This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്യൂച്യെഫ്, ഫ്യോദര്‍ ഇവാനോവിച് (1803 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്യൂച്യെഫ്, ഫ്യോദര്‍ ഇവാനോവിച് (1803 - 73)

Tyutchev,Fyodor Ivanovich

റഷ്യന്‍ കവി. 1803 ഡി. 5-ന് ഒറേല്‍ എന്ന സ്ഥലത്തു ജനിച്ചു. മോസ്കോ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇരുപത്തിനാലു വര്‍ഷക്കാലം ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നയതന്ത്രവിദഗ്ധനായി ജോലി നോക്കി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ത്യൂച്യെഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റഷ്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ജോലിയില്‍ പ്രവേശിച്ചു.

1854, 1868 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു. അഭിജാതനായ ത്യൂച്യെഫ് സാഹിത്യത്തിലുള്ള തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ വൈമുഖ്യം കാട്ടിയതുമൂലം അവഗണിക്കപ്പെട്ടു. എന്നാല്‍ 20-ാം ശ.-ത്തിന്റെ തുടക്കത്തോടെ ഇദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിയപ്പെടുകയും ശ്രേഷ്ഠരായ ഭാവഗായകരിലൊരാളായി നിരൂപകര്‍ ഇദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തു. ആധ്യാത്മികചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ഇദ്ദേഹത്തിന്റെ കവിതകളില്‍ ദുരന്തസൂചനകളും കടുത്ത മ്ലാനതയും നിഴലിച്ചിരുന്നു. വിഭിന്ന സ്വഭാവക്കാരായ ഏകാന്തപഥികരും അജ്ഞരും നിറഞ്ഞ, അടിസ്ഥാനപരമായ അവ്യവസ്ഥ നിലനില്ക്കുന്ന, ഈ ലോകം ഭയാനകവും എന്നാല്‍ ആകര്‍ഷകവുമായി കവിക്ക് അനുഭവപ്പെടുന്നു. ഒട്ടേറെ പ്രണയഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. റാസിന്‍, ഗെയ്ഥേ, ഹെയ് ന്‍ എന്നിവരുടെ കവിതകള്‍ ഇദ്ദേഹം റഷ്യനിലേക്കു വിവര്‍ത്തനം ചെയ്തു. റഷ്യന്‍ പ്രതീകവാദികളുടെ കവിതകളെ വളരെയേറെ സ്വാധീനിക്കാന്‍ ത്യൂച്യെഫിനു കഴിഞ്ഞു. 1873 ജൂല. 27-ന് മോസ്കോയില്‍ ത്യൂച്യെഫ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍