This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയബുള്ള, എം. (1894 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തയബുള്ള, എം. (1894 - 1967)

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി. 1894-ല്‍ ഗൌഹട്ടിയില്‍ ജനിച്ചു. ഒരു യാഥാസ്ഥിതിക സുന്നി മുസ്ലീം കുടുംബത്തിലാണു ജനിച്ചതെങ്കിലും, സങ്കുചിതമായ ജാതിമത ചിന്തകള്‍ക്ക് അതീതമായ ഒരു വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. 1914-ല്‍ ബി.എസ്സി. ഓണേഴ്സ് ബിരുദം നേടിയ തയബുള്ള തുടര്‍ന്ന് കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നും നിയമബിരുദവും സമ്പാദിച്ചു.

1921-ല്‍ ഗാന്ധിജിയെ കണ്ടുമുട്ടിയത് തയബുള്ളയുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീര്‍ന്നു. ഗാന്ധിജിയുടെ ദര്‍ശനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു കൊണ്ട് സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയായി. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കുറച്ചുകാലം ഇദ്ദേഹത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. തടവില്‍ നിന്നും മോചിതനായതിനുശേഷം രണ്ട് വര്‍ഷക്കാലം ദില്ലിയിലെ ജാമിയ മിലിയ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. അസം കോണ്‍ഗ്രസ്സിലെ സജീവപ്രവര്‍ത്തകനായ തയബുള്ള 1940-ല്‍ അസം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. ബ്രിട്ടിഷുകാരുടെ സാമ്രാജ്യ ഭരണത്തെ എതിര്‍ത്ത ഇദ്ദേഹം പൂര്‍ണ സ്വരാജിനു വേണ്ടിയാണു നിലകൊണ്ടത്.

മോത്തിലാല്‍ നെഹ്റു ആധ്യക്ഷ്യം വഹിച്ച കല്‍ക്കത്താ കോണ്‍ഗ്രസ് സമ്മേളനത്തില്‍ തയബുള്ള അവതരിപ്പിച്ച രണ്ടു പ്രമേയങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പാശ്ചാത്യ സാമ്രാജ്യശക്തിക്ക് എതിരായി പോരാടുന്ന തുര്‍ക്കി, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയം സ്വാതന്ത്ര്യം എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന തത്ത്വത്തിന് അടിവരയിട്ടു. രണ്ടാമത്തെ പ്രമേയം സ്വതന്ത്ര രാഷ്ട്രമായി നിലവില്‍ വന്ന ചൈനയെ അനുമോദിച്ചുകൊണ്ടുള്ളതായിരുന്നു.

മുഹമ്മദ് അലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന തയബുള്ള നിശിതമായി വിമര്‍ശിച്ചു. സ്വാതന്ത്ര്യാനന്തരം അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1948-50 കാലയളവില്‍ ബര്‍ദലോയ് (Bardaloi) ക്യാബിനറ്റില്‍ അംഗമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ബര്‍ദലോയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 1950-ല്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. മൂല്യാധിഷ്ഠിത രാഷ്ട്രീയം ജീവിതചര്യയാക്കി മാറ്റിയ ഒരു വ്യക്തിയായിരുന്നു തയബുള്ള.

1952-ലും 1958-ലും ഇദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1967-ല്‍ തയബുള്ള അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍