This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താഴ്വര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:56, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താഴ്വര

Valley

കാശ്മീര്‍ താഴ്വര

ഭൗമോപരിതലത്തില്‍ കാണപ്പെടുന്ന നൈസര്‍ഗിക തടം. നിയ താര്‍ഥത്തില്‍ കുന്നുകള്‍ക്കും ഉന്നതതടങ്ങള്‍ക്കും മധ്യേ ഉപസ്ഥിതമായിരിക്കുന്ന നിമ്ന തടമോ, താഴ്ന്ന പ്രദേശമോ ആണ് താഴ്വര. മിക്ക താഴ്വരകളുടേയും അടിത്തട്ടില്‍ക്കൂടി നീര്‍ച്ചാലുകളോ തോടുകളോ നദികളോ പ്രവഹിക്കുക സാധാരണമാണ്. മലനിരകള്‍, കുന്നുകള്‍, പീഠഭൂമികള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുദ്ഭവിച്ച് താഴേക്കൊഴുകുന്ന നദികളുടേയും നീര്‍ച്ചാലുകളുടേയും അപരദന ഫലമായാണ് പൊതുവേ താഴ്വരകള്‍ രൂപംകൊള്ളുന്നത്. ഒന്നോ അതിലധികമോ നദികളോ നദീശൃംഖലകളോ ജലം പ്രദാനം ചെയ്യുന്ന വിസ്തൃതങ്ങളായ താഴ്വരകളും ഭൂമുഖത്തുണ്ട്.

യു.എസ്സിലെ ഗ്രാന്‍ഡ് കാന്യന്‍

വിവിധയിനം താഴ്വരകള്‍ പ്രകൃതിയില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇടുങ്ങിയ താഴ്വരകള്‍ ഹോളോ, ഗ്ളെന്‍, ഡേല്‍, ഡെല്‍ തുടങ്ങിയ വ്യത്യസ്ത സംജ്ഞകളില്‍ അറിയപ്പെടുന്നു. നീര്‍ച്ചാലുകളുടെ അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ആദ്യഘട്ട താഴ്വരകളാണ് ഗള്ളികള്‍ അഥവാ റാവിനുകള്‍. ആഴമേറിയതും ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്വരകളും ഭൂമുഖത്ത് കാണാം. ഭൂമുഖത്തെ വിശാല താഴ്വരകളില്‍ ഭൂരിഭാഗവും വളക്കൂറുള്ള സമതലപ്രദേശങ്ങള്‍ കൂടിയാണ്.

പൊതുവേ എല്ലാ താഴ്വരകളുടേയും ഘടന സമാനമാണ്. താഴ്വരകളുടെ അടിത്തട്ടിനെ താഴ്വരാതലം (valley floor) എന്നു പറയുന്നു. നദികളുടെ പ്രവാഹദിശയ്ക്കനുസൃതമായിരിക്കും താഴ്വരാതലത്തിന്റെ ചായ്മാനം. പര്‍വത പ്രദേശങ്ങളില്‍ താഴ്വരാതലങ്ങള്‍ പൊതുവേ ഇടുങ്ങിയതായിരിക്കുമ്പോള്‍ സമതലപ്രദേശങ്ങളില്‍ ഇവ കിലോമീറ്ററുകളോളം വിസ്തൃതിയില്‍ വ്യാപിച്ചിരിക്കും. താഴ്വരയുടെ പാര്‍ശ്വങ്ങളെ താഴ്വര ഭിത്തികള്‍ അഥവാ താഴ്വരച്ചരിവുകള്‍ (valley walls or valley slopes) എന്നും അടുത്തടുത്ത താഴ്വര ഭിത്തികള്‍ സംയോജിക്കുന്ന ഭൂഭാഗത്തെ വിഭാജകം (divide) എന്നും പറയുന്നു.


ഭൌമോപരിതലത്തിലെ അപരദന പ്രക്രിയകളും ശിലകളുടെ അപക്ഷയവുമാണ് താഴ്വരകളുടെ രൂപീകരണത്തിനു നിദാനമാ കുന്ന മുഖ്യ ഘടകങ്ങള്‍. താഴ്വരകളുടെ ആകൃതി നിര്‍ണയിക്കു ന്നതിലും ഇവ മുഖ്യ പങ്കുവഹിക്കുന്നു.


പൊതുവേ ആകൃതിയുടെ അടിസ്ഥാനത്തിലാണ് താഴ്വരകളെ തരംതിരിക്കുന്നത്. അഗാധവും ചെങ്കുത്തായ ചരിവുകളോടു കൂടിയതുമായ ഇടുങ്ങിയ താഴ്വരകള്‍ ഗിരികന്ദരം അഥവാ കാന്യന്‍ (canyon) എന്നറിയപ്പെടുന്നു. യു.എസ്സിലെ ആരിസോണയിലുള്ള ഗ്രാന്‍ഡ് കാന്യന്‍ (Grand Canyon) ഇത്തരം താഴ്വരയ്ക്ക് ഉത്തമോദാഹരണമാണ്. ഭൂപാളികളുടെ സ്ഥാനചലനം മൂലം ഒരു ഭൂഭാഗം സമീപപ്രദേശത്തെ അപേക്ഷിച്ച് താഴ്ന്നുപോകുന്നതിന്റെ ഫലമായും താഴ്വരകള്‍ രൂപംകൊള്ളാം. ഇവ ഭ്രംശതാഴ്വരകള്‍ എന്നറിയപ്പെടുന്നു. ഗലീലികടല്‍ മുതല്‍ തെ.കി. ആഫ്രിക്കവരെ വ്യാപിച്ചിരിക്കുന്ന വമ്പന്‍ ഭ്രംശതാഴ്വരയ്ക്ക് ഏകദേശം 6,400 കി.മീ. നീളമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഭൂചലനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന ഇടുങ്ങിയതും ദൈര്‍ഘ്യമേറിയതുമായ മറ്റൊരുതരം താഴ്വരയാണ് 'ഘടനാടിസ്ഥിത താഴ്വര' (Structural valley).


നദികളുടെ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനഫലമായും താഴ്വരകള്‍ രൂപംകൊള്ളാറുണ്ട്. ഇവയെ പൊതുവേ നദീതാഴ്വരകള്‍ എന്നു വിളിക്കുന്നു: (നോ. അപരദനം, നദി). അപവാഹങ്ങളുടെ ഫലമായുണ്ടാകുന്ന താഴ്വരകള്‍ ചിലപ്പോള്‍ ഹിമാനികളുടെ അപരദന പ്രക്രിയയ്ക്കു വിധേയമാകാം. താഴ്വരകളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത്തരത്തില്‍ രൂപപ്പെടുന്ന താഴ്വരകളാണ് ഹീമാനികൃത താഴ്വരകള്‍ (Glacial valleys). അഴിമുഖത്തിനോടടുത്ത് സമുദ്രജലത്താല്‍ മൂടപ്പെട്ടു കാണുന്ന താഴ്വരകളെ നിമജ്ഞതാഴ്വരകള്‍ (Drowned valleys) എന്നു പറയുന്നു. വന്‍കരാ തിട്ടിലോ, ചരിവിലോ, സമുദ്രാന്തര്‍ഭാഗത്തോ കാണപ്പെടുന്ന താഴ്വരകളാണ് സമുദ്രാന്തര താഴ്വരകള്‍. നദീതാഴ്വരകള്‍ ഭാഗികമായി കടലില്‍ മുങ്ങുന്നതു മൂലമോ സമുദ്രാന്തര അപരദനം മൂലമോ ആണ് സമുദ്രാന്തര താഴ്വരകള്‍ രൂപംകൊള്ളുന്നത്. സമതലപ്രദേശത്തെ മുഖ്യ നദീതാഴ്വരയില്‍ താരതമ്യേന ഉയരം കൂടിയ പോഷക നദീതാഴ്വരകള്‍ സംഗമിക്കുന്നതിന്റെ ഫലമായും താഴ്വരകള്‍ രൂപംകൊള്ളാം. ഇവയെ തൂക്കു താഴ്വരകള്‍ (Hanging valleys) എന്നു വിളിക്കുന്നു. കടലിന്റെ പെട്ടെന്നുള്ള പിന്‍വാങ്ങല്‍ പ്രക്രിയമൂലവും തൂക്കു താഴ്വരകള്‍ രൂപംകൊള്ളാറുണ്ട്.


അപരദന പ്രക്രിയയുടെ ഫലമായുണ്ടാകുന്ന താഴ്വരകള്‍ വലുപ്പത്തിലും ആകൃതിയിലും പ്രായത്തിലും വ്യത്യസ്തമായിരി ക്കും. നീരൊഴുക്കാണ് ഇത്തരം താഴ്വരകളുടെ ആകൃതി നിര്‍ണ യിക്കുന്ന പ്രധാന ഘടകം. താഴ്വരകളുടെ നീളം വര്‍ധിക്കുന്നതോടൊപ്പം നദിയുടെ നീര്‍വാര്‍ച്ചാ പ്രദേശത്തിന്റെ വിസ്തൃതിയും ഗണ്യമായി വര്‍ധിക്കുന്നു. തത്ഫലമായി ജലപ്രവാഹത്തിന്റെ വ്യാപ്തിയും വേഗതയും കൂടുകയും കാലക്രമേണ ജലപ്രവാഹം നദീതലത്തെ കാര്‍ന്നെടുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം ആഴം കൂടുന്ന താഴ്വരകളുടെ അടിത്തട്ട് പലപ്പോഴും ഭൂഗര്‍ഭജലവിതാനം വരെ എത്തിച്ചേരാറുണ്ട്. എല്ലാ താഴ്വരകള്‍ക്കും പൊതുവേ യൗവനാവസ്ഥ, പ്രൗഢാവസ്ഥ, വാര്‍ധക്യാവസ്ഥ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. യൗവനാവസ്ഥയിലുള്ള താഴ്വരകള്‍ക്ക് പൊതുവേ വീതി കുറവായിരിക്കുമ്പോള്‍ പ്രൗഢാവസ്ഥ പ്രാപിച്ച താഴ്വരകളുടെ വീതി കൃത്യമായ അതിരുകളാല്‍ നിര്‍ണയിക്കപ്പെട്ടിരിക്കും. ജലപാതങ്ങളും റാപിഡുകളുമാണ് യൗവനാവസ്ഥയിലുള്ള താഴ്വരകളുടെ മുഖ്യ സവിശേഷത. എന്നാല്‍ പ്രൗഢാവസ്ഥ പ്രാപിച്ച താഴ്വരകളില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമേ ജലപാതങ്ങള്‍ ഉണ്ടാകാറുള്ളൂ. സാധാരണഗതിയില്‍ എല്ലാ താഴ്വരകളും പ്രൗഢാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. വര്‍ധിച്ച വീതിയും താഴ്ന്ന അതിരുകളുമാണ് വാര്‍ധക്യാവസ്ഥയിലുള്ള താഴ്വരകളുടെ പ്രത്യേകതകള്‍. നോ: അപരദനം, നദി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍