This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:31, 21 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഥാര്‍

ഠവമൃ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു വിശാല മരുപ്രദേശം. ഇന്ത്യന്‍ മഹാമരുഭൂമി എന്നും അറിയപ്പെടുന്ന ഥാര്‍, ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിസ്തൃതിയേറിയ മരുഭൂമിയാണ്. മണല്‍ക്കുന്നുകളെ പൊതുവേ വിശേഷിപ്പിക്കുന്ന 'ഥൂള്‍' (വൌേഹ) എന്ന പദത്തില്‍ നിന്നാകാം 'ഥാര്‍' എന്ന പദം നിഷ്പന്നമായതെന്നു കരുതുന്നു. ഇന്ത്യയിലെ രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലുമായി ഏകദേശം 2,50,000 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഥാറിന് സു. 805 കി.മീ. നീളവും 405 കി.മീ. വീതിയുമുണ്ട്. ഈ മരുപ്രദേശത്തിലെ ഏറ്റവും ഉയരം കുറഞ്ഞ റാന്‍ ഒഫ് കച്ച് പ്രദേശത്തിന് സു. 60 മീ.- ഉം ഏറ്റവും ഉയരം കൂടിയ ആരവല്ലി പ്രദേശത്തിന് സു. 450 മീ.-ഉം ഉയരമാണുള്ളത്.

 ഇന്ത്യയിലെ ആരവല്ലി നിരകള്‍ക്ക് വടക്കുപടിഞ്ഞാറുനിന്ന് ആരംഭിക്കുന്ന ഥാര്‍ രാജസ്ഥാന്‍ സംസ്ഥാനവും കടന്ന് പാകിസ്താനിലെ സിന്ധുനദീതടം വരെ വ്യാപിച്ചിരിക്കുന്നു. മരുഭൂമിയുടെ വടക്കുപടിഞ്ഞാറ് സത്ലജ്നദിയും കി. ആരവല്ലി നിരയും തെ. റാന്‍ ഒഫ് കച്ചും പ. സിന്ധുനദീതടവുമാണ് അതിര്‍ത്തികള്‍. 
 മധ്യേഷ്യയിലെ മരുപ്രദേശ മേഖലയുടെ തുടര്‍ച്ചയായ ഥാര്‍, സിന്ധു-ഗംഗാ നദീതടങ്ങളുടെ ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. വന്‍ മണല്‍ക്കൂനകളും കാറ്റിന്റെ അപരദന പ്രക്രിയയ്ക്കു വിധേയമായ ശിലാഖണ്ഡങ്ങളും കുത്തനെ ഉയര്‍ന്നുനില്ക്കുന്ന പാറക്കെട്ടുകളും ഥാര്‍ മരുഭൂമിയുടെ ഉപരിതല സവിശേഷതകളാണ്. മരുഭൂമിക്ക് നിമ്നോന്നതമായ ഭൂപ്രകൃതി പ്രദാനം ചെയ്യുന്ന മണല്‍ക്കൂനകള്‍ കാറ്റിന്റെ അപരദനത്താല്‍ പരിവര്‍ത്തനവിധേയമാണ്. മണല്‍സമതലങ്ങള്‍ക്കിടയിലെ ഉയരം കുറഞ്ഞ മൊട്ടക്കുന്നുകള്‍ ഭാകര്‍ (ആവമസമൃ) എന്നറിയപ്പെടുന്നു.
 അതികഠിനമായ വരണ്ട കാലാവസ്ഥയാണ് ഥാര്‍ മരുഭൂമിയിലേത്. അസഹനീയമായ ചൂടനുഭവപ്പെടുന്ന വേനലും മിതോഷ്ണമുള്ള ശൈത്യവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനലില്‍ താപനില ചിലപ്പോള്‍ 50ബ്ബഇ-ല്‍ കൂടാറുണ്ട്. ജനുവരിയില്‍ ഇത് 5-10ബ്ബഇ വരെ താഴുന്നു. പൊതുവേ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഥാര്‍ പ്രദേശത്ത് മഴ ലഭിക്കുന്നത്. മരുഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വര്‍ഷത്തില്‍ സു. 100 മി.മീ. മഴ ലഭിക്കുമ്പോള്‍ കിഴക്കന്‍ ഭാഗങ്ങളില്‍ സു. 500 മി.മീ. വരെ മഴ കിട്ടുന്നു. മേയ്-ജൂണ്‍ മാസങ്ങളില്‍ മരുഭൂമിയില്‍ ധൂളിങ്കൊടുങ്കാറ്റുകള്‍ വീശുക പതിവാണ്. ഥാര്‍ മരുപ്രദേശത്തു കാണപ്പെടുന്ന വരണ്ട നദീതടങ്ങള്‍ മുമ്പ് ഈ പ്രദേശം ഫലഭൂയിഷ്ഠമായിരുന്നു എന്നു സൂചിപ്പിക്കുന്നു.
 ഥാര്‍ മരുഭൂമിയില്‍ ധാരാളം ലവണജല തടാകങ്ങള്‍ കാണാം. ധാണ്ഡ് (റവമിറ) എന്നറിയപ്പെടുന്ന ഇവയില്‍ സാംഭാര്‍ തടാകത്തിനാണ് പ്രഥമ സ്ഥാനം. ജയ്സാല്‍മീറിനു വടക്ക് കാണപ്പെടുന്ന പ്ളായ  ജലാശയങ്ങള്‍ റാന്‍ (ഞമിി) എന്ന പേരിലാണ് അറിയപ്പെടുന്നത്. മിക്കപ്പോഴും ഇവ വറ്റിവരണ്ടു കിടക്കുന്നു. 'ലവണ നദി' എന്നര്‍ഥമുള്ള ലൂനി(ഘൌിശ)യാണ് ഥാര്‍ മരുപ്രദേശത്തെ പ്രധാന നദി. ആരംഭദിശയില്‍ ശുദ്ധജലം വഹിക്കുന്ന ഈ നദിയിലെ ജലത്തില്‍ പതനസ്ഥാനത്തെത്തുമ്പോഴേക്കും ലവണാംശം വര്‍ധിക്കുന്നു.
 ഏഴിനം മണ്ണാണ് ഥാര്‍ പ്രദേശത്ത് മുഖ്യമായുള്ളത്: 1. മരുപ്രദേശമണ്ണ് 2. മരുപ്രദേശചെമ്മണ്ണ് 3. തവിട്ടുകലര്‍ന്ന ചാരനിറമുള്ള മണ്ണ് 4. ചുവപ്പും മഞ്ഞയും കലര്‍ന്ന അടിവാരമണ്ണ് 5. ലവണരസമുള്ള മണ്ണ് 6. ലിതോസോള്‍ 7. റീഗോസോള്‍.
 ഥാറിലെ സസ്യപ്രകൃതി വളരെ ശുഷ്കമാണ്. അങ്ങിങ്ങായി കാണപ്പെടുന്ന കുറ്റിച്ചെടികളും പുല്ലുവര്‍ഗങ്ങളും ചില മരുപ്രദേശസസ്യങ്ങളും മാത്രമേ ഇവിടെ വളരുന്നുള്ളൂ. വിരളമായി മാത്രം വൃക്ഷങ്ങള്‍ വളരുന്ന ഥാറിലെ ചില കുന്നിന്‍ പ്രദേശങ്ങളില്‍ അക്കേഷ്യയും മറ്റു ചിലയിനം വൃക്ഷങ്ങളും കാണാം. സമതലങ്ങളില്‍ ഖാജ്റി (ഗവമഷൃശ) എന്ന പ്രാദേശിക നാമത്തില്‍ അറിയപ്പെടുന്ന വൃക്ഷമാണ് കൂടുതലുള്ളത്. ഥാറിലെ ജനസാന്ദ്രത കുറഞ്ഞ പുല്‍പ്രദേശങ്ങളില്‍ കൃഷ്ണമൃഗം, ചെറിയ കലമാന്‍ (ചിങ്കാര) തുടങ്ങിയ മൃഗങ്ങളെ കാണാം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വയിനം ഇന്ത്യന്‍ കൊക്കുകളു(ഏൃലമ കിറശമി യൌമൃെേറ)ടെ ആവാസകേന്ദ്രം കൂടിയാണ് ഥാര്‍. മണല്‍ക്കോഴി, താറാവ്, വാത്ത തുടങ്ങിയ ദേശാടനപ്പക്ഷികളും ഇവിടെ കാണപ്പെടുന്നു.
 ഥാറിലെ ജനങ്ങളിലധികവും ഗ്രാമീണരാണ്. നാനാതരത്തിലുള്ള വേഷവിധാനങ്ങളും ആചാരങ്ങളും ഇവര്‍ക്കിടയില്‍ പ്രാബല്യത്തിലുണ്ട്. ഹൈന്ദവരും മുസ്ലിങ്ങളും ആണ് പ്രധാന മതവിഭാഗക്കാര്‍. ഥാറിലെ നാടോടി ജനസമൂഹത്തിന്റെ മുഖ്യ ഉപജീവനമാര്‍ഗങ്ങളില്‍ കന്നുകാലി വളര്‍ത്തല്‍, കരകൌശല വസ്തുക്കളുടെ നിര്‍മാണം, വാണിജ്യം എന്നിവ ഉള്‍പ്പെടുന്നു. ജനവാസം വളരെ കുറഞ്ഞ ഒരു പ്രദേശമായിരുന്നു ഥാര്‍ മരുഭൂമി. പുല്ലുകള്‍ വളരുവാനാവാശ്യമായ ജല ലഭ്യതയുള്ള ഭാഗങ്ങളിലായിരുന്നു മുമ്പ് ജനവാസകേന്ദ്രങ്ങള്‍ നിലനിന്നിരുന്നത്. ആടുവളര്‍ത്തലായിരുന്നു ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. കിഴക്കന്‍ മേഖലകളിലാണ് ഇപ്പോള്‍ ജനസാന്ദ്രത കൂടുതല്‍. മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ നാടോടി ജനസമൂഹങ്ങളെ കാണാം. കിണറുകള്‍, കുളങ്ങള്‍ എന്നിവയ്ക്കു പുറമേ കനാലുകളും ഥാര്‍ മരുപ്രദേശത്തിലെ ജലസേചനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി കനാലിന്റെ നിര്‍മാണം പൂര്‍ത്തിയായതും (1986) മറ്റു ജലസേചന പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതും കൃഷിക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായി. രത്നങ്ങള്‍ ഉള്‍പ്പെടെയുള്ള അമൂല്യങ്ങളായ പല ഖനിജങ്ങളുടെയും കലവറ കൂടിയാണ് ഥാര്‍.
 ഇന്ത്യന്‍ ഥാര്‍ മരുപ്രദേശം. ഇന്ത്യയില്‍ ഥാര്‍ മരുപ്രദേശത്തിന്റെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സു. 1200 കി.മീ. ദൈര്‍ഘ്യത്തില്‍ ഥാര്‍ മരുഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. മഹാമരുഭൂമി (ഏൃലമ ഉലലൃെ), ചെറുമരുഭൂമി (ഘശഹേേല ഉലലൃെ) എന്നീ വ്യക്തമായ രണ്ട് ഭാഗങ്ങള്‍ ഇന്ത്യയിലെ ഥാര്‍ പ്രദേശത്തിനുണ്ട്. റാന്‍ ഒഫ് കച്ച് മേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ആരംഭിക്കുന്ന മഹാമരുഭൂമി ലൂനി നദിയും കടന്ന് വടക്കുഭാഗത്തേക്കു വ്യാപിച്ചിരിക്കുന്നു. രാജസ്ഥാനിനും സിന്ധിനും മധ്യേയുള്ള അതിര്‍ത്തി ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ജയ്സാല്‍മീറിനും ജോധ്പൂരിനും ഇടയില്‍ ലൂനി നദിയുടെ കരയില്‍നിന്ന് ആരംഭിച്ച് വടക്കുഭാഗത്തേക്കു വ്യാപിച്ചിരിക്കുന്ന ചെറു മരുഭൂമിക്കും മഹാമരുഭൂമിക്കുമിടയിലെ ഭൂഭാഗം തികച്ചും ഊഷരപ്രദേശമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ഇടയ്ക്കിടെ ചുണ്ണാമ്പുകല്ലുനിരകളും കാണപ്പെടുന്നു.
 വേനല്‍ക്കാലത്ത് അസഹനീയമായ ചൂടും (ചിലപ്പോള്‍ 50ബ്ബഇ-ല്‍ ഏറെ) 10-26 സെ.മീ. മാത്രം വാര്‍ഷിക വര്‍ഷപാതവും ലഭിക്കുന്ന ഥാര്‍ പ്രദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അനന്തമായി നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പും മണല്‍ക്കൂനകളും ഈ പ്രദേശത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. ക്രിസ്ത്വബ്ദാരംഭത്തില്‍ ഇവിടെ വനങ്ങളുണ്ടായിരുന്നു എന്നാണ് അനുമാനം. കാലാവസ്ഥയില്‍ വന്ന വ്യതിയാനവും മറ്റു ഭൂപരിണാമ പ്രക്രിയകളുമായിരിക്കാം വനനാശത്തിനു നിദാനമായതെന്നു കരുതപ്പെടുന്നു.
 പ്രധാന നദിയായ ലൂനിയും ചില ചെറുനദികളുമൊഴികെ ഇന്ത്യന്‍ ഥാര്‍ മരുപ്രദേശത്ത് മറ്റു ശുദ്ധജല സ്രോതസ്സുകളൊന്നുമില്ല. ഭൌമോപരിതലത്തില്‍നിന്നു വളരെ താഴെയാണ് ഇവിടെ ജലപീഠിക നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.
 സു. 2,08,751 ച.കി.മീ. വിസ്തീര്‍ണമുള്ള രാജസ്ഥാന്‍ മരു

പ്രദേശത്ത് 17 ദശലക്ഷത്തിലധികം ജനങ്ങള്‍ നിവസിക്കുന്നു. കൃഷിയും ആട്, ഒട്ടകം എന്നിവയെ വളര്‍ത്തലുമാണ് ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. വിളകളില്‍ തിനയ്ക്കാണ് പ്രഥമ സ്ഥാനം. ചിലയിടങ്ങളില്‍ പയറുവര്‍ഗങ്ങളില്‍പ്പെട്ട വിളകളുമുണ്ട്. കനാല്‍ജലസേചനം ലഭ്യമായ പ്രദേശങ്ങളില്‍ പയര്‍, ഗോതമ്പ്, പരുത്തി തുടങ്ങിയവ കൃഷിചെയ്യുന്നു. രാജസ്ഥാന്‍ കനാലാണ് (470 കി.മീ.) മുഖ്യ ജലസേചനോപാധി. സത്ലജ് നദിയില്‍ നിര്‍മിച്ചിരിക്കുന്ന നങ്ഗല്‍ അണക്കെട്ട് (പഞ്ചാബ്) പ്രധാന ജലവൈദ്യുത പദ്ധതിയാണ്.

 ജിപ്സവും നിര്‍മാണശിലകളുമാണ് രാജസ്ഥാന്‍ മരുഭൂമിയിലെ മുഖ്യ ഖനിജങ്ങള്‍. ഇവിടത്തെ ബിക്കാനീര്‍ പട്ടണം കമ്പിളി ഉത്പാദനത്തിലും ഗംഗാനഗര്‍ പരുത്തി വ്യവസായത്തിലും മുന്നില്‍ നില്ക്കുന്നു. 1974 മുതല്‍ ഥാര്‍ മരുഭൂമിയിലെ പൊഖ്റാന്‍ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന്റെ വേദിയാണ്.
 രാജസ്ഥാന്‍ മരുപ്രദേശത്തെ ജനങ്ങളില്‍ നാലിലൊരു ഭാഗം പട്ടണങ്ങളില്‍ വസിക്കുന്നു. ഗ്രാമങ്ങളില്‍ ജനസാന്ദ്രത പൊതുവേ കുറവാണ്. മുന്‍ രാജഭരണകേന്ദ്രങ്ങളായിരുന്ന ജോധ്പൂര്‍, ബിക്കാനീര്‍, ജയ്സാല്‍മീര്‍ എന്നിവയാണ് ഈ പ്രദേശത്തെ മുഖ്യ പട്ടണങ്ങള്‍.
 ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായതിനാല്‍ തന്ത്രപ്രധാനമായ സ്ഥാനമാണ് രാജസ്ഥാനിലെ ഥാര്‍ പ്രദേശത്തിനുള്ളത്. ഈ പ്രദേശത്തിന്റെ ഗതാഗത-വാര്‍ത്താവിനിമയ മേഖലകളുടെ വികസനത്തിനു വഴിതെളിച്ചതും ഈ ഘടകമാണ്. ജോധ്പൂര്‍, ജയ്സാല്‍മീര്‍, സൂറത്ത്ഗഢ് എന്നിവയാണ് മുഖ്യ ഗതാഗതകേന്ദ്രങ്ങള്‍.
 സ്വാതന്ത്യ്രലബ്ധിക്കുമുമ്പ് രാജസ്ഥാന്‍ മരുഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും രാജഭരണത്തിന്‍കീഴില്‍ ആയിരുന്നു. രാജഭരണത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്ന പ്രൌഢഗംഭീരങ്ങളായ കൊട്ടാരങ്ങള്‍, കോട്ടകളാല്‍ ചുറ്റപ്പെട്ട പട്ടണങ്ങള്‍, ശില്പചാതുര്യത്താല്‍ ആകര്‍ഷണീയമായ ആരാധനാലയങ്ങള്‍, മരുഭൂമിയുടെ തനതുസൌന്ദര്യം തുടങ്ങിയ ഘടകങ്ങള്‍ ഥാര്‍ പ്രദേശത്തിന്റെ വിനോദസഞ്ചാരപ്രാധാന്യം വര്‍ധിപ്പിക്കുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധി വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. രാജസ്ഥാന്‍ ജനതയുടെ വൈവിധ്യമാര്‍ന്ന വസ്ത്രധാരണ - ആഭരണ രീതികളും ജീവിത ശൈലിയുമെല്ലാം വിനോദസഞ്ചാരികളില്‍ കൌതുകം ജനിപ്പിക്കുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍