This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തമ്പുരാട്ടി, മനോരമ (1760 - 1828)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തമ്പുരാട്ടി, മനോരമ (1760 - 1828)
സംസ്കൃത പണ്ഡിത. വ്യാകരണം, സാഹിത്യം എന്നീ വിഷയങ്ങളില്‍ വൈദുഷ്യം നേടിയിരുന്നു. ആരൂര്‍ അടിതിരി, തൃക്കണ്ടിയൂര്‍ ഗോവിന്ദപ്പിഷാരടി തുടങ്ങിയ പ്രശസ്തരായ ഗ്രന്ഥകര്‍ത്താക്കള്‍ തമ്പുരാട്ടിയുടെ ശിഷ്യഗണത്തില്‍പ്പെടുന്നു. ആ ശിഷ്യപരമ്പരയില്‍ പെട്ടവരാണ് കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യന്‍ പാച്ചുമുത്തതും അദ്ദേഹത്തിന്റെ ശിഷ്യന്‍ കേരളവര്‍മ വലിയകോയിത്തമ്പുരാനും മറ്റും.
കോഴിക്കോട് സാമൂതിരി രാജവംശത്തിലുള്‍പ്പെട്ടിരുന്ന കിഴക്കേ കോവിലകം ശാഖയില്‍ 1760 മകരമാസത്തില്‍ ചോതി നക്ഷത്ര ത്തില്‍ ജനിച്ചു. ദേശമംഗലത്തു വാരിയര്‍മാരായിരുന്നു ഈ കുടുംബത്തിലെ ഗുരുക്കന്മാര്‍. ഉഴുത്തിരവാരിയരായിരുന്നു തമ്പുരാട്ടിയെ സംസ്കൃതം പഠിപ്പിച്ചത്. ഹൈദരാലിയുടെ ആക്രമണത്തെത്തുടര്‍ന്ന് തമ്പുരാട്ടിയുടെ കുടുംബം പൊന്നാനിയിലേക്ക് താമസം മാറ്റി. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ത്തന്നെ തമ്പുരാട്ടി സിദ്ധാന്ത കൗമുദിയുടെ പ്രൗഢ വ്യാഖ്യാനമായ പ്രൗഢമനോരമയില്‍ പ്രാവീണ്യം നേടിയിരുന്നതായി പ്രസ്താവമുണ്ട്. ബെയ്പൂര്‍ രാമവര്‍മത്തമ്പുരാനായിരുന്നു ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു പുത്രിയുണ്ടായി. അല്പകാലത്തിനുശേഷം രാമവര്‍മത്തമ്പുരാന്‍ നിര്യാതനായി. പിന്നീട് തമ്പുരാട്ടിയെ പാക്കത്തു ഭട്ടതിരി വിവാഹം ചെയ്തു. ഇവര്‍ക്ക് മൂന്നു പുത്രന്മാരും രണ്ടു പുത്രിമാരുമുണ്ടായി. ഇവരില്‍ ഒരു പുത്രന്‍ പില്ക്കാലത്ത് കോഴിക്കോടു സാമൂതിരിപ്പാടാകുകയും മുടങ്ങിക്കിടന്ന പട്ടത്താനം പുനരാരംഭിച്ചതിലൂടെ പ്രസിദ്ധി നേടുകയും ചെയ്തു.
കോഴിക്കോടു സാമൂതിരി രാജാവായ മാനവിക്രമന്റെ പ്രശസ് തിപരമായ മാനവിക്രമീയം എന്ന കൃതിയില്‍ ഈ വംശത്തിലെ ഒരു മഹദ്വ്യക്തിയായി ബുദ്ധിശക്തിയാലും രൂപസൌഭാഗ്യത്താ ലും ആകര്‍ഷക വ്യക്തിത്വം പുലര്‍ത്തിയിരുന്ന മനോരമത്തമ്പുരാ ട്ടിയെ പ്രകീര്‍ത്തിക്കുന്നുണ്ട്.
'തദീയവംശേജാതാസീത്
കാപികന്യാ മനോഹരാ
വിദ്യാദിഗുണസമ്പന്നാ
ഹൃദ്യാസ്യജിതചന്ദ്രമാ
മനോരമാ യാ മതിമാത്രനൈപുണാ-
ന്മനോരമത്വാന്നു നിജസ്യ വര്‍ഷ്മണഃ
മനോജലീലാരസലോലമാനസാ
മനോരമേതി പ്രഥിതാ ബഭൂവ സാ'
ഈ ശ്ലോകങ്ങള്‍ മാനവിക്രമീയത്തില്‍ ഉള്ളവയാണ്.
തമ്പുരാട്ടിയുടെ രണ്ടാമത്തെ ഭര്‍ത്താവ് വേദജ്ഞനായിരുന്നെങ്കിലും ഭാഷാ സാഹിത്യപഠനത്തില്‍ അത്രതന്നെ തത്പരനല്ലായിരുന്നു. നല്ലൊരു വിദുഷിയായ തമ്പുരാട്ടി കൃതികളൊന്നും പ്രസിദ്ധീകരിക്കാതിരുന്നത് ഉചിതമായ പ്രോത്സാഹനം ലഭിക്കാഞ്ഞ തിനാലാകാമെന്നു കരുതേണ്ടിയിരിക്കുന്നു. സംസ്കൃത വ്യാകരണവും കാവ്യങ്ങളും പഠിപ്പിക്കുന്നതിലായിരുന്നു തമ്പുരാട്ടിക്കു താത്പര്യം. രഘുവംശവും അതിന്റെ അണ്ണാമല വ്യാഖ്യാനവും നിത്യവും നിരൂപണം ചെയ്തു പഠിപ്പിക്കുന്നതില്‍ തമ്പുരാട്ടി നിഷ്ഠ പുലര്‍ത്തിയിരുന്നു. പ്രൗഢമനോരമ പഠിപ്പിക്കുന്നതില്‍ തമ്പുരാട്ടി പ്രദര്‍ശിപ്പിച്ച വിശേഷ വൈദുഷ്യം പണ്ഡിതലോകത്ത് പ്രസിദ്ധമായിരുന്നു. സംസ്കൃതവ്യാകരണത്തില്‍ വ്യുത്പത്തി ഇല്ലാതിരുന്ന ഭട്ടതിരിയെ വിവാഹം ചെയ്യുന്നതിനെപ്പറ്റി തമ്പുരാട്ടിയോടഭിപ്രായം ചോദിച്ചപ്പോള്‍ ഹാസ്യരീതിയില്‍ തമ്പുരാട്ടി രചിച്ച ഈ പദ്യം പ്രസിദ്ധമാണ്-
'യസ്യഷഷ്ഠീ ചതുര്‍ഥീച വിഹസ്യചവിഹായച
അഹം കഥം ദ്വിതീയാ സ്യാദ് ദ്വിതീയാസ്യാമഹം കഥം'.
[യാതൊരുവനാണോ 'വിഹസ്യ'യും 'വിഹായ'യും ഷഷ്ഠീ വിഭക്തിയും ചതുര്‍ഥീ വിഭക്തിയുമായി തോന്നുന്നത്, അതുപോലെ അഹം, കഥം എന്നിവ ദ്വിതീയാ വിഭക്തിയായി തോന്നുന്നത്, അങ്ങനെയൊരാളിന് ഞാന്‍ എങ്ങനെയാണ് ദ്വിതീയ (പത്നി)യായി ഭവിക്കുന്നത് - വിഹസ്യ, വിഹായ ഇവ ല്യബന്ത അവ്യയ രൂപങ്ങളാണ്. അഹം അസ്മച്ഛബ്ദരൂപവും കഥം അവ്യയവുമാണ്.]
കൊ. വ. 964-ല്‍ ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ മറ്റു പല രാജകുടുംബാംഗങ്ങള്‍ക്കുമൊപ്പം തമ്പുരാട്ടിക്കും തിരുവിതാംകൂറില്‍ അഭയം തേടേണ്ടി വന്നു. മധ്യതിരുവിതാംകൂറില്‍ എണ്ണയ്ക്കാട് എന്ന സ്ഥലത്തായിരുന്നു ഒരു വ്യാഴവട്ടക്കാലം തമ്പുരാട്ടി താമസിച്ചത്. ഇക്കാലത്തും ശിഷ്യസമ്പത്തിനു കുറവില്ലായിരുന്നു. ധര്‍മരാജാവ് എന്നു പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവിന് മനോരമത്തമ്പുരാട്ടിയോട് പ്രത്യേക മമതയുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പദ്യത്തിലെഴുതിയ കത്തുകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. തമ്പുരാട്ടിയുടെ രൂപലാവണ്യത്തിലും വൈദുഷ്യത്തിലും താന്‍ അത്യന്തം ആകൃഷ്ടനായിരിക്കുന്നു, താന്‍ അനുതാപവിവശനാണ് എന്നിങ്ങനെ നീണ്ടുപോകുന്ന മഹാരാജാവിന്റെ കത്തിന്, തന്നെ ഭ്രമിപ്പിച്ചു രസിക്കുന്നതിനാണോ, അതോ തന്റെ മറുപടി എന്തായിരിക്കും എന്നറിയുന്നതിനു മാത്രമാണോ അങ്ങയുടെ കത്തിന്റെ ഉദ്ദേശ്യമെന്ന് ആര്‍ക്കും അറിയാന്‍ കഴിയുകയില്ല, അത്രയ്ക്കു മഹാനുഭാവനാണല്ലോ അങ്ങ് - എന്നിങ്ങനെയായിരുന്നു തമ്പുരാട്ടിയുടെ മറുപടി. കത്തിനും മറുകത്തിനും ഒരുദാഹരണം-
കത്ത് -
'ഹേമാംഭോജിനി രാജഹംസനിവഹൈരാസ്വാദ്യമാനാസവേ
ഭൃംഗോഹം നവമഞ്ജരീകൃതപദസ്ത്വാമേവകിഞ്ചിദ് ബ്രുവേ
ചേതോമേ ഭവദീയ പുഷ്പമകരന്ദാസ്വാദനേ സസ്പൃഹം
വാച്യാവാച്യ വിചാരമാര്‍ഗവിമുഖോ ലോകേഷുകാമീ ജനഃ'
മറുപടി-
'ധീമന്‍സദ്ഗുണവാരിധേ തവ മനോവൃത്തിര്‍ മഹാകോവി
ദൈര്‍
ദുര്‍ജ്ഞേയാ സ്വത ഏവ ലോലഹൃദയൈര്‍ നാരീജനൈഃ
കിം പുനഃ
ത്വത് സന്ദേശമിദം കിമര്‍ഥമിതി നോ നിശ്ചിന്മഹേക്രീഡിതും
കിം വാസാമ്പ്രതമസ്മദീയഹൃദയജ്ഞാനായ ഹാസായവാ'.
(കത്ത് - സ്വര്‍ണത്താമര നിറഞ്ഞ താമരപ്പൊയ്കയിലെ രാജഹംസങ്ങളാല്‍ ആസ്വദിക്കപ്പെടാന്‍ യോഗ്യമായ മധുവിനു സമാനയായ അല്ലയോ മഹതീ പുതിയ പൂങ്കുലകളില്‍ തത്തിക്കളിക്കുന്ന ഒരു വണ്ടു മാത്രമായ ഞാന്‍ ഭവതിയോടു പറഞ്ഞുകൊള്ളട്ടയോ- ഭവതിയുടെ സ്വന്തമായ ആ പൂന്തേനാസ്വദിക്കുന്നതില്‍ ആഗ്രഹം നിറഞ്ഞിരിക്കുന്നതാണ് എന്റെ മനസ്സ്. ലോകത്തില്‍ കാമിജനത്തിന് എന്താണു പറയാവുന്നത്, എന്തു പറഞ്ഞുകൂടാ എന്നതിനെപ്പറ്റി നേരായ നിലയില്‍ ചിന്തിക്കുവാന്‍ സാധിക്കുന്നില്ലല്ലോ.
മറുപടി - പ്രജ്ഞാനവാനും സദ്ഗുണങ്ങള്‍ക്കു വിളനിലവുമായ അങ്ങയുടെ മനോഗതി ചിത്തവിശകലനത്തില്‍ സമര്‍ഥരായവര്‍ക്കു പോലും അപ്രാപ്യമത്രേ. സ്വതവേ ലോലഹൃദയരെന്നു കരുതുന്ന സ്ത്രീകള്‍ക്ക് അതു തീര്‍ത്തും അജ്ഞേയമാകുമല്ലോ. അങ്ങയുടെ ഈ സന്ദേശം എന്തുദ്ദേശത്തോടകൂടിയാണ് എന്നു വ്യക്തമല്ല. അങ്ങയുടെ ഒരു നേരമ്പോക്കാകാം, എന്റെ മനോവൃത്തി അറിയാനുദ്ദേശിച്ചാകാം, അഥവാ എന്നെ പരിഹസിക്കാനാകാം. എന്തിനെന്ന് എനിക്ക് ആശങ്കയുണ്ട്.)
കേരളീയ സംസ്കൃതപണ്ഡിതന്മാരില്‍ പ്രശസ്തരായിരുന്ന ആരൂര്‍ അടിതിരി, തൃക്കണ്ടിയൂര്‍ ഗോവിന്ദപ്പിഷാരടി, ചീരക്കുഴി ഭവദാസന്‍ ഭട്ടതിരി, ദേശമംഗലം കൃഷ്ണവാരിയര്‍ എന്നിവര്‍ തമ്പുരാട്ടിയുടെ ശിഷ്യരില്‍ പ്രമുഖരാണ്. ടിപ്പുവിന്റെ ആക്രമണ ഭയം ഒഴിഞ്ഞതോടെ തിരികെ മലബാറിലേക്കു പോയ തമ്പുരാട്ടി കോട്ടയ്ക്കലാണ് ശിഷ്ടജീവിതം നയിച്ചത്. സ്വസ്ഥമായ ജീവിതം പലപ്പോഴും ഇല്ലാതെ വന്നതിനാലാകാം വിദുഷിയായ തമ്പുരാട്ടിക്ക് ഉത്കൃഷ്ട കൃതികള്‍ രചിക്കാന്‍ സന്ദര്‍ഭം ഉണ്ടാകാഞ്ഞത്. എന്നാല്‍ ഓരോരോ സന്ദര്‍ഭങ്ങളില്‍ തമ്പുരാട്ടി എഴുതിയ മുക്തകങ്ങള്‍ കാവ്യഭംഗി നിറഞ്ഞതാണ്. 1828 ഇടവമാസം 11-ാം തീയതി തമ്പുരാട്ടി അന്തരിച്ചു. ശാസ്ത്രവിഷയങ്ങളില്‍ വൈദുഷ്യം നേടിയിരുന്ന കേരളീയ വനിതകളില്‍ അഗ്രഗണ്യയായിരുന്നു തമ്പുരാട്ടി എന്ന് കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഈ പദ്യത്തില്‍ പ്രകീര്‍ത്തിക്കുന്നു-
'വിദ്യാവിദഗ്ധ വനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം
ഹൃദ്യാ മനോരമ നരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സുകവര്‍ന്നിടുന്നു.'