍ എന്‍ഷ്യന്റ് ബാലഡ്സ് ആന്‍ഡ് ലെജന്‍ഡ്സ് ഒഫ് ഹിന്ദുസ്ഥാന്‍ എന്ന പേരില്‍ എഡ്മണ്‍ഡ് ഗോസിന്റെ അവതാരികയോടുകൂടി പിതാവായ ഗോവിന്‍ ചന്ദര്‍ ദത്ത് പ്രസിദ്ധപ്പെടുത്തി. ബിയാങ്ക, ഓര്‍ ദ് യങ് സ്പാനിഷ് മെയ്ഡന്‍ എന്ന അപൂര്‍ണ നോവല്‍ 1878-ല്‍ ബംഗാള്‍ മാഗസിനിന്റെ ജനുവരി-ഏപ്രില്‍ ലക്കത്തിലൂടെ വെളിച്ചം കണ്ടു. തൊട്ടടുത്ത വര്‍ഷം തരുലതയുടെ ഫ്രഞ്ച് നോവലായ ല് ഷുര്‍നാല്‍ ദ് മദ്മ്വാസെ ദര്‍വേഴ്സ് പാരിസില്‍ പുറത്തുവന്നു. വില്യം സെക്ഫോര്‍ഡിന്റെ വാഥെക് എന്ന കൃതിക്കു സമശീര്‍ഷമാണ് ഈ നോവലെന്ന് നിരൂപകര്‍ വിലയിരുത്തുകയുണ്ടായി.

ക്ഷയരോഗബാധയാല്‍ 1877-ല്‍ തരു ദത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍