This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്ത്, ഉത്പല്‍ (1929 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദത്ത്, ഉത്പല്‍ (1929 - 93)

ഉത്പല്‍ ദത്ത്

ബംഗാളി നാടകസംവിധായകനും ചലച്ചിത്ര നടനും. 1929 മാ. 29-ന് അസമിലെ ഷില്ലോങ്ങില്‍ ജനിച്ചു. സെന്റ് സേവിയേഴ്സ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം നടത്തി. വിദ്യാഭ്യാസത്തിനുശേഷം ബംഗാളി നാടകവേദിയില്‍ പ്രവേശിച്ചു. 1940-കളുടെ തുടക്കത്തില്‍ ജെഫ്രികെന്‍ഡലിന്റെ ഷെയ്ക്സ്പിയര്‍ നാടകങ്ങളിലൂടെ നാടകരംഗത്ത് എത്തി. പിന്നീട് ലിറ്റില്‍ തിയെറ്റര്‍ ഗ്രൂപ്പിനുവേണ്ടി ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. 1949-ല്‍ സ്വന്തം നാടകസമിതി തുടങ്ങിയ ഇദ്ദേഹം അടുത്തവര്‍ഷം മുതല്‍ 'ഇപ്റ്റ' (IPTA-ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന്‍)യുടെ ബംഗാളി ഘടകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതു മുതല്‍ ഇദ്ദേഹം ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയായിരുന്നു. തെരുവു നാടകങ്ങളായിരുന്നു അക്കാലത്ത് പ്രധാനമായി ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ അതിശക്തമായ കടന്നാക്രമണങ്ങള്‍ അഴിച്ചുവിട്ട ചാര്‍ജ് ഷീറ്റ് (1950) തുടങ്ങിയ നാടകങ്ങളിലൂടെ ദത്ത് നാടകത്തെ അക്ഷരാര്‍ഥത്തില്‍ ഒരു സമരായുധമാക്കി മാറ്റുകയാണു ചെയ്തത്. ഈ നാടകത്തിന്റെ ആദ്യാവതരണംതന്നെ നിരോധിക്കപ്പെട്ടു. പക്ഷേ, അടുത്തദിവസം നാടകം ഹസ്രാപാര്‍ക്കില്‍ അവതരിപ്പിക്കുകയുണ്ടായി. 1961-ല്‍ ഇദ്ദേഹം സംവിധാനം ചെയ്ത ഉത്തര്‍പ്പരയും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ ദുസ്വപ്നേര്‍ നഗരി എന്ന നാടകവുമായി ഉത്പല്‍ ദത്ത് വീണ്ടും രംഗത്തുവന്നു. ഇതിനിടെ ഇന്ത്യന്‍ നാടകചരിത്രത്തില്‍ ശ്രദ്ധേയമായ ഒട്ടനവധി രംഗനാടകങ്ങള്‍ ഇദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞിരുന്നു. അവയില്‍ പ്രധാനപ്പെട്ടവയാണ് ആങ്ഗര്‍ (1959), കല്ലോല്‍ (1965), ദിന്‍ ബാദലര്‍ പല (1967), തിനേര്‍ തല്‍വാര്‍ (1970), ബാരിക്കേഡ് (1972) തുടങ്ങിയവ. നാടോടി പുരാവൃത്തങ്ങളില്‍നിന്ന് അതിശക്തമായ പുരോഗമന പുരാവൃത്തങ്ങളിലേക്ക് നാടകത്തിലൂടെ എത്തിച്ചേരുക എന്ന പിസ്കേറ്ററുടെ നാടകസമീപനം ഇന്ത്യയില്‍ ഇദംപ്രഥമമായി പരീക്ഷിച്ചു വിജയിപ്പിച്ച നാടകകൃത്താണ് ഉത്പല്‍ ദത്ത്. 1969-ല്‍ ഇദ്ദേഹം ബംഗാളിലെ 'ജാത്ര'യെ അവലംബിച്ചുകൊണ്ടു നടത്തിയ നാടകപരീക്ഷണങ്ങള്‍ പില്ക്കാലത്ത് ഒരു നവീന നാടകസരണിയായി മാറി. ഇതിന്റെ മികച്ച ഉദാഹരണമാണ് റൈഫിള്‍ എന്ന നാടകം. നാടകത്തില്‍ 'ജാത്ര'യെ സ്വാംശീകരിച്ചുകൊണ്ട് ഇദ്ദേഹവും ശംഭുമിത്രയും ചേര്‍ന്ന് പിന്നീട് പ്രവര്‍ത്തിച്ചു.

ഭുവന്‍ഷോമിലെ ഒരു രംഗം

19-ാം ശ.-ത്തിലെ ബംഗാളി നാടകാചാര്യനായിരുന്ന മൈക്കേല്‍ മധുസൂദനെക്കുറിച്ചു നിര്‍മിച്ച മൈക്കേല്‍ മധുസൂദന്‍ എന്ന ബംഗാളി ചിത്രത്തിലൂടെ ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടര്‍ന്ന് മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോമില്‍ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലെ കച്ചവടസിനിമകളില്‍ പലതിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജര്‍ ദേശ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം വേഷമണിഞ്ഞു. ഗുഡ്ഡി, ഗോല്‍മാല്‍, നരം ഗരം, ഷൗകീന്‍ എന്നിവ ദത്തിന്റെ ഹാസ്യചിത്രങ്ങളില്‍ ചിലവയാണ്. ബംഗാളിലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)യുടെ സാംസ്കാരിക വേദികളില്‍ ജീവിതാന്ത്യംവരെ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 1982-ല്‍ ആത്മകഥ പ്രകാശിപ്പിക്കപ്പെട്ടു.

1993 ആഗ.-19-ന് ഇദ്ദേഹം കൊല്‍ക്കത്തയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍