This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്തന്‍, എം.ആര്‍.ഡി. (1933 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദത്തന്‍, എം.ആര്‍.ഡി. (1933 - 2006)

കേരളീയ ശില്പിയും ചിത്രകാരനും. 1933 ജൂല. 6-ന് എറണാകുളത്ത് ജനിച്ചു. എം.ആര്‍. ധര്‍മദത്തന്‍ എന്നാണ് പൂര്‍ണമായ പേര്. കൊച്ചിന്‍ സ്കൂള്‍ ഒഫ് ആര്‍ട്സിന്റെ സ്ഥാപകനും കൊച്ചി മഹാരാജാവിന്റെ കൊട്ടാര കലാകാരന്മാരില്‍ ഒരാളുമായിരുന്ന പ്രശസ്തനായ ആര്‍ട്ടിസ്റ്റ് എം. രാമനാണ് പിതാവ്; മാതാവ് കാവുക്കുട്ടി. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയശേഷം മദിരാശിയില്‍ സിവില്‍ എന്‍ജിനീയറിങ്ങും പിന്നീട് ഹൈദരാബാദിലെ സലാര്‍ദര്‍ജംഗ് മ്യൂസിയത്തില്‍ രണ്ടു വര്‍ഷം മ്യൂസിയോളജിയും പഠിച്ചു. 1960 വരെ സെക്കന്ദരാബാദില്‍ ഇന്ത്യന്‍ ന്യൂട്രിഷന്‍ ലാബിലെ ചീഫ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തതിനുശേഷം കൊച്ചിന്‍ സ്കൂള്‍ ഒഫ് ആര്‍ട്സില്‍ അധ്യാപകനായി ചേര്‍ന്നു. തുടര്‍ന്ന് ഇതേ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയി നിയമിതനായി. ഇതോടൊപ്പം ചിത്രങ്ങള്‍, ശില്പങ്ങള്‍, അലങ്കാര രൂപങ്ങള്‍ എന്നിവ സ്വതസ്സിദ്ധമായ കലാവിരുതോടെ ചെയ്തു.

എം.ആര്‍.ഡി.ദത്തന്‍

ജലച്ചായത്തിലും എണ്ണച്ചായത്തിലും ധാരാളം രചനകള്‍ ചെയ്തിരുന്നുവെങ്കിലും ശില്പങ്ങളാണ് കൂടുതല്‍ ചെയ്തത്. വാസ്തുശില്പരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിമന്റ്, പ്ളാസ്റ്റര്‍ ഒഫ് പാരിസ്, വെങ്കലം എന്നീ മാധ്യമങ്ങളില്‍ ശില്പങ്ങള്‍ ചെയ്തു. ഗുരുവായൂരില്‍ സ്ഥാപിച്ച 'ഗുരുവായൂര്‍ കേശവന്‍' എന്ന ആനയുടെ സിമന്റുശില്പം, കേരള കലാമണ്ഡലത്തില്‍ സ്ഥാപിച്ച വള്ളത്തോളിന്റെ വെങ്കലശില്പം, ഡല്‍ഹിയിലെ വി.കെ. കൃഷ്ണമേനോന്റെ വെങ്കലശില്പം, പുരിയിലെ തപോവന മഹാരാജിന്റെ വെങ്കല ശില്പം, മലപ്പുറത്തെ മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയുടെ ശില്പം, ഡല്‍ഹിയിലെ മഹാത്മാഗാന്ധിയുടെ ശില്പം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രാജാരാജവര്‍മയുടെ ശില്പം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കലാവൈഭവം എടുത്തു കാണിക്കുന്നവയാണ്. ശ്രീ നാരായണഗുരുവിന്റെ മികവേറിയ പല ശില്പങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. വൈദ്യരത്നം പി.എസ്. വാര്യര്‍, വേലുത്തമ്പി ദളവ, ആര്‍. വെങ്കിട്ടരാമന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, മാമ്മന്‍ മാപ്പിള, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ മറ്റനവധി പ്രഗല്ഭ ശില്പങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ട്രോഫികള്‍, അവാര്‍ഡുകള്‍, പവലിയനുകള്‍ തുടങ്ങിയവയ്ക്ക് ഇദ്ദേഹം രൂപകല്പന ചെയ്ത കലാമാതൃകകള്‍ പല സവിശേഷതകള്‍കൊണ്ടും ശ്രദ്ധാര്‍ഹമായിരുന്നു. ചെറുതുരുത്തിയിലെ വള്ളത്തോള്‍ മ്യൂസിയം, ഹൈദരാബാദിലെ നാഷണല്‍ ന്യൂട്രിഷന്‍ മ്യൂസിയം എന്നിവ എം.ആര്‍.ഡി. ദത്തന്‍ രൂപാവിഷ്കാരം നടത്തിയവയാണ്. ഗുരുവായൂരമ്പലത്തിലെ ഊട്ടുപുര, ആഡിറ്റോറിയം എന്നിവയും ഇദ്ദേഹത്തിന്റെ രൂപനിര്‍വഹണത്തിലാണ് ചെയ്യപ്പെട്ടത്.

ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്സ്, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ പലതവണ അംഗമായിരുന്നിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്ഥാനം 'ശില്പി രത്ന' എന്ന ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കലാരംഗത്ത് നല്കിയിട്ടുള്ള സമഗ്ര സംഭാവന പരിഗണിച്ച് കേരള ലളിതകലാ അക്കാദമി 2004-ല്‍ ഫെലോഷിപ്പ് നല്കി. കലാസവിശേഷതകള്‍ മനസ്സിലാക്കുന്നതിനായി ഇദ്ദേഹം സോവിയറ്റ് യൂണിയനിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

2006 ആഗ. 1-ന് ഇദ്ദേഹം എറണാകുളത്ത് അന്തരിച്ചു.

(കാട്ടൂര്‍ നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍