This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുഗു സിനിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:51, 5 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തെലുഗു സിനിമ

തെലുഗുഭാഷയില്‍ നിര്‍മിക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍. ഒന്നാമത്തെ തെലുഗു ചിത്രം ഭക്തപ്രഹ്ളാദയാണ്. നാഗേശ്വരറാവു, അഞ്ജലിദേവി, ഷൗക്കര്‍ ജാനകി, എന്‍.ടി.രാമറാവു, രാജ്കുമാര്‍ തുടങ്ങിയവര്‍ പ്രസിദ്ധ തെലുഗു താരങ്ങളാണ്. സിനിമാ താരമായിരുന്ന എന്‍.ടി. രാമറാവു മുഖ്യമന്ത്രി പദത്തിലെത്തി. തെലുങ്കരുടെ സിനിമയിലെ ദൈവമായിരുന്നു എന്‍.ടി. രാമറാവു. ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തവിധം സിനിമയോട് കമ്പമുണ്ട് തെലുങ്കര്‍ക്ക്. പല വര്‍ഷങ്ങളിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് തെലുഗുവിലാണ്. ദേവത, ഗുണസുന്ദരി, പരദേശി, കനകതാര, സ്വര്‍ഗസീമ, ഗൊല്ലഭാമ, വന്ദേമാതരം തുടങ്ങിയ ആദ്യകാല ചിത്രങ്ങള്‍ തെന്നിന്ത്യയിലാകെത്തന്നെ കോളിളക്കം സൃഷ്ടിച്ചു. Image:NAGESWARA RAO.png ആദ്യകാലത്തെ, പുരാണ ഇതിഹാസങ്ങളെ അധികരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ക്കുപകരം പാശ്ചാത്യ സിനിമയോടു സാമ്യമുള്ള സിനിമകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. വലിയ മുതല്‍മുടക്കില്‍ നിര്‍മിക്കപ്പെടുന്നവയാണ് തെലുഗു സിനിമകളിലധികവും. എങ്കിലും കുറഞ്ഞ ചെലവില്‍ നിര്‍മിക്കപ്പെട്ട സമാന്തര സിനിമകള്‍ ചിലതെങ്കിലും പുറത്തുവരുന്നുണ്ട്.

ദസരി നാരായണറാവുവിന്റെ ബംഗരു കുടുംബം (1994) എടുത്തുപറയേണ്ട ചിത്രമാണ്. എ. നാഗേശ്വരറാവുവും ജയസുധയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം സാമ്പത്തിക വിജയത്തിലും മുന്നില്‍ നില്ക്കുകയുണ്ടായി. തെലുഗുവിലെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണ് ബി. നരസിംഹറാവു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ദേശീയവും പ്രാദേശികവും ആയ ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയുണ്ടായി. രംഗകല (1983), ദ് സിറ്റി (1987), മാ ഊര് (1988), ദാസി (1989), മതി മാനുഷലു (1990) എന്നിവയാണ് ഈ സംവിധായകന്റെ ചിത്രങ്ങള്‍. ദാസി ദേശീയതലത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ഏറ്റവും മികച്ച പ്രാദേശിക ചിത്രം, മികച്ച നടി, ഛായാഗ്രഹണം, കലാസംവിധാനം, വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള അഞ്ച് ദേശീയ അവാര്‍ഡുകള്‍ അതു നേടുകയുണ്ടായി. ഒട്ടേറെ അന്തര്‍ദേശീയ മേളകളിലേക്കും ദാസി തിരഞ്ഞെടുക്കപ്പെട്ടു.

കച്ചവടം മാത്രം കണ്ണില്‍ കണ്ടിരുന്ന തെലുഗു സിനിമയെ കലാമൂല്യമുള്ളതാക്കിത്തീര്‍ക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് ഗവണ്മെന്റ് ആദ്യമായി ലക്ഷ്യമിട്ടത്. ഇത്തരം ചിത്രങ്ങള്‍ക്ക് സബ്സിഡി നല്കിയും വിനോദ നികുതി കുറച്ചും നല്ല സിനിമയുടെ രക്ഷയ്ക്ക് ഗവണ്മെന്റ് തയ്യാറായി. ഈ അനുകൂല സാഹചര്യത്തില്‍ കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചില ചിത്രങ്ങള്‍ പുറത്തുവരികയുണ്ടായി. ക്രാന്തികുമാര്‍ സംവിധാനം ചെയ്ത സീതാരാമ യാഗരി മാനവരലു (1991) കുറഞ്ഞ ചെലവില്‍ നിര്‍മിക്കപ്പെട്ട ചിത്രമായിരുന്നിട്ടും നൂറു ദിവസത്തിലേറെ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. എ. നാഗേശ്വര റാവുവാണ് ഇതില്‍ പ്രധാനഭാഗം അഭിനയിച്ചത്. ഈ ചിത്രം നാഗേശ്വര റാവുവിനും ക്രാന്തികുമാറിനും മീനയ്ക്കും അവാര്‍ഡുകള്‍ നേടിക്കൊടുക്കുകയും ചെയ്തു. 1992-ലെ ഇന്ത്യന്‍ പനോരമയില്‍ ഈ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. യേര മന്ഥര (1991) മറ്റൊരു ശ്രദ്ധേയ ചിത്രമാണ്. പ്രമേയത്തിലും അവതരണത്തിലും തനിമ പുലര്‍ത്തിയ ചിത്രമാണ് ബാപ്പുവിന്റെ പെല്ലിപുസ്തക (1991).

ആദ്യകാലത്തുതന്നെ കേരളത്തില്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു മിസ്സിയമ്മ. കേരളത്തിലാകമാനം കോളിളക്കം സൃഷ്ടിച്ച ശങ്കരാഭരണം പോലെയുള്ള ചിത്രങ്ങള്‍ വിരളമായാണ് തെലുഗുവില്‍ പിറവിയെടുക്കുന്നത്.

ഇംഗ്ളീഷില്‍ ചിത്രങ്ങളെടുത്ത് ശ്രദ്ധേയനായ നാഗേഷ് കുക്കനൂര്‍ ഹൈദരാബാദ് ബ്ളൂസ്, റോക്ക് ഫോര്‍ഡ്, ബോളിവുഡ് കോളിങ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഇവയില്‍ പലതും നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റി.

കെ.എന്‍.ടി. ശാസ്ത്രിയുടെ തിലദാനം എന്ന ചിത്രം ആധുനിക കാലത്ത് തെലുഗുവിലുണ്ടായ ശ്രദ്ധേയമായ ചിത്രമാണ്. അഗ്രഹാരങ്ങളില്‍ വീര്‍പ്പുമുട്ടി പിടയുന്ന മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങളെ ഒപ്പിയെടുക്കാന്‍ ശ്രമിച്ച ഈ ചിത്രം പല ചലച്ചിത്രോത്സവങ്ങളിലും ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

ആന്ധ്രയിലെ ചലച്ചിത്രലോകം ഇന്ത്യന്‍ സിനിമയ്ക്കു സമ്മാനിച്ച ഒരു വിസ്മയ ലോകമാണ് ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റി.

(എം.എഫ്. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍